ഭക്ഷ്യവസ്തുക്കളില്‍ മായം ചേർക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു കഴിയണം : പ്രോലൈഫ് അപ്പോസ്തലേറ്റ്

മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. കേരളത്തില്‍ ഉടനീളം വേരൂന്നിയ പ്രമുഖ കറിപ്പൊടി ബ്രാന്‍ഡുകളില്‍ അതിമാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന വിവരാവകാശ രേഖ ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന പശ്ചാത്തലത്തിലാണ് പ്രോലൈഫ് അപ്പോസ്തലേറ്റിന്റെ പ്രതികരണം.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണി. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടർ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് മനുഷ്യജീവനെതിരെ മാരകമായ വിപത്തുകള്‍ സൃഷ്ടിക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നത് കണ്ടെത്തുവാനോ കര്‍ശനമായി ശിക്ഷിക്കാനോ വേണ്ട സംവിധാനങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കുന്നു. ഫുഡ് സേഫ്റ്റി കൗണ്‍സില്‍, ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പുകള്‍, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളും ഏജന്‍സികളും ഏകോപനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഇത്തരം സാമൂഹ്യ തിന്മകളെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞേക്കും.

പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും കോര്‍പ്പറേഷനും ഉദ്യോഗസ്ഥരോടൊപ്പം ജാഗ്രതാ സമിതികളുടെ സേവനവും വിവരശേഖരണത്തിനു പ്രയോജനപ്പെടുത്തണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group