ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന ദൈവദാസൻ മാർ മാത്യു കാവുകാട്ട്
ദിവംഗതനായിട്ട് ഇന്ന് 52 വർഷം പൂർത്തിയാകുന്നു.പിതൃസഹജമായ സ്നേഹത്തിന്റെ ഉടമയായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട്.സ്നേഹത്തിൽ ശുശ്രൂഷ ചെയ്യുക’എന്നത് തന്റെ മുദ്രാവാക്യമായി സ്വീകരിച്ച കാവുകാട്ടുപിതാവ് പരസ്നേഹത്തിന്റെ ആൾരൂപമായിരുന്നു. 1960 ഡിസംബർ 21 ന് തന്റെ പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് പിതാവ് ആഗ്രഹിച്ചത് ഒരു ഭവനനിർമാണപദ്ധതിയാണ്. ജൂബിലിയുടെ അവസരത്തിൽ പിതാവ് പ്രസിദ്ധപ്പെടുത്തിയ ഇടയലേഖനത്തിൽ ഇപ്രകാരം എഴുതി: “നമ്മുടെ പൗരോഹിത്യജൂബിലിയുടെ സ്മാരകമായി ഈ ഭവനനിർമാണപദ്ധതി സ്വീകരിച്ചുകാണുവാൻ നാം ആഗ്രഹിക്കുന്നു. ഇടവകകൾ തോറും വീടില്ലാത്തവർക്കുവേണ്ടി പണിതിട്ടുള്ള വീടുകളുടെ ഫോട്ടോകളടങ്ങിയ ആൽബമായിരിക്കും പൗരോഹിത്യജൂബിലി സംബന്ധിച്ച് എനിക്കേറ്റം പ്രിയങ്കരമായ ഉപഹാരം”. എന്റെ പൗരോഹിത്യസ്വീകരണ വർഷമായിരുന്നു അത്.
അതിരന്പുഴ ഫൊറോനായിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഞാൻ പിതാവിന്റെ ആഗ്രഹപ്രകാരം ചെറുപുഷ്പമിഷൻലീഗ് അംഗങ്ങളായിരുന്ന കുട്ടികളെക്കൊണ്ട് ഭാഗ്യക്കുറി വിതരണത്തിലൂടെ പണംപിരിച്ച് ഒരു വീടു പണിയിച്ചു.
പിതാവുതന്നെ വന്ന് ആ വീട് വെഞ്ചരിക്കുകയും, വീടില്ലാത്ത ഒരു കുടുംബത്തിന് താക്കോൽദാനം നിർവഹിക്കുകയും ചെയ്തു.കുഞ്ഞുമക്കളോട് പിതാവ് സംസാരിക്കുന്നു’ എന്ന പേരിൽ, അതിരൂപതയുടെ ഒൗദ്യോഗികപ്രസിദ്ധീകരണമായ വേദപ്രചാരമധ്യസ്ഥനിൽ കുട്ടികൾക്ക് പിതാവ് എഴുതിയിരുന്ന കത്തുകൾ പ്രസിദ്ധങ്ങളാണ്. വിശ്വാസപരിശീലനം കുട്ടികളിൽ ഒതുക്കിനിർത്താതെ മുതിർന്നവർക്കും ആവശ്യമാണെന്ന ബോധ്യം പിതാവിനുണ്ടായിരുന്നു.
മുതിർന്നവരുടെ വിശ്വാസപരിശീലനം ലക്ഷ്യമാക്കി പിതാവ് ആരംഭിച്ച പ്രസ്ഥാനമാണ് ‘അദ്ധ്യയനമണ്ഡലം.’വേനൽക്കാലത്ത് പീരുമേട് ചാൾസ്വില്ലയിൽ താമസിച്ചുകൊണ്ട് ഹൈറേഞ്ചിലെ പള്ളികൾ സന്ദർശിക്കുന്ന പതിവ് കാവുകാട്ടുപിതാവിനുണ്ടായിരുന്നു. വിനയാന്വിതവും സ്നേഹോഷ്മളവുമായ പെരുമാറ്റശൈലിയും ലളിതവും ഹൃദ്യവുമായ പ്രസംഗശൈലിയും സ്വന്തമാക്കിയിരുന്ന പിതാവ് തന്റെ അജഗണങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനംപിടിച്ചു. സഭയുടെ വിശ്വാസം പ്രഗത്ഭമായ രീതിയിൽ പഠിപ്പിക്കുന്ന ഒരു പ്രബോധകനായിരുന്നു പിതാവ്.
സീറോമലബാർസഭയ്ക്കുവേണ്ടി ആരംഭിച്ച വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി പടുത്തുയർത്താൻ റോമിൽനിന്ന് ഉത്തരവാദിത്വമേല്പിച്ചത് മാർ കാവുകാട്ടിനെയാണ്. സെമിനാരിയുടെ ശരിയായ ദിശയിലുള്ള വളർച്ച പിതാവിന്റെ പ്രധാനപ്പെട്ട ഒരു അജപാലനലക്ഷ്യമായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group