ക്രിസ്തുവിനു വേണ്ടി ജീവൻ ബലികഴിച്ചവരുടെ രക്തസാക്ഷിത്വ സ്മരണകൾ പുതുക്കി 1500-ാം (523-2023) രക്തസാക്ഷിത്വ ജൂബിലി വർഷത്തിനായി തയ്യാറെടുത്ത് അറേബ്യൻ സഭ.
വടക്കൻ വികാരിയാത്തിന് പ്രത്യേകിച്ചും അറേബ്യൻ ഗൾഫിലുള്ള എല്ലാ ക്രിസ്ത്യൻ സമൂഹങ്ങൾക്കു പൊതുവെയും കൃപയുടെ വർഷമാണിതെന്ന് വടക്കൻ അറേബ്യയിലെ അപ്പസ്തോലിക വികാരിയായ ബിഷപ്പ് അൽഡോ ബെരാർഡി പറഞ്ഞു.ബഹ്‌റൈൻ,ഖത്തർ,കുവൈറ്റ്, സൗദി അറേബ്യ എന്നിവയുൾപ്പെടുന്ന വടക്കേ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ, ഒമാൻ എന്നിവയുൾപ്പെടുന്ന തെക്കേ അറേബ്യയിലെ അപ്പസ്തോലിക വികാരിയാത്തും ചേർന്നതാണ് അറേബ്യൻ സഭ.
ഈ മാസം 24-ന് ആരംഭിച്ച ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസിസ് പാപ്പായുടെ പ്രത്യേക അനുവാദത്തോടെ ദണ്ഡവിമോചനത്തിനു വേണ്ടിയുള്ള വിശുദ്ധ വാതിലുകളും തുറക്കപ്പെട്ടു. 2024 ഒക്ടോബർ 23 വരെയാണ് ഈ വാതിലുകൾ തുറന്നിരിക്കുന്നത്. കുവൈറ്റിലെ കോ-കത്തീഡ്രൽ,ബഹ്‌റൈനിലെ കത്തീഡ്രൽ, ബഹ്‌റൈനിലെ അറേബ്യൻ കത്തീഡ്രൽ, അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രൽ, സെന്റ് അരെത്താസ് ദേവാലയം എന്നിവിടങ്ങളിലാണ് തീർത്ഥാടകർക്ക് പ്രത്യേക കൃപ സ്വീകരിക്കുന്നതിനുള്ള വിശുദ്ധ വാതിലുകൾ തുറന്നിരിക്കുന്നത്.
അറേബ്യയിലെ സഭയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രപ്രകാരം അറേബ്യൻ രക്തസാക്ഷികളിൽ പ്രധാനപ്പെട്ടതാണ് AD 523-ൽ രക്തസാക്ഷിത്വം വരിച്ച അരേതാസും സംഘവും. ആറാം നൂറ്റാണ്ടിൽ, ഇന്നത്തെ യെമനിലുള്ള ഹിമ്യാർ പ്രവിശ്യയുടെ രാജാവ് തെക്കൻ അറേബ്യയിലെ ക്രിസ്ത്യാനികളെ ആസൂത്രിതമായി പീഡിപ്പിക്കുകയും പള്ളികൾ കത്തിക്കുകയും ആളുകളെ മതപരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയും ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചവരെ വധിക്കുകയും ചെയ്തതായി പറയുന്നു. ജൂബിലി വർഷത്തോടനുബന്ധിച്ച് കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ സമ്മാനമായി നൽകുന്ന വിശുദ്ധ അരേതാസിന്റെ തിരുശേഷിപ്പ് 2023 നവംബറിൽ ബഹ്‌റൈനിൽ എത്തിച്ചേരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group