വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഫലമായുണ്ടാകുന്ന തീരശോഷണത്തിൽ സ്വന്തം വീട് നഷ്ടമായതിനെത്തുടർന്ന് താൽക്കാലികമായി താമസിക്കാൻ കിട്ടിയ മുറിയുടെ ഭിത്തിയിൽ ഒൻപത് വയസുകാരി ജോഷ്ന ജോണ് വെടിപ്പുള്ള കയ്യക്ഷരത്തിൽ എഴുതിയിട്ടു: ‘ക്യൂട്ട് ഫാമിലി, ഗോഡ് ബ്ലസ് യു ഫാമിലി’.
ജോഷ്നയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് ജോണ് പീറ്ററും റോസി ജോണും മക്കളായ ജോഫിതയും ജോഷ്നയും റൊണാൾഡോയും സാന്റിയോയും വലിയതുറ സിമന്റ് ഗോഡൗണിനുള്ളിലെ ആ ഒറ്റമുറി ‘ക്യാബിൻ’ വീട്ടിലെത്തിയത്.
വീടു നഷ്ടപ്പെട്ടതിനെത്തുടർന്ന് താമസിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കി നൽകിയ ആ വീട്ടിൽ നിന്നുള്ള മോചനത്തിനായി കഴിഞ്ഞ ഏഴു വർഷമായി കാത്തിരിക്കുകയാണ് ഈ കുടുംബം.
കാറ്റും വെളിച്ചവും കടക്കാത്ത ഭീമൻ കെട്ടിടത്തിനുള്ളിൽ 100 ചതുരശ്ര അടി വിസ്തീർണത്തിൽ കഷ്ടിച്ച് അഞ്ചരയടി പൊക്കത്തിൽ തകര ഷീറ്റുകൾ കൊണ്ട് ഭിത്തിയുണ്ടാക്കി വാതിലിട്ട മേൽക്കൂരയില്ലാത്ത ഒരു വീട്! ലിവിംഗ് റൂമും കിടപ്പുമുറിയും അടുക്കളയും എല്ലാം അതിനുള്ളിലാണ്.
ഒരാൾക്ക് സുഗമമായി ജീവിക്കാൻ ഏറ്റവും കുറഞ്ഞത് 150 ചതുരശ്ര അടി സ്ഥലമെങ്കിലും വേണമെന്ന ശാസ്ത്രീയ സിദ്ധാന്തങ്ങൾ നിലനിൽക്കുന്ന നാട്ടിലാണ് 100 ചതുരശ്ര അടിക്കുള്ളിൽ മാതാപിതാക്കളും നാലു മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞ ഏഴു വർഷമായി ദുരിതജീവിതം നയിക്കുന്നത്.
‘ശവപ്പെട്ടിമുറി’
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ കൊടുംപിരി കൊള്ളുന്പോൾ സമരക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിയെന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്. അപ്പോഴും വലിയതുറയിലെ നാല് സിമന്റ് ഗോഡൗണുകളിൽ ഒരുക്കപ്പെട്ട 64 ‘ശവപ്പെട്ടിമുറി’കൾക്കുള്ളിൽ കുടുംബവും കൂട്ടുകുടുംബവുമായി മുന്നൂറിലേറെ മനുഷ്യർ വർഷങ്ങളായി നരകത്തിലെന്നതുപോലെ ജീവിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം തീരദേശ ജനതയുടെ മനസിൽ കടൽ പോലെ അലയടിക്കുകയാണ്.
