സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളിൽ മദ്യ വിപത്തുകൂടി ഉൾപ്പെടുത്തണം : കെസിബിസി മദ്യ വിരുദ്ധ സമിതി

കൊച്ചി : കേരള സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടികളിൽ മദ്യ വിപത്തുകൂടി ഉൾപ്പെടുത്തണമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപത സെക്രട്ടറിയേറ്റ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനുള്ള അനുമതി നിലവിൽ മദ്യപിക്കാത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സ്വാധീനിക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ തീരുമാനമാണ്. ഇത് തിരുത്താൻ സർക്കാർ തയ്യാറകണം.
കൊലപാതകങ്ങൾ, പോലീസ് കേസുകൾ, വാഹനപകടങ്ങൾ, കുടുംബത്തകർച്ചകൾ,വിവാഹ മോചനങ്ങൾ, ആത്മഹത്യകൾ ഇവയ്ക്കെല്ലാം കാരണമാകുന്ന വസ്തുവും മദ്യമാണ്. മദ്യ വിപത്ത് നിസാരവൽകരിച്ചുകൊണ്ടുള്ള ലഹരി വിരുദ്ധ പോരാട്ടം പ്രതീക്ഷിച്ച ഫലം ഉണ്ടാകുമോയെന്ന് സർക്കാർ ആലോചിക്കണം. ലഹരിക്കെതിരെ നടത്തുന്ന പോരാട്ടം മദ്യത്തിന്റെ കാര്യത്തിലും സർക്കാർ ഉൾപ്പെടുത്തണമെന്ന് സമിതി യോഗം അഭിപ്രായപ്പെട്ടു.
പിടിക്കപ്പെടുന്ന മയക്ക് മരുന്നുകൾ എന്ത് ചെയ്യുന്നു എന്ന വിവരം പൊതു സമൂഹത്തോട് അധികൃതർ വ്യക്തമാക്കണം. ചെറുപ്രായത്തിൽത്തന്നെ കുടി പരിശീലിക്കാൻ സർക്കാർ തന്നെ വീര്യം കുറഞ്ഞ മദ്യോത്പാദനത്തിനു പച്ചക്കൊടി കാട്ടിയത് തന്നെ തികച്ചും വഞ്ചനാപരവും പ്രതിഷേധാർഹർവുമാണ്. മയക്കുമരുന്നിനെ കഴുത്തിനു കുത്തിപ്പിടിച്ച് മദ്യത്തെ മടിയിലിരുത്തി താലോലിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നത് വളരെ ഖേദകരമാണ്. യുവതി-യുവാക്കളെ കാർന്ന് തിന്നുന്ന മദ്യവും മയക്കുമരുന്നും അമർച്ച ചെയ്യാൻ സർക്കാർ ആത്മാർത്ഥത കാണിക്കണം.

സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ അതിരുപത സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ പ്രമേയവതരണം നടത്തി. സിസ്റ്റർ റോസ്മിൻ, എം.പി ജോസി, സുഭാഷ് ജോർജ്, കെ.വി ജോണി, സിസ്റ്റർ ആൻസില, ശോശാമ്മ തോമസ്, ജോണി പിടിയത്ത്ചെറിയാൻ മുണ്ടാടൻ എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group