മലയാള സിനിമയില്‍ ക്രൈസ്തവ വിരുദ്ധതയുടെ തേര്‍വാഴ്ച പുതിയ കാര്യമല്ല. പണ്ട് വട്ടിപ്പലിശക്കാരനും കൊന്തയും കുരിശുമിട്ട വാടകക്കൊലയാളികളും ആയിരുന്നു ക്രൈസ്തവ വിരുദ്ധതയുടെ പ്രതീകങ്ങളെങ്കില്‍ ഇന്ന് വിശുദ്ധ പാരമ്പര്യങ്ങളും ക്രൈസ്തവ പഠനങ്ങളും പരിഹാസവും അവഹേളനവും വിശ്വാസമൂല്യങ്ങളും ചേര്‍ത്ത് മാര്‍ക്കറ്റ് ചെയ്യുന്ന ശൈലിയാണ്. വൈദികരെയും സന്യസ്തരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അവഹേളിക്കുന്ന സിനിമകളും സാഹിത്യരചനകളും വര്‍ധിക്കുന്ന അവസ്ഥ. ഈയിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന സീനുകളിലും തിരക്കഥയിലും നിറഞ്ഞാടുന്ന ക്രൈസ്തവ വിരുദ്ധത വളരെ പ്രകടമാണ്. രണ്ടു സിനിമകളുടെയും പ്രധാന അണിയറ പ്രവര്‍ത്തകര്‍ ക്രൈസ്തവരാണെന്നതും ശ്രദ്ധിക്കപ്പെടണം.
ആന്റണി
പല മികച്ച സിനിമകളുടെയും സംവിധായകനായ ജോഷിയുടെ സിനിമയാണ് ആന്റണി. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുന്ന രംഗം ഉള്‍പ്പെടുത്തിയാണ് സംവിധായകന്‍ ജോഷി ക്രൈസ്തവ വിരുദ്ധതയുടെ സര്‍വ സീമകളും ലംഘിച്ചത്. മുഖ്യ കഥാപാത്രമായ അവറാനെ അവതരിപ്പിച്ച വിജയരാഘവന്‍, എപ്പോഴും കൈവശം വച്ചിരുന്ന ബൈബിളിന്റെ പേജുകള്‍ തോക്കിന്റെ ആകൃതിയില്‍ മുറിച്ചുമാറ്റി തോക്കിന്റെ സംരക്ഷിത കവചമായി വിശുദ്ധഗ്രന്ഥത്തെ മാറ്റുന്നു.
സിനിമയില്‍ ഒരാവശ്യവും ഇല്ലാതെ വിശുദ്ധ ഗ്രന്ഥത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന ആ രംഗം വെറുതെ കുത്തിക്കയറ്റി ക്രൈസ്തവരെയും വിശുദ്ധ ഗ്രന്ഥത്തെയും നിന്ദിച്ചത് എന്തിനുവേണ്ടിയായിരുന്നുവെന്നു സംവിധായകന്‍ വ്യക്തമാക്കണം. ചെമ്പന്‍ വിനോദ് അവതരിപ്പിച്ച ഫാ. പോള്‍ എന്ന വികാരിയച്ചനെ മദ്യപനും പുകവലിക്കാരനുമായി അവതരിപ്പിച്ചതിന്റെ ന്യായീകരണവും അറിഞ്ഞാല്‍ കൊള്ളാം. മുമ്പ് തിലകനും പ്രതാപചന്ദ്രനും രാജന്‍ പി. ദേവും ഇന്നസെന്റും തുടങ്ങി നിരവധി പേര്‍ ഇത്തരം ‘വികൃത വൈദികരെ’ അവതരിപ്പിച്ചു കയ്യടി നേടാന്‍ ശ്രമിച്ചിട്ടുണ്ട്.
