കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാസഭ റാലിക്കിടെ വർഗ്ഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഐപിസി 153 എ പ്രകാരം ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തിയതിന് കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരേയാണു കേസ്.
റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നു കാട്ടി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി, ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ബംജ്റംഗ്ദളിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും റാലികൾ 21 നു നടന്നിരുന്നു.
പോലീസ് നിർദ്ദേശം ലംഘിച്ച് പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഐപിസി 283 പ്രകാരം ഇരുസംഘടനകൾക്കുമെതിരേയും പോലീസ് കേസെടുത്തിരുന്നു.
കേന്ദ്ര ഏജൻസികളും ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം. 10 വയസ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിലിരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.കുട്ടി വിളിക്കുന്ന മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇത് യഥാർത്ഥ ദൃശ്യങ്ങളാണെന്നാണ് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്ന കുട്ടിയെയും മാതാപിതാക്കളെയും പോലീസ് തിരിച്ചറിഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group