സ്ലീവ എന്ന പേരിൽ അൽഫോൻസിയൻ ആത്മീയവർഷമായി ഭരണങ്ങാനo തീർത്ഥാടന കേന്ദ്രത്തില്‍ ആഘോഷിക്കും

ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തില്‍ 2024-25 സ്ലീവ എന്ന പേരിൽ അൽഫോൻസിയൻ ആത്മീയവർഷമായി ആഘോഷിക്കും. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തീർത്ഥാടന കേന്ദ്രത്തിൽ 19ന് രാവിലെ ആറിനുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. സമ്മേളനത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും.

ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടർ ജനറൽ റവ. ഡോ. വിൻസന്റ് കദളിക്കാട്ടിൽ പുത്തൻപുര, എഫ്‌സിസി ഭരണങ്ങാനം പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജസി മരിയ ഓലിക്കൽ, അസീസി ആശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാത്ത്, ഡിഎസ്‌ടി സന്യാസിനീസമൂഹം സൂപ്പീരിയർ ജനറൽ സിസ്റ്റർ സലോമി മൂക്കൻതോട്ടം എന്നിവർ പ്രസംഗിക്കും.

ആത്മീയ ഉണർവിൻ്റെ അമ്പതിന പ്രോഗ്രാമുകളാണ് അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റർ വിഭാവനം ചെയ്‌തിരിക്കുന്നത്. ആത്മീയ സാധനയെ സംബന്ധിച്ച ദേശീയ, അന്തർദേശീയ സെമിനാറുകൾ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നടത്തുന്ന അൽഫോൻസാ പഠനശിബിരങ്ങൾ ഉൾപ്പെടെ നിരവധി തലങ്ങളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

അൽഫോൻസിയൻ കൂട്ടായ്‌മ, അൽഫോൻസിയൻ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങൾ, നവീകരണങ്ങൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ശിശുക്കൾക്കും വിദ്യാർത്ഥികൾക്കും സമർപ്പിതർക്കും വൈദികർക്കും വേണ്ടിയുള്ള നവീകരണ പ്രോഗ്രാമുകൾ, അൽഫോൻസിയൻ സാംസ്കാരികവേദി, പാർശ്വവത്കരിക്കപ്പെട്ടവർക്കും സന്നദ്ധപ്രവർത്തകർക്കുംവേണ്ടിയുള്ള ശുശ്രൂഷകൾ, അൽഫോൻസാ ഗാർഡൻ, കൾച്ചറൽ മ്യൂസിയം എന്നിവയും അൽഫോൻസിയൻ ആത്മീയവർഷത്തിന്റെ കർമ്മപരിപാടികളുടെ ഭാഗമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group