ക്രൈസ്തവ വിരുദ്ധ ആക്രമണo: കണക്കുകള്‍ നിഷേധിച്ച് കേന്ദ്രം

ഇന്ത്യയിൽ നടക്കുന്ന ക്രൈസ്തവ വിരുദ്ധ അക്രമങ്ങളുടെ എണ്ണം പറയുന്നത്രയില്ലായെന്നും കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ.

സംസ്ഥാനങ്ങളിൽ നിന്നു ലഭിച്ച കണക്കുകളില്‍ തെറ്റുണ്ടെന്നാണ് സോളിസിറ്റർ ജനറൽ ജനറൽ തുഷാർ മേത്ത വാദിച്ചത്. ക്രൈസ്തവർക്കെതിരെയും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയും നടക്കുന്ന അക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദീവാല എന്നിവരുൾപ്പെട്ട ബെഞ്ചാണു പരിഗണിക്കുന്നത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ കൈയൊഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ വിഷയം ആളിക്കത്തിക്കുക മാത്രമാണു പരാതിക്കാരുടെ ലക്ഷ്യമെന്നും ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പരത്തുമെന്നും വാദിച്ചു.

ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോ ഉൾപ്പെടെയുള്ളവരാണു ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. അഞ്ഞൂറില്‍പരം അക്രമ കേസുകൾ ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്തുണ്ടായെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നും ഛത്തീസ്ഗഡിൽ ക്രൈസ്തവരുടെ പ്രാർത്ഥനായോഗങ്ങൾ തടയുകയും ക്രൈസ്തവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നതു പതിവായിരിക്കുകയാണെന്നും പരാതിക്കാരുടെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചിരുന്നു.

തുടർന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് അവസാന ആഴ്ചയിലാണ് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ടു സംസ്ഥാനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

സുപ്രീംകോടതി നിർദേശമനുസരിച്ച് സംസ്ഥാനങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തയാറാക്കി വരികയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group