കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി എസ് സി ക്കു വിടുമെന്നുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന നിരുത്തവാദിത്വവും അപക്വവുമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് പ്രതികരിച്ചു.
കേരളത്തിന്റെ പൊതു-ഉന്നത വിദ്യാഭ്യാസ മേഖലകളിൽ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് വിലമതിക്കുന്നതിനു പകരം, അവമതിക്കുന്നത് ഉത്തരവാദിത്വപ്പെട്ട ചുമതലകൾ വഹിക്കുന്നവർക്ക് ഭൂഷണമല്ല.
എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ സർക്കാരിന്റെ ഔദാര്യമായിട്ടല്ല ലഭിച്ചത്. ഒരു വിമോചനസമരവും ഇതിനായി കേരളത്തിൽ നടന്നിട്ടുമില്ല. എപ്പോഴും വിമോചനസമരത്തിന്റെ പശ്ചാത്തലം ഉദ്ധരിക്കുന്നത് നിർഭാഗ്യകരമാണ്. ഇപ്പോഴുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ മാറ്റിയെടുക്കുവാൻ ബോധപൂർവ്വമായ ഗൂഢലക്ഷ്യത്തോടെ ഈ പ്രസ്താവന നടത്തിയതായിട്ടു മാത്രമേ കാണുവാൻ സാധിക്കുകയുള്ളു.
എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ സുതാര്യത ഇല്ലാത്ത സ്ഥാപനങ്ങളെ നിയമപരമായി കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഭരണകൂടം ഈ വിധത്തിൽ പ്രസ്താവനകൾ നടത്തുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൂടുതൽ വ്യക്തമാക്കണം.
സാമൂഹ്യനീതിയും സുതാര്യതയും യോഗ്യതാ പരിഗണനയും മാനദണ്ഡമാക്കിയുള്ള എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ക്രമക്കേടുകൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനെ കെസിബിസി സ്വാഗതം ചെയ്യുന്നു. സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ സുതാര്യത നഷ്ടപ്പെടുത്തി, പിൻ വാതിൽ നിയമനത്തിലൂടെയും സ്വാധീനമുള്ളവരും സ്ഥാനം ഉറപ്പിക്കുന്നു എന്ന പരാതി നിലനിൽക്കുമ്പോൾ എയ്ഡഡ് മേഖലയെ അടച്ചാക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണ്.
കോടതി മുഖേന ഇതുമായി ബന്ധപ്പെട്ട അനേകം തിരിച്ചടികൾ ലഭിച്ചിട്ടും സർക്കാർ ഇത്തരത്തിൽ ചിന്തിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മുഴുവനും ദോഷകരമായി ബാധിക്കുന്നതാണ്.
നിയമപരമായും ഭരണഘടനാപരമായും ലഭിച്ച അവകാശങ്ങളെ വെറുമൊരു ഔദാര്യമായി കണക്കാക്കി പ്രതികരിക്കുന്ന സമീപനം രാഷ്ട്രീയ പാർട്ടികൾ പൂർണ്ണമായും നിർത്തണമെന്നും മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group