ആര്‍ക്കും കക്ക് കളിക്കാം. കത്തോലിക്കാ സഭയുടെ മുറ്റത്തുതന്നെ കളം വരച്ച് അതിലേക്കു കമ്പോട് എറിയണമെന്ന് അതിന് യാതൊരു നിര്‍ബന്ധവുമില്ല; തരക്കേടുമില്ല. മണ്‍കുടത്തിന്റേയോ, മണ്‍ചട്ടിയുടേയോ പൊട്ടിയ ഓടിന്‍കഷണത്തിന്റേയോ തേച്ചു മിനുക്കിയ മണ്ണിന്‍ കഷണമാണ് കമ്പോട.് തോട്ടിലും കണ്ടത്തിലും കുളത്തിലും പൂളിച്ചു പായിക്കുന്ന അതേ കമ്പോടു തന്നെ.’72ല്‍ ജനിച്ച നൊറോണയുടെ ആലപ്പുഴ നാട്ടില്‍ ‘കുന്തിച്ചു’ ചാടുന്നത്’ 74ല്‍ ജനിച്ച എന്റെ നാട്ടില്‍ ചെല്ലാനത്തു കൊന്തിച്ചാട്ടമായിട്ടാണ് മാറുന്നത്. ആലപ്പുഴയില്‍ നിന്നു ചെല്ലാനത്തെത്തുമ്പോള്‍ ‘ഇലയും മുള്ളും’ വിളി, ‘അമ്മാ റൈറ്റ്’ എന്നാകും. ഇംഗ്ലീഷിന്റെ നാട്ടുവഴക്കമാണ് ‘ആം ഐ റൈറ്റ്’ എന്ന ‘അമ്മാറൈറ്റിന്’ ചകിരിയുടെ എഴ പിരിക്കുന്ന അമ്മമാര്‍ ‘അതെ’ എന്നുത്തരം പറയും. എഴ പിരിക്കുന്ന ചാട്ടുവഴിയുടെ ഓരത്താണ് ഞങ്ങളുടെ കക്ക് കളി സംഘം നിറഞ്ഞാടിയിരുന്ന
2022ല്‍ വേലൂരില്‍ വച്ചു നടന്ന ഗ്രാമകം നാടകോത്സവത്തില്‍ പുന്നപ്ര പറവൂരില്‍ നിന്നുവന്ന നെയ്തല്‍ നാടകസംഘം അവതരിപ്പിച്ച ‘കക്ക്കളി’യുടെ സംവിധായകന്‍ ജോബിനെയും നാടകരചന നടത്തിയ അജയനെയും ഞാന്‍ കണ്ടിരുന്നു. ആള്‍ക്കൂട്ടത്തിന്റെ തിക്കിത്തിരക്കിനിടയില്‍, നാടകത്തിന്റെ ആവര്‍ത്തിക്കപ്പെടുന്ന അതിമനോഹര പശ്ചാത്തല സംഗീതത്തിനിടയില്‍, ജോബിന്റെ കൈകുലുക്കി ഞാന്‍ പറഞ്ഞു: കത്തോലിക്കാസഭയുടെ നെഞ്ചത്തു തന്നെ കളം വരച്ചല്ലേ? ജോബ് ചിരിച്ചു. അയാള്‍ എന്നെയും ഞാന്‍ അയാളെയും ആദ്യമായിട്ട് കാണുകയായതുകൊണ്ട് ഈ ചിരിയും പറച്ചിലും വ്യക്തിയും ആരും ആരെയും ഇന്ന് തിരിച്ചറിയാനൊക്കണമെന്നില്ല.കേരളത്തിന്റെ നവോത്ഥാന കാലമെന്നത് കമ്യൂണിസത്തിന്റെ കുത്തകയാക്കിക്കളയാമെന്ന് കരുതി ചരടുവലിക്കുകയും ചരിത്രം മെനയുകയും ചെയ്യുന്നവര്‍ അറിയണം: ‘നടാലിയ’ എന്ന റഷ്യന്‍ പേരെത്തുന്നതിനു മുന്നേ കുരിശിന്‍ ചുവടുകള്‍ ഈ നാട്ടില്‍ നാട്ടപ്പെട്ടിരുന്നു
