തിരുവനന്തപുരം :നൂറുദിവസമായി വിഴിഞ്ഞത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരത്തെ നിർവീര്യമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുവെന്ന് വിഴിഞ്ഞം സമരസമിതി.
വിഴിഞ്ഞം സമരത്തിനെത്തുന്ന വാഹനങ്ങൾ തടഞ്ഞും വൈദികർക്കും സ്ത്രീകൾക്കും നേരേ കൈയേറ്റം നടത്തിയും കള്ളക്കേസ് എടുത്തും പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചത് സർക്കാരും പോലീസുമാണെന്നു സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര പത്രസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശീയ ജനസമൂഹമായ മത്സ്യത്തൊഴിലാളികളുടെ സമരത്തെ പരാജയപ്പെടുത്താൻ, പരസ്യമായി ജാതി,മത, വർഗീയ,രാഷ്ട്രീയ സംഘടനകളെ ഇളക്കിവിട്ട് എതിർസമരം നടത്താൻ പ്രോത്സാഹനം നല്‍കിയത് സർക്കാരും ചില സ്ഥാപിത താത്പര്യക്കാരുമാണ്. ഇത്തരത്തിൽ എതിർസമരം ചെയ്തവരിൽ ഒരു മത്സ്യത്തൊഴിലാളിയെങ്കിലുമുണ്ടോ എന്നും മോണ്‍.യൂജിൻ എച്ച്.പെരേര ചോദിച്ചു.
വിദേശശക്തികളുടെ പ്രേരണയോടെയും സാമ്പത്തിക സഹായത്തോടെയുമാണ് സമരം നടത്തുന്നതെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണ്. വിദേശത്തുനിന്നും സംഭാവനകൾ സ്വീകരിക്കാൻ കർശനമായ നിബന്ധനയാണ് രാജ്യത്തുള്ളത്. സമരത്തിനായി ഏതെങ്കിലും സംഘടനകൾ തുക പറ്റിയിട്ടുണ്ടെങ്കിൽ അതന്വേഷിച്ച് വെളിപ്പെടുത്താൻ അധികൃതർ തയാറാവണം.
മത്സ്യത്തൊഴിലാളികൾ സമരത്തിനു മുന്നോട്ടുവച്ച ഏഴിന ആവശ്യങ്ങളിൽ ആറെണ്ണവും അംഗീകരിച്ചെന്ന അധികാരികളുടെ പ്രസ്താവന പൊതുജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കാനും സമരത്തിന്റെ വീര്യം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
ഏഴ് ആവശ്യങ്ങളിൽ ഒന്നുപോലും പരിഹരിച്ചില്ലെന്നതാണ് വസ്തുത. കടലിൽ നിർമിക്കുന്ന പുലിമുട്ടു കാരണം സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപെട്ട കുടുംബങ്ങളെ തത്തുല്യമായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തിൽ പുനർഗേഹം പദ്ധതിയിൽപ്പെടുത്തി ഫ്ളാറ്റുകളിൽ പാർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കടലെടുത്തു വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി പാർപ്പിക്കാൻ 5500 രൂപ നല്‍കാമെന്നാണ് പറയുന്നത്. ഈ തുക കൊണ്ട് തിരുവനന്തപുരം പട്ടണത്തിന്റെ സമീപപ്രദേശങ്ങളിൽ വീടുകൾ ലഭ്യമാകില്ലെന്നത് യാഥാർഥ്യമാണ്.
കൂടാതെ മുതലപ്പൊഴിയിൽ നിർമിച്ചതും വിഴിഞ്ഞത്ത് നിർമിച്ചുകൊണ്ടിരിക്കുന്നതുമായ ഹാർബറുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആഘാതങ്ങൾ പഠിക്കുന്നതിന് കടലറിവും നാട്ടറിവുമുള്ള മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്താമെന്ന് പല ചർച്ചകളിലും മന്ത്രിമാർ അറിയിച്ചിരുന്നെങ്കിലും ഒടുവിൽ ഉൾപ്പെടുത്താതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും മോണ്‍. യൂജിൻ എച്ച്. പെരേര വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group