വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സമൂഹം സംഘടിപ്പിക്കുന്ന വാർഷിക മരിയൻ തീർത്ഥാടനം ജൂലൈ 15ന്.

വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സമൂഹം സംഘടിപ്പിക്കുന്ന വാർഷിക മരിയൻ തീർത്ഥാടനം ജൂലൈ 15ന് നടക്കും. യു.കെയിലെ സീറോ മലബാർ സമൂഹത്തിന് തനത് ആരാധനക്രമത്തിൽ വളരാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആത്മീയനേതൃത്വത്തിൽ വാൽസിംഹ്ഗാമിലേക്ക് നടത്തുന്ന ഏഴാമത് തീർത്ഥാടനമാണിത്.

രാവിലെ 9.30ന് ക്രമീകരിക്കുന്ന ജപമാല അർപ്പണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെയാണ് തീർത്ഥാടന തിരുക്കർമങ്ങൾ ആരംഭിക്കുന്നത്. രാവിലെ 10.30ന് സിസ്റ്റർ ആൻ മരിയ എസ്.എച്ച് മരിയൻ പ്രഭാഷണം നടത്തും. തീർത്ഥാടനത്തിന്റെ മുഖ്യ സവിശേഷതകളിലൊന്നാണ് മരിയൻ പ്രഭാഷണം. തുടർന്ന് അടിമ സമർപ്പണവും പ്രസുദേന്തി വാഴ്ചയും ആഘോഷമായ തിരുനാൾ പ്രദക്ഷിണവും നടക്കും. ജപമാല പ്രദക്ഷിണം ബസിലിക്കയിൽ എത്തിച്ചേർന്നതിനെ തുടർന്ന് ഉച്ചയ്ക്ക് 2.00ന് ദിവ്യബലി അർപ്പിക്കും. വൈകീട്ട് 4.30ന് തീർത്ഥാടനത്തിന് സമാപനമാകും.

ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ നിരവധി വൈദികർ സഹകാർമികരായിരിക്കും. രൂപതയിലെ എല്ലാ ദിവ്യബലിയർപ്പണ കേന്ദ്രങ്ങളിൽനിന്നുള്ള വിശ്വാസികൾ ജൂലൈ 15ന് വാൽസിംഗ്ഹാമിൽ സംഗമിക്കുമ്പോൾ വലിയ വിശ്വാസസാക്ഷ്യമായിമാറും ആ കൂടിച്ചേരൽ. കേംബ്രിഡ്ജ് റീജ്യണിലെ സീറോ മലബാർ സമൂഹമാണ് ഈ വർഷത്തെ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group