ചവിട്ടുനാടകത്തിന്റെ വിരുത്തികള്‍ കൊണ്ട് ഈ ദേശത്തെ സഭ കണ്ടെത്തിയിരുന്നു. അക്ഷരങ്ങള്‍ കൊണ്ടും അന്നം കൊണ്ടും ജീവന്റെ തുടിപ്പുകളെ ‘ഞാന്‍’ എന്ന് പറയാന്‍ സഭ പഠിപ്പിച്ചിരുന്നു-ഇപ്പോഴും പഠിപ്പിക്കുന്നുമുണ്ട്. ഉടുപ്പിട്ട മദറുമാര്‍ വന്ന് ഞങ്ങളെ കുരിശടയാളം വരയ്ക്കാന്‍ പഠിപ്പിച്ചതുകൊണ്ട്, ഞങ്ങള്‍ ചവിട്ടിയ കളങ്ങളുടെ കാണകള്‍ മുള്ളാണോയെന്ന് അമ്മമാരോട്’അമ്മാറൈറ്റ്’ എന്നു ചോദിക്കുമ്പോള്‍ ‘അതെ’ എന്നോ ‘അല്ലാ’യെന്നോ അവര്‍ക്ക് പറഞ്ഞു തരാന്‍ സാധിച്ചു. പ്രസവിച്ച അമ്മമാരും പ്രസവിക്കാത്ത മദറുമാരും തലതൊട്ടമ്മയും ഞങ്ങളെ വളര്‍ത്തി. തലതൊട്ടപ്പന്‍മാര്‍ പള്ളിയുടെ ഹാന്നാന്‍ വെള്ളം നെറ്റിയിലിറ്റിച്ച്, കക്ക് നേരെയെറിഞ്ഞ് മണ്ണില്‍ ചവിട്ടി കൊന്താനും നടക്കാനും ഞങ്ങളെ പഠിപ്പിച്ചു. (നൊറോണയുടെ തൊട്ടപ്പന്റെ മുശുക്കില്ലാത്ത തലതൊട്ടപ്പന്‍മാരെ ഞങ്ങള്‍ പതിരിഞ്ഞപ്പനെന്നും പതിരിഞ്ഞമ്മയെന്നും വിളിച്ചു.)
അമ്മമാരില്ലാത്ത പാര്‍ട്ടിക്ക് പ്രസവിക്കുന്ന അമ്മമാരേ മാത്രമേ ഇന്നു പരിചയമുള്ളൂ. മൊത്തം പൊടിയും മാറാലയും പിടിച്ച പാര്‍ട്ടിഓഫീസിന്റെ മുറിയില്‍ കൂജയില്‍ നിന്നു വെള്ളമെടുത്ത് തളിച്ച് (ഹാനാന്‍ വെള്ളം പോലെ എന്ന് കഥാകൃത്ത്) അടിച്ചുവാരുമ്പോള്‍ പാര്‍ട്ടി ഓഫീസിനെ വന്നുമൂടുന്ന പൊടിയും പുകയും കഥാകൃത്ത് കാണുന്നുണ്ട്. ആ പൊടിക്കകത്ത് മാക്സിംഗോര്‍ക്കിയുടെ അമ്മമാര്‍ ഇപ്പോഴും ചുമച്ചും കുരച്ചും കഴിയുന്നുണ്ടാകും
സഖാവ് വാസുപിള്ളയുടെ പടം ഒട്ടിച്ച പെട്ടിയില്‍ റാന്തല്‍വിളക്ക് വച്ച്, പെട്ടി തലയില്‍ ചുമന്ന്, വോട്ടുപിടിക്കാന്‍ നാടുതെണ്ടുന്ന കറുമ്പന്‍ സഖാവിന്റെ കഥയിലെ രൂപം നാടകത്തിലില്ല. അയാളുടെ പെങ്ങള്‍ ക്ലേരി ചൂച്ചി പാര്‍ട്ടി ഓഫീസിന്റെ തിണ്ണയില്‍ കുഴഞ്ഞുവീണ് അവസാന ശ്വാസത്തില്‍ ഏറ്റു പറയുന്ന ‘ഈശോ മറിയം യൗസേപ്പേ” എന്ന ചെകിട്ടോര്‍മ്മ, ചുവപ്പു പുതച്ചുകിടക്കുന്ന കറുമ്പന്‍ സഖാവിന്റെ കൈയിലെ കൊന്തമണികള്‍ പോലെ അക്ഷരങ്ങളെ പൊള്ളിക്കുന്നുണ്ട്. അത് നാടകത്തില്‍ വരാനൊക്കില്ല.
കേരളത്തിന്റെ ഭുദാന ചരിത്രവും പാര്‍പ്പിട വികസനവും ലക്ഷം വീടുവരേയേ പാര്‍ട്ടിക്ക് എത്തിക്കാനായിട്ടുള്ളൂ. പതിനഞ്ചാം നൂറ്റാണ്ടിലെ ഉദയംപേരൂര്‍ സൂനഹദോസു തൊട്ടേ ലത്തീനികള്‍ ഈ വാക്കുകള്‍ പഠിച്ചിരുന്നു. അന്നത്തോടൊപ്പം കൊളുത്തും വിഴുങ്ങി ചാവ് കാത്തുകിടക്കുന്ന, ‘വരാല്‍’ മീന്‍ പോലെ ഏത് സംഘങ്ങളാണ് ഈ നാട്ടില്‍ ഇപ്പോള്‍ ശ്വാസം കിട്ടാതെ പിടയുന്നത്?
