കേരള സമൂഹത്തിന്റെ വികസനത്തിന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകൾ നിസ്തുലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷ സമാപന യോഗം കാർമൽഗിരി സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അപവാദങ്ങൾക്കു പകരം സംവാദങ്ങൾ നടത്താനും അജ്ഞതയിൽനിന്നു രൂപപ്പെടുന്ന ഭയത്തെയും വെറുപ്പിനെയും അറിവുകൊണ്ട് അതിജീവിക്കാനും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനം എടുത്തുപറയേണ്ടതാണ്. കേരള നവോത്ഥാനത്തിന്റെതന്നെ നാഴികക്കല്ല് എന്ന് അറിയപ്പെടാൻ കെൽപ്പുള്ളതാണ് ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകൾ. വിശുദ്ധ ചാവറയച്ചനെപ്പോലെയുള്ള സാമൂഹിക പരിഷ്കർത്താക്കളെ അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു.
ഒരു മതവും മറ്റൊരു മതത്തിനു മേലെയോ കീഴെയോ അല്ല. എല്ലാ മതങ്ങൾക്കും ഭരണഘടന പ്രാധാന്യം നൽകുകയും മാനിക്കുകയും ചെയ്യുന്നു. ഏതൊരാൾക്കും അവന്റെ മതവിശ്വാസത്തെ മുറുകെപ്പിടിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. എങ്കിലും അടുത്തകാലങ്ങളിൽ ക്രൈസ്തവസമൂഹം നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളെ ഖേദപൂർവം മുഖ്യമന്ത്രി അനുസ്മരിച്ചു.
കാലം ചെയ്ത ബെനഡിക്ട് പതിനാറാമൻ മാർപാപ്പ വേദപഠനങ്ങളുടെ മികച്ച ഒരു അധ്യാപകനായിരുന്നു എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു.
പൊതുസമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയോടെയാണ് സുവർണ ജൂബിലി സമാപന ചടങ്ങുകൾ ആരംഭിച്ചത്. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദൈവവചനം പങ്കുവച്ചു. ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജോസഫ് കാരിക്കശേരി എന്നിവരും അമ്പതോളം വൈദികരും ദിവ്യബലിയിൽ പങ്കുചേർന്നു.
വൈകുന്നേരം നാലിന് ആരംഭിച്ച പൊതുസമ്മേളനത്തിൽ കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ ബിഷപ് ഡോ. അലക്സ് വടക്കുംതല, പ്രൊ ചാൻസലർ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സെമിനാരി റെക്ടർമാരായ റവ. ഡോ. ചാക്കോ പുത്തൻപുരക്കൽ, റവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group