ഒമ്പതാമത്തെ അബോർഷനുശേഷം ആംഗി കണ്ണീരോടെ കണ്ടത്!

പല തവണകളായി ഗര്‍ഭച്ഛിദ്രം നടത്താനായി യുവതികൾ എത്താറുള്ള ഒരു അബോർഷൻ ക്ലിനിക്ക് അഥവാ ശിശുഹത്യാഗൃഹം!അവിടെ ഒരു യുവതി അബോർഷനു വേണ്ടിയെത്തി. നമുക്ക് അവൾക്ക് ആംഗി എന്നു പേര് കൊടുക്കാം.ഞെട്ടരുത്,അത് അവളുടെ ഒമ്പതാമത്തെ അബോർഷനായിരുന്നു! എന്നിട്ടുംചിരിച്ചും രസിച്ചുമാണ് അവളുടെ അലസ നടത്തം. ജീവിതം മുന്തിരിച്ചാറുപോലെ നുണയാൻ മാത്രമുള്ളതാണെന്ന് കരുതുന്ന ആധുനികകോമളാംഗിനി തന്നെ.സത്യത്തിൽ, അബോർഷൻ ക്ലിനിക്കിന്റെ നിയമാവലിപ്രകാരം ആ യുവതിക്ക് അബോർഷൻ നടത്തിക്കൊടുക്കാൻ യാതൊരുവിധ നിയമതടസ്സവും ഇല്ലായിരുന്നു. അവർക്കാകട്ടെ (അവൾക്കും), അബോർഷനൊട്ടു പുത്തരിയുമല്ലല്ലോ!എന്നിട്ടും, അവിടുത്തെ പരിചയസമ്പന്നരായ ജീവനക്കാർക്കുപോലും ഈ ഒമ്പതാം ഗര്‍ഭച്ഛിദ്രം നടത്താൻ മനസ്സുവന്നില്ല – പാതകങ്ങൾക്കൊരു പരിധി വേണ്ടേ!അവർ വേദനയോടെ ആ സ്ത്രീയെ നോക്കി -അവൾ അവിടെ ചിരിച്ചുകളിച്ചു നിൽപ്പാണ്,ഒരു ശിശുഹത്യയുടെ മാതൃത്വമേറ്റെടുക്കാൻ പോകുന്ന ഭാവവ്യത്യസം തെല്ലുമില്ലാതെ!ആംഗി തന്റെ ആദ്യത്തെ അബോർഷൻ സമയത്തു പോലും അങ്ങനെതന്നെയായിരുന്നത്രെ. അബോഷൻ വിലക്കുന്ന മതസംഹിതകളോട് പരമപുച്ഛമായിരുന്നു അവൾക്ക്. തൻ്റെ സുഖശമനത്തിനു പ്രതിബന്ധമായി നിൽക്കുന്നതെന്തിനെയും – മനുഷ്യനുൾപ്പടെ – വെട്ടിനിരത്തി അവൾ ‘മുന്നേറി’ക്കൊണ്ടേയിരുന്നു. കയ്യടിക്കാൻ ആളുകൾക്ക് കുറവൊന്നും ഇല്ലായിരുന്നു താനും.ഇനി, അവിടെ അബോഷർഷനെത്തുന്ന പല യുവതിയുടെയും അവസ്ഥ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
അവരിൽ പലരും കരയുകയും,
ബെെബിൾ കെെയിൽ പിടിച്ച് ദെെവത്തോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.എന്നാൽ, നമ്മുടെ കഥാനായികയുടെ മുഖത്ത് ഒരു തരിപോലും വിഷമമോ, വിഷാദച്ഛായയൊ, കുറ്റബോധമോ നിഴലിച്ചില്ല. മാത്രമല്ല, തൻ്റെ അബോർഷൻ അനുഭവജ്ഞാനം പിൻഗാമികൾക്ക് വാതോരാതെ വിളമ്പിക്കൊണ്ടേയിരുന്നു. ഒരു മനുഷ്യശരീരമായി വളർച്ച പ്രാപിക്കാത്ത കുറച്ചു കോശങ്ങളെ(biomedical waste) ഉദരത്തിൽ നിന്നും എടുത്തു മാറ്റുന്നതാണ് അബോർഷൻ എന്ന ന്യായീകരണമാണ് അവളെ നയിച്ചിരുന്നത്. കൂടെയുള്ളവർക്ക് അത് അനല്പമായ ധൈര്യം പകർന്നു; പ്രോത്സാഹനമായി.ചുരുക്കത്തിൽ, “പശുവിനെ വാങ്ങും തൊന്തരവെത്തിന് പാലു കുടിച്ചാൽ പോരേ?” എന്ന ‘പ്രായോഗിക’ തത്വശാസ്ത്രത്തിൻ്റെ പ്രതിനിധി (ഇര?)യായി അവൾ അവിടെ പറന്നുപരിലസിച്ചു.എൻ്റെ ശരീരം എൻ്റെ മാത്രം അവകാശം എന്ന സമ്പൂർണ്ണസ്വാർത്ഥതയാർന്ന കാഴ്ചപ്പാടിൻ്റെ ഇരയായിപ്പോയിരുന്നു അവൾ. സ്വാഭാവികമായും, അവൾക്ക് തൻ്റെ ഉദരത്തിൽ വളർന്ന നിസ്സഹായയായ കുഞ്ഞിൻ്റെ ജീവിക്കാനുള്ള അടിസ്ഥാനാവകാശങ്ങൾ അംഗീകരിക്കാനാകുമായിരുന്നില്ല. കാരണം, അവകാശങ്ങളെല്ലാം മാതാവിനു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണല്ലോ!ഒൻപതാമത്തെ അബോഷൻ!
