ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് നേട്ടം ക്രിസ്തുവിന് സമര്‍പ്പിച്ച് ആഞ്ചെല അള്‍വാരെസ്

ഏറ്റവും നല്ല പുതിയ കലാകാരിക്കുള്ള ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് 95ആം വയസ്സിൽ കരസ്ഥമാക്കിയ ആഞ്ചെല അള്‍വാരെസ് തന്റെ നേട്ടം ദൈവത്തിന് സമർപ്പിച്ചു കൊണ്ട് നടത്തിയ വികാരിയാതീതമായ പ്രസംഗം ശ്രദ്ധേയമാകുന്നു.

“ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാണെങ്കിലും, അതിനെ തരണം ചെയ്യുവാന്‍ എപ്പോഴും ഒരു മാര്‍ഗ്ഗം ഉണ്ടായിരിക്കും. ദൈവവിശ്വാസത്തിനും സ്നേഹത്തിനും അത് നേടുവാന്‍ കഴിയും. ഞാന്‍ ഉറപ്പ് തരുന്നു, ഇപ്പോഴും ഒട്ടും വൈകിയിട്ടില്ല” എന്നായിരുന്നു അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ആഞ്ചെല നല്‍കിയ സന്ദേശം.

ആഞ്ചെലയുടെ പേരമകന്‍ കണ്ടെത്തി വെളിച്ചത്ത് കൊണ്ടുവരുന്നത് വരെ ആഞ്ചെല പാടിയ ഗാനങ്ങള്‍ ആരും അറിയാതെ മറഞ്ഞു കിടക്കുകയായിരുന്നു. ക്യൂബയില്‍ ജനിച്ച ആഞ്ചെലക്ക് കുട്ടിക്കാലം മുതലേ സംഗീതത്തോട് വളരെ പ്രിയമായിരുന്നു. എന്നാല്‍ പരസ്യമായ സംഗീത പ്രേമം പിതാവിന് ഇഷ്ടമില്ലാത്തതിനാല്‍ തന്റെ സംഗീത കമ്പം അവര്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഫിദേല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ വിജയവും, ക്രൈസ്തവ വിരുദ്ധ ഏകാധിപത്യവും വിവാഹിതയും 3 കുട്ടികളുടെ മാതാവുമായ ആഞ്ചെലയെ തന്റെ പ്രിയപ്പെട്ട നാടായ ക്യൂബ വിടുവാന്‍ നിര്‍ബന്ധിതയാക്കി. എന്നിരുന്നാലും ജീവിതത്തിലെ ബുദ്ധിമുട്ടുകളൊന്നും അഗാധമായ ദൈവവിശ്വാസമുള്ള ഒരു സ്ത്രീയായി മാറുന്നതില്‍ ആഞ്ചെലക്ക് തടസ്സമായില്ല.

നിരവധി തവണ ആഞ്ചെല തന്റെ ദൈവവിശ്വാസം പരസ്യമാക്കിയിട്ടുണ്ടെന്നു സ്പാനിഷ് വാര്‍ത്താ പത്രമായ എല്‍ മുണ്ടോ പറയുന്നു. “വിശ്വസിക്കുക എന്നതാണ് എന്റെ രഹസ്യം. എന്റെ എല്ലാ പ്രശ്നങ്ങളും ഉത്കണ്ഠകളും ഞാന്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു. ഞാന്‍ എല്ലാം അവന്റെ കൈകളില്‍ ഏല്‍പ്പിച്ചു. അവനാണ് തീരുമാനിക്കുന്നത്. എനിക്ക് വേണ്ടത് അവിടുന്ന് ചെയ്യും. എനിക്ക് വേണ്ടതും വേണ്ടാത്തതും അവിടുത്തേക്ക് അറിയാം” ആഞ്ചെല പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group