നഴ്സുമാരുടെ മാതൃകയും പ്രചോദകയുമായി അറിയപ്പെടുന്നത് ഫ്ളോറൻസ് നൈറ്റിംഗേലാണ്. എന്നാൽ ആതുരസേവന രംഗത്ത് സുപ്രധാന ചുമതലകൾ വഹിക്കുന്ന നഴ്സുമാർക്ക് മാതൃകയും മദ്ധ്യസ്ഥയുമായി മറ്റൊരു വ്യക്തിത്വം കൂടിയുണ്ടെന്നത് പലർക്കും അറിയില്ല. ചരിത്രത്തിലാദ്യമായി വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട അത്മായ നഴ്സായ ഹന്നാ ഷ്രാനോവ്യാണത്. ആതുരസേവനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ പോളിഷ് വനിത പോളണ്ടിലെ നിരവധി അഭയകേന്ദ്രങ്ങളുടെ മാതാവുമാണ്. ദരിദ്രരുടെയും നിരാലംബരുടെയും സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചു കൊണ്ട് ലോകമെമ്പാടുമുള്ള നഴ്സുമാർക്ക് സ്തുത്യർഹ മാതൃകയാണ് ഹന്ന.
പോളണ്ടിലെ വാഴ്സോവിൽ 1902-ൽ ജനിച്ച ഹന്ന, ഉർസുലിൻ കന്യാസ്ത്രീകളുടെ സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.പിന്നീട് 1922-ൽ ബിരുദപഠനത്തിനു ശേഷം നേഴ്സിംഗ് സ്കൂളിൽ ചേർന്നു. തുടർന്ന് വി. ബെനഡിക്ടിന്റെ പ്രബോധനമനുസരിച്ച് ജീവിക്കുന്ന ഉർസുലിൻ കന്യാസ്ത്രീകളുടെ സമൂഹത്തിൽ ആകൃഷ്ടയായി തന്റെ ജീവിതം സേവനത്തിനായി സമർപ്പിച്ചു.
യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് നേഴ്സസിൽ പരിശീലകയായി സേവനമനുഷ്ഠിച്ച 1926-1929 കാലയളവിലാണ് അവൾ ദൈവവുമായി കൂടുതൽ അടുക്കുന്നത്. 1937-ൽ പോളണ്ടിലെ കത്തോലിക്കാ നേഴ്സുമാരുടെ അസോസിയേഷനിൽ ചേർന്ന ഹന്ന, 1939-ൽ രണ്ടാം ലോക മഹായുദ്ധം തീവ്രത പ്രാപിച്ചപ്പോൾ ക്രാക്കോവിൽ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മറ്റെർണിറ്റി ആൻഡ് നേഴ്സിംഗ് എന്ന പരിശീലന കേന്ദ്രം സ്ഥാപിച്ചു. വിദ്യാർത്ഥികളെ നല്ല രീതിയിൽ പരിശീലിപ്പിച്ചും പാവപ്പെട്ട രോഗികളെ വീടുകളിൽ പോയി ശുശ്രൂഷിച്ചും, യുദ്ധത്തിൽ പരിക്കേറ്റവരെ പരിചരിച്ചും ഹന്ന ആതുരസേവനത്തിന് ഉത്തമ മാതൃകയായി.
1966-ൽ അർബുദ ബാധ കണ്ടെത്തിയതിനെ തുടർന്ന് ഹന്നയെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയാക്കിയെങ്കിലും രോഗം മൂർച്ഛിതോടെ 1973 ഏപ്രിൽ 23-ന് ക്രാക്കൊവിൽ വച്ച് അവൾ നിത്യഭാഗ്യം പൂകി. തുടർന്ന് 1997-ൽ ദൈവദാസി പദവിയിലേക്ക് ഉയർത്തപ്പെട്ട ഹന്നയെ 2015 സെപ്റ്റംബർ 30-ന് ഫ്രാൻസിസ് പാപ്പയാണ് ധന്യയായി പ്രഖ്യാപിച്ചത്. 2018 ഏപ്രിൽ 28-ന് ഫ്രാൻസിസ് പാപ്പാ അവളെ വാഴ്ത്തപെട്ടവളായി പ്രഖ്യാപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group