പലചരക്കു കടയിൽ എന്തോ കൊടുത്തിട്ട് പുറത്തിറങ്ങുന്ന ലാഘവത്തോടെ, പത്താമത്തെ അബോർഷനു വീണ്ടും കാണാമെന്ന ശരീരഭാഷയോടെ അവൾ കൂളായി പുറത്തിറങ്ങി.അപ്പോഴാണ് അസാമാന്യ ‘ബോൾഡാ’യി സ്വയം കരുതുകയും സുഹൃത്തുക്കൾക്കിടയിൽ പ്രകീർത്തിക്കപ്പെടുകയും ചെയ്തിരുന്ന അവൾക്ക് ഒരാഗ്രഹം:തന്റെ “ഉദരത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ട കോശങ്ങൾ ” ഒന്നു കാണണമെന്നൊരു തോന്നൽ ! (മൂന്ന് മാസം വളർച്ചയെത്തിയ ഉദരത്തിലെ ശിശു വെറും കോശമാണത്രേ കോശം! )അബോർഷൻ ക്ലിനിക്കിലെ ജോലിക്കാർ
‘കോശദർശന’ത്തിന് അനുവാദം കൊടുത്തു. അത്രമാത്രം ‘ബോൾഡാ’ണ് അവൾ എന്ന് അവർക്കറിയാമായിരുന്നല്ലോ.പല ഭാഗങ്ങളായി വെട്ടിമുറിച്ച ആ കുഞ്ഞുശരീരം ആംഗിയെ കാണിക്കാൻ വേണ്ടി ജോലിക്കാർ കൂട്ടിചേർത്തുവച്ചു. ഒരു പാത്രത്തിലാക്കി കൊണ്ടു ചെന്ന ആ മൂന്നിഞ്ചുമൃത’കോശം’ ആംഗി പുഞ്ചിരിയോടെ നന്ദി പറഞ്ഞ് കെെയിൽ സ്വീകരിച്ചു.പന്ത്രണ്ടാമാഴ്ച്ചയിൽ സ്വന്തം അമ്മയുടെ ഉദരത്തിൽ നടന്ന കൊലപാതകത്തിൻ്റെ ആ ദയനീയ ഇര ഏതാണ്ട് നല്ല വളർച്ചയെത്തിയിരുന്നു. കാരണം, പ്രാഥമിക ത്രിമാസ (first trimester) ത്തിൻ്റെ പൂർണ്ണതയിൽ കുഞ്ഞിൻ്റെ പ്രധാനപ്പെട്ട ശരീരഭാഗങ്ങളെല്ലാം രൂപപ്പെട്ടു കഴിയുമല്ലോ.ആദ്യ പുഞ്ചിരിപ്രകടനത്തിനുശേഷം ആംഗി ആ മൃതപേടകത്തിലേയ്ക്ക് നോക്കി അല്പസമയം നിശബ്ദയായി നിന്നു പോയി. ആ നിമിഷം അവളിൽ ഉറഞ്ഞുകിടന്ന മാതൃത്വം ഉണർന്നു! സ്വന്തം ഉദരത്തിൽ ജീവനു വേണ്ടി ” എന്നെ കൊല്ലരുത് അമ്മേ” എന്ന ചങ്കുപൊട്ടിക്കരയുന്ന ഇത്തിരിപ്പോന്ന കുരുന്നിൻ്റെ കരച്ചിലും, വെപ്രാളവും അവളുടെ കർണ്ണപുടങ്ങളിൽ മാറ്റൊലിക്കൊണ്ടു;
കണ്ണിനു മുമ്പിൽ തെളിഞ്ഞു.ആംഗിയുടെ മുഖഭാവം മാറി,
ശരീരം വിറയ്‌ക്കാൻ തുടങ്ങി.