കൊച്ചിക്കാര്‍ ശ്വസിച്ചു പിടയുന്ന വിഷവായുപോലെ, തീരാന്‍ കിടക്കുന്നവര്‍ അയല്‍പക്കങ്ങളിലേക്ക് വലിച്ചെറിയുന്ന കല്ല്, ബൂമറാംഗ് പോലെ അവരവരുടെ തലയില്‍ കല്ലുമഴ പെയ്യിക്കുന്നുണ്ട്. എത്ര അലക്കിയാലും കറമായാത്ത അടിയുടുപ്പുകള്‍ അലക്കിയുണക്കാന്‍ അയല്‍പക്കത്തെ ടെറസില്‍ അയക്കോലുകള്‍ തിരയുന്ന വരോര്‍ക്കണം, രാജാക്കന്‍മാര്‍ നഗ്‌നരായി തെരുവില്‍ രഥമേറി നടക്കുകയാണെന്ന.് കുട്ടികള്‍ മാത്രം അത് വിളിച്ചു കൂവുന്നുണ്ട്.
നഗരത്തില്‍ അനീതിയുണ്ടായാല്‍, ഇരുട്ടു പാര്‍ക്കും മുന്‍പ് അത് കത്തിച്ചാമ്പലാകണമെന്ന ആപ്തവാക്യം മെയ്ഫ്ളവര്‍ കുരിശിങ്കലെന്ന നടാലിയയെക്കൊണ്ട് പറയിക്കുമ്പോള്‍, ‘അമ്മാറൈറ്റ്’ എന്ന് അവള്‍ അമ്മമാരോട് ചോദിക്കും. ആപ്തവാക്യങ്ങള്‍ അപ്പന്‍മാരുടെ കുത്തകയല്ലാത്തതു കൊണ്ട് കന്യാസ്ത്രീകള്‍ എന്ന അമ്മമാരെന്ന അവര്‍ പറയും ‘അതെ’ എന്നോ’അല്ലാ’യെന്നോ. കന്യാചര്‍മ്മത്തിന്റെ പരിശുദ്ധി തിരക്കാന്‍ ടാക്സ് കൊടുക്കുന്നവരുടെ ചെലവില്‍ സംസ്‌ക്കാരമുണ്ടാക്കാന്‍ പോയവര്‍ അറിയണം, കമ്പോടുമായി കക്കുകളിക്കാന്‍ അമ്മമാര്‍ പരിശുദ്ധിയുടെ വെള്ളവസ്ത്രങ്ങളും ‘വേളാങ്കണ്ണി മാതാവിന്റെ സാരിച്ചേല’കളും ചുറ്റി വരുന്നുണ്ടെന്ന്.
രാഷ്ട്രീയവും സംസ്‌കാരവും സാമൂഹ്യമായ സകലതും കുത്തകയാക്കി വച്ചിരിക്കുന്നവരുടെ നെഞ്ചത്ത് കളം വരച്ച് അവര്‍ കക്കെറിയും. അന്ന് അവരോടൊപ്പം കത്തോലിക്കാസഭ ഒരുമിച്ചു ചോദിക്കും ‘ആം ഐ റൈറ്റ്-അമ്മാ റൈറ്റ്’. അവര്‍ അതിനെ നവീകരണവും അനുരഞ്ജനവും എന്നു വിളിക്കും. ഇനിയും ഉളുപ്പ് എന്ന ഉളമ്പുവെള്ളം പൊഴിയായി ബാക്കിയുണ്ടെങ്കില്‍ സ്വയം ആര്‍ക്കും ചോദിക്കാം: ”അമ്മാ റൈറ്റ്” ?
പിന്‍കുറിപ്പ്മൂത്രത്തില്‍ മുങ്ങിക്കിടന്ന പഴയൊരു സഖാവിനെ തുടച്ചെടുത്ത് പുത്തന്‍ ഉടുപ്പ് ഇടുവിച്ച് ആ റവ. സിസ്റ്റര്‍ പുറത്തേയ്ക്ക് പോയപ്പോള്‍ അയാള്‍ കരഞ്ഞ് എന്റെ കൈ പിടിച്ചു. അവള്‍ അയാളുടെ മകള്‍ മാത്രമല്ല, മദറും കൂടിയായിരുന്നു. നൊറോണയുടെ കഥ തുടങ്ങുന്നത് ഫെയദോര്‍ ദെസ്തയോവ്സ്‌ക്കിയെ ഉദ്ധരിച്ചുകൊണ്ടാണ്: നിങ്ങളുടെ വിരല്‍ത്തുമ്പിലെ സ്വര്‍ഗത്തെ, മനസുവച്ചാല്‍ ജീവിതത്തോളം അടുപ്പിക്കാമെന്ന നക്ഷത്രത്തിളക്കമുള്ള വാക്യം.
കടപ്പാട് : ഫാ.ഡോ. ഗാസ്പര്‍
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group