ലാസലെറ്റിലെ കരയുന്ന മാതാവ് പാവപ്പെട്ട രണ്ട് ഇടയ പൈതങ്ങളുടെ കഥയാണിത്.
ഒരു നാൾ അവരിരുവരും ആടുകളെ മേയ്ക്കാൻ മലയിലേക്ക് പോയി.ഒരു പാറക്കല്ലിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
അല്പനേരം മയങ്ങിയ ശേഷം ഉണർന്ന് നോക്കിയപ്പോൾ അവരുടെ ആടുകളെ കാൺമാനില്ല.
അടുത്ത കുന്നിലേക്ക് അവർ ഓടിക്കയറി. അതിന് താഴെയുള്ള താഴ്വാരത്ത് ആടുകൾ മേയുന്നത് കണ്ടപ്പോൾ അവർക്കാശ്വാസമായി.
ഉച്ചഭക്ഷണം കഴിക്കാനിരുന്ന പാറ ലക്ഷ്യമാക്കി അവർ തിരിച്ചു നടന്നു. പെട്ടന്നാണത് സംഭവിച്ചത്; ആ പാറക്കല്ലിൽ ഒരു അഗ്നിഗോളം.അതിനു നടുവിൽ ഒരു സ്ത്രീ ഇരുന്ന് കരയുന്നു. കുട്ടികളിൽ ഒരുവനായ മാക്സിമിൻ, കൂടെയുള്ള മെലനിയോട് പറഞ്ഞു:
“സൂക്ഷിക്കുക അതൊരു ഭൂതമാണെന്ന് തോന്നുന്നു.അത് നമ്മെ ആക്രമിക്കാൻ വന്നാൽ നമുക്ക് ഈ വടി ഉപയോഗിച്ച് തിരിച്ചാക്രമിക്കാം.”
ഇതെല്ലാം കണ്ടിട്ടും അസ്വഭാവികമായതൊന്നും സംഭവിക്കാത്തതു പോലെ ശാന്തമായ് നിന്നിരുന്ന ‘ലുലു’ എന്ന പട്ടിക്കുട്ടി അവരെ അതിശയപ്പെടുത്തി.
കുട്ടികളുടെ ഭയത്തെ ദുരീകരിച്ചു കൊണ്ട് ആ സ്ത്രീ എഴുന്നേറ്റ് പുഞ്ചിരിയോടെ അവരോട് പറഞ്ഞു:”ഭയപ്പെടേണ്ട മക്കളെ അടുത്ത് വരൂ …
നിങ്ങളോടെനിക്ക് ചിലകാര്യങ്ങൾ പറയാനുണ്ട് …”ഒരു കാന്തിക ശക്തിയാൽ അകപ്പെട്ടതുപോലെ അവർ ആ സ്ത്രീയ്ക്കരികിലേക്ക് ഓടിയടുത്തു.
അവൾ അവരോട് പ്രാർത്ഥനയെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചും ദൈവാലയാദരവിനെക്കുറിച്ചും വിശുദ്ധ ബലിയെക്കുറിച്ചും തന്റെ പുത്രനെ ആദരിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു.
അവൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവരോട് പറയണമെന്നും ആവശ്യപ്പെട്ടു.
1846 സെപ്തംബർ 19ന് ഫ്രാൻസിലെ ലാസലെറ്റ് മലയിൽമാക്സിമിനും മെലനിയ്ക്കും പ്രത്യക്ഷപ്പെട്ട ആ സ്ത്രീ പരിശുദ്ധ കന്യകാമറിയമായിരുന്നു.
നിങ്ങൾ മാനസാന്തരപ്പെട്ടില്ലെങ്കിൽ എന്റെ പുത്രന്റെ വിധിയുടെ കരങ്ങൾ താങ്ങി നിർത്താൻ ഇനിയുമെനിക്ക് കഴിയാതെ വരും” എന്ന അമ്മയുടെ കണ്ണീരിൽ ചാലിച്ച ഓർമപ്പെടുത്തൽ നമ്മുടെ ഹൃദയങ്ങളെ മൃദുവാക്കണം.
ദൈവരാജ്യ ശുശ്രൂഷയുടെ ആരംഭത്തിൽ ക്രിസ്തു നടത്തിയ ഓർമപ്പെടുത്തലും അതു തന്നെയായിരുന്നു:”മാനസാന്തരപ്പെടുവിന്‍;സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു”(മത്തായി 4 : 17).
പരിശുദ്ധ കന്യകാമറിയം തന്റെ മകന്റെ വാക്കുകൾ തന്നെ ലാസലെറ്റ് മലയിൽ ആവർത്തിച്ചുവെങ്കിൽ അവൾക്ക് നമ്മോടുള്ള സ്നേഹം എത്ര വലുതാണെന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്.
അമ്മയുടെ വാക്കുകൾ നെഞ്ചേറ്റി നമുക്ക് അനുതാപത്തോടെ ക്രിസ്തുവിലേക്ക് തിരിയാം.
കടപ്പാട് : ഫാദർ ജെൻസൺ ലാസലെറ്റ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group