തൻ്റെ ഗർഭപാത്രത്തിൽ ഏറ്റവും സുരക്ഷിതമായി കിടക്കേണ്ട പിഞ്ചോമനയാണല്ലോ തൻ്റെ മനുഷ്യത്വം വരണ്ടുപോയ തത്ത്വശാസ്ത്രത്തിനിരയായി ഈ പാതകപാത്രത്തിൽ തുണ്ടുതുണ്ടായി കിടക്കുന്നത്!അന്നാദ്യമായി അവളുടെ മനസ്സാക്ഷിയിൽ ഇടിവെട്ടുണ്ടായി;
മസ്തിഷ്കത്തിൽ കുറ്റബോധത്തിൻ്റെ പെരുമഴ നിർത്താതെ പെയ്യുകയും അത് നയങ്ങളിലൂടെ താഴേക്ക് ഇടമുറിയാതെ പതിക്കുകയും കൊണ്ടിരുന്നു.തൻ്റെ പൊന്നോമനയെ ഒന്നു മാറോട് ചേർക്കാൻ അവളുടെ മാതൃഹൃദയം തുടിച്ചു, കരങ്ങൾ നീണ്ടു. എന്നാൽ, കുഞ്ഞിനെ സ്പർശിക്കാൻ പോലും ജീവനക്കാർ അവളെ അനുവദിച്ചില്ല.തൻ്റെ കൈതട്ടി മാറ്റിയ ജോലിക്കാരെ നോക്കിക്കൊണ്ട്, ആ പാത്രം സർവ്വശക്തിയും സംഭരിച്ച് ചേർത്തു പിടിക്കാനാഞ്ഞുകൊണ്ട് ആംഗി പറഞ്ഞു, “അത് ഒരു കുഞ്ഞാണ് , അത് എന്റെ ഓമനയാണ്.എൻ്റെ കുഞ്ഞിന്റെ ശരീരഭാഗങ്ങളെങ്കിലും എനിക്ക് വേണം” ആ പാത്രം കെട്ടിപ്പിടിച്ചുകൊണ്ട് അവൾ താണുകേണു. തുടർന്ന് കരച്ചിൽ ഒരു അവകാശമായി, ആജ്ഞയായി,
അലർച്ചയായി, അലമുറയായി.തൻ്റെ കുഞ്ഞിനെ കൊല്ലാനുള്ള അവകാശത്തിനു വേണ്ടി വാദിച്ച അവൾക്ക് ഇപ്പോൾ തൻ്റെ കുഞ്ഞിൻ്റെ മൃതദേഹം തൊടാൻപോലും അവകാശമില്ലത്രെ! അവകാശം കൊല്ലാൻ മാത്രമാണ്! ക്രീഡാധിഷ്ഠിത തത്വശാസ്ത്രങ്ങൾ എത്ര പെട്ടെന്നാണ് തലതിരിയുകയും കുഴമറിയുകയും ചെയ്യുന്നത്!ശബ്ദകോലാഹലങ്ങൾ കേട്ട് അബോർഷൻ നടത്താൻ എത്തിയിരുന്ന മറ്റു സ്വശരീരാവകാശവാദിനികളും ഓടിയെത്തി. കണ്ണീർക്കടലിനു നടുവിൽ മാതൃത്വം ഉദിച്ചുയർന്നു. അപ്പോൾ, തങ്ങൾ മനസ്സാക്ഷിയെ തണുപ്പിക്കാൻ പടുത്തുയർത്തിയ കോശസിദ്ധാന്തം സൂര്യപ്രകാശത്തിൽ ഐസുകട്ടപോലെ ഉരുകിപ്പോയി! പിന്നീട് അവിടെ കൂട്ടക്കരച്ചിൽ അലയടിച്ചു. ആംഗിയെ ആർക്കും ആശ്വസിപ്പിക്കാനായില്ല. മരിച്ചെങ്കിലും, തൻ്റെ കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ ആ അമ്മയ്ക്കു മനസ്സു വന്നുമില്ല.അമ്പരന്നുപോയ ജോലിക്കാരാകട്ടെ, ബലപ്രയോഗത്തിലൂടെതന്നെ ആ പൊന്നോമനക്കുഞ്ഞിൻ്റെ വെട്ടിമുറിക്കപ്പെട്ട ശരീരമടങ്ങിയ പാത്രം ആംഗിയുടെ കെെയിൽ നിന്നും വലിച്ചു പറിച്ചെടുത്തു.