കാതല്‍
സ്വവര്‍ഗാനുരാഗം മുഖ്യ പ്രമേയമാക്കിയും ക്രൈസ്തവ നാമധാരികളെയും കുടുംബത്തെയും പ്രധാന കഥാപാത്രങ്ങളാക്കിയും ഇറക്കിയ സിനിമയാണ് ‘കാതല്‍-ദ കോര്‍’. സ്വവര്‍ഗാനുരാഗത്തെ ഒരു സ്വാഭാവിക പ്രതിഭാസമായി അവതരിപ്പിച്ച് സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമൂഹം നിലകൊള്ളേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുവെന്നാണ് സിനിമയുടെ അവകാശവാദം. ക്രൈസ്തവ കുടുംബ പശ്ചാത്തലത്തില്‍ മാത്യു ദേവസി, ഓമന ഫിലിപ്പ് എന്നിവരുടെ കഥ പറയുന്നതോടൊപ്പം ക്രൈസ്തവ സമൂഹത്തിനും ക്രൈസ്തവ വിശ്വാസത്തിനും വിരുദ്ധമായ പ്രത്യക്ഷവും പരോക്ഷവുമായ ആശയ പ്രചാരണങ്ങള്‍ക്കാണ് മുഖ്യകഥാപാത്രങ്ങളും സംവിധായകന്‍ ജിയോ ബേബിയും കഥാകൃത്തുക്കളും ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇത്തരം സഭാവിരുദ്ധ, ക്രൈസ്തവ വിരുദ്ധ സിനിമകളാണ് പുറത്തിറങ്ങിയത്!
ക്രൈസ്തവ ധാര്‍മിക മൂല്യങ്ങളെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം ഈ ചലച്ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കുണ്ടെന്നത് നിസ്തര്‍ക്കമാണ്. ദൈവവിശ്വാസികളായി കാണിക്കുന്ന മാത്യുവിന്റെയും ഓമനയുടെയും മകള്‍ പള്ളിയില്‍ കയറാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് മാത്രമല്ല, അപ്പന്റെ സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്നുമുണ്ട്.
ഭിന്ന ലൈംഗിക ആഭിമുഖ്യമുള്ളവര്‍ക്ക് തങ്ങളുടെ ശാരീരിക-മാനസിക അവസ്ഥകളില്‍ മാറ്റം വരുത്താന്‍ കഴിയാത്തപക്ഷം, അവര്‍ ആയിരിക്കുന്ന അവസ്ഥയെ കരുണയോടെ കാണുന്നു എന്നുള്ളതാണ് ഈ വിഷയത്തിലുള്ള സഭയുടെയും ഫ്രാന്‍സിസ് പാപ്പയുടെയും നിലപാടെന്ന കാര്യം ഓര്‍ക്കുന്നത് നന്ന്. പ്രകൃതി വിരുദ്ധമായ സ്വവര്‍ഗരതിയെ സാമാന്യവല്‍ക്കരിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, പുരോഗമനപരമാക്കുന്ന കാതല്‍ എന്ന സിനിമയുടെ ഉദ്ദേശശുദ്ധി പ്രതിഷേധാര്‍ഹമാണ്. സമൂഹത്തില്‍ പുതിയ ധാര്‍മിക നിലപാടുകള്‍ അവതരിപ്പിക്കുകയെന്ന ഗൂഢലക്ഷ്യമാണിതിനു പിന്നില്‍.
ബൈബിളിനെയും അതിന്റെ പഠനങ്ങളെയും നശിപ്പിക്കാനും ദുര്‍വ്യാഖ്യാനം ചെയ്യാനുമുള്ള ശ്രമങ്ങള്‍ സഹസ്രാബ്ദങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ചരിത്രത്തിലിന്നേവരെ ആര്‍ക്കും അതിനു സാധിച്ചിട്ടില്ലെന്നത് വിസ്മരിക്കരുത്. 2000 വര്‍ഷത്തോളമായി നടക്കുന്ന അനവധി ശ്രമങ്ങളിലൊന്നു മാത്രമായി ഇവയേയും മുദ്ര കുത്തും.
കടപ്പാട് : ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group