തൻ്റെ പൊന്നോമനയുടെ മൃതദേഹമെങ്കിലും കിട്ടാതെ താൻ അവിടന്ന് പോകില്ലെന്നവൾ അവൾ ഉറച്ച നിലപാടെടുത്തതോടെ അബോർഷൻ ക്ലിനിക്കിലെ ജോലിക്കാർ അപകടം മണത്തു. ഗര്‍ഭച്ഛിദ്രം നടത്തുന്നതിനിടയിൽ ആംഗിക്ക് എതെങ്കിലും അത്യാഹിതം സംഭവിച്ചാൽ അറിയിക്കാനുളള ഫോണ്‍ നമ്പറിലേക്ക് എമർജൻസി കോൾ പോയി.ആംഗിയുടെ ആണ്‍സുഹൃത്തു പറന്നെത്തി. ഏതാണ്ട് ഒരുമണിക്കൂറോളം ശ്രമിച്ചിട്ടാണ് അയാൾക്ക് അവളെ പുറത്തേയ്ക്ക് കൊണ്ടു പോകാനായത്. ആംഗി പിന്നീട് ആ ക്ലിനിക്കിലേയ്ക്ക് തിരിച്ചു വന്നിട്ടില്ല.ഒൻപതു കുഞ്ഞുങ്ങളെ കൊലയ്ക്ക് നൽകിയതിന്റെ വേദന ആ അമ്മയെ വേട്ടയാടാതിരിക്കുമോ?ഇത് ഒരു കെട്ടുകഥയല്ല സംഭവമാണ്. എന്നറിയുമ്പോഴാണ് നാം വീണ്ടും ഞെട്ടുന്നത്. ഒരു അബോർഷൻ ക്ലിനിക്കിന്റെ ചുമതല വഹിക്കുകയും, ഇരുപത്തീരായിരത്തിൽപ്പരം അബോഷൻ നടത്തുകയും പിന്നീട് അബോർഷന്റെ ക്രൂരത മനസിലാക്കി ,അതുപേക്ഷിച്ച് അറിയപ്പെടുന്ന ഒരു പ്രോ ലെെഫ് ആക്ടിവിസ്റ്റായി മാറുകയും ചെയ്ത അബി ജോണ്‍സണ്‍ എഴുതിയ ഒരു സംഭവമാണിത്. അബോർഷൻ ക്ലിനിക്കുകളിലെ മുൻ ജോലിക്കാരുടെ അനുഭവങ്ങൾ ലോകത്തോട് പറയാനായി എഴുതിയ പ്രശസ്തമായ “ദി വാൾസ് ആർ ടോക്കിങ്ങ്: ഫോർമർ അബോർഷൻ ക്ലിനിക്ക് വർക്കേഴ്സ് ടെൽ ദേയർ സ്റ്റോറീസി’ലെ മനസ്സാക്ഷിയെ തൊട്ടുണർത്തുന്ന ഒരനുഭവം.ഭ്രൂണഹത്യചെയ്ത സ്ത്രീകൾ ഇനി അങ്ങനെ ചെയ്യില്ല എന്ന് ദൃഢനിശ്ചയം എടുത്താൽ പോലും നേരത്തെ നടത്തിയ ഭ്രൂണഹത്യയുടെ ഓർമകൾ അവരെ വേട്ടയാടും. ഇതിലപ്പുറമെന്താണ് അവരുടെ കരിയറിനെ ബാധിക്കാൻ പോകുന്നത്? ക്രിസ്ത്യാനിക്ക്, ക്ഷമിക്കപ്പെട്ട അനുഭവം വ്യക്തമായിപകരാൻ കുമ്പസാരമുണ്ട്. ഭാഗ്യം! മറ്റുള്ളവർക്കോ?എന്തിനാണ് ഇതൊക്കെ പറഞ്ഞതെന്നോ? ‘#സാറാസ്’ ( #Sara’s)പിന്തുടരേണ്ട മൂല്യമാണെന്നു കരുതി വഞ്ചിക്കപ്പെടാതിരിക്കാൻ. അത് കച്ചവടം (പണം) ലക്ഷ്യമിട്ട വെറും കമ്പോളസിനിമ മാത്രമാണെന്നു തിരിച്ചറിയാൻ!

കടപ്പാട്: ഫാ. സൈമൺ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group