കാലപ്പഴക്കത്താൽ ജീർണിച്ച ഗോഡൗണിന്റെ മേൽക്കൂരയിൽ മിക്ക സ്ഥലങ്ങളും പൊട്ടലുകൾ വീണിരിക്കുന്നു. ഒരു ചെറു ചാറ്റൽമഴ പെയ്താൽ തുള്ളി വെള്ളംപോലും പുറത്തുപോകാതെ ഈ ഗോഡൗണിനുള്ളിലേക്ക് ഒഴുകുന്ന സ്ഥിതി. ഇതിനുള്ളിലാണ് ഏറ്റവും കുറഞ്ഞത് അഞ്ച് അംഗങ്ങൾ ഉള്ള ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തെയും പാർപ്പിച്ചിരിക്കുന്നത്. പിറന്നിട്ട് ദിവസങ്ങൾ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഗുരുതരമായ രോഗങ്ങൾ ബാധിച്ച് അവശത അനുഭവിക്കുന്ന വൃദ്ധർ വരെ ഈ കുടുസുമുറിയിലെ ദുരിതത്തിൽ ജീവിക്കുകയാണ്.വിദ്യാർഥികളായ പെണ്കുട്ടികൾക്ക് വസ്ത്രം മാറണമെങ്കിൽ, കടലിൽ പണിക്കു പോയി ക്ഷീണിതരായി മടങ്ങിയെത്തി ഉള്ള സ്ഥലത്ത് ഇത്തിരി വിശ്രമിക്കുന്ന പിതാവിനെയും സഹോദരനെയും മുറിക്ക് പുറത്തിറക്കും.
അടുക്കളയും കിടപ്പുമുറിയുമെല്ലാമായ ഇവിടെ കുട്ടികൾക്ക് ഇരുന്നു പഠിക്കാനുള്ള അന്തരീക്ഷമില്ല. നാല് ഗോഡൗണുകളിലായി താമസിക്കുന്ന നൂറുകണക്കായ മനുഷ്യർക്കായി പത്ത് ടോയ്ലറ്റുകൾ മാത്രമാണുള്ളത്.
കാലപ്പഴക്കവും കടൽക്കാറ്റുമേറ്റ് ഇതിന്റെ വാതിലുകളൊക്കെ തുരുന്പിച്ച് അടർന്നിളകിയ നിലയിലും. പെണ്കുട്ടികൾക്ക് ടോയ്ലറ്റിൽ പോകേണ്ടിവരുന്പോൾ അമ്മമാർ പുറത്ത് കാവൽ നിൽക്കും. വൃദ്ധരായവരും ശാരീരിക അവശതകളുമുള്ള അമ്മമാരും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി ഗോഡൗണിനുള്ളിൽനിന്ന് മീറ്ററുകളോളം നടന്ന് പുറത്തെത്തണം.
ചൂടും പൊടിയും അസുഖവും..
.പകൽസമയങ്ങളിൽ ആസ്ബസ്റ്റോസ് ഷീറ്റിട്ട ഈ കെട്ടിടത്തിനുള്ളിലെ ചൂട് സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് ഇവിടത്തെ അന്തേവാസിയായ എഴുപത്തിരണ്ടുകാരൻ ലിബോറി പറയുന്നു. ചൂടും പൊടിയും മൂലവും മതിയായ അളവിൽ കാറ്റു കടക്കാത്തതിനാലും ഇവിടത്തെ ജീവിതം മനുഷ്യരെ അസുഖക്കാരാക്കി മാറ്റുന്നു. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരും വൃദ്ധരും വരെ ഏതാനും വർഷങ്ങൾകൊണ്ട് പലവിധത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ നേരിടുന്നുണ്ടെന്നും ലിബോറി പറഞ്ഞു. ലിബോറിയുടെ ഭാര്യ പെണ്ണമ്മയ്ക്ക് കാൻസറാണ്. ചികിത്സയ്ക്കു പണമില്ല. നല്ല പ്രായം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീടും സ്ഥലവും കടലെടുത്തു. ലിബോറിയുടെ മൂന്നു മക്കളും അവരുടെ കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. ഓരോ തവണയും വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ സർക്കാർ ആശ്രയമറ്റ തങ്ങൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും ലിബോറി പറഞ്ഞു.
പാമ്പും എലിയും, കാക്കകളും ഇവിടെ സ്വൈരവിഹാരം നടത്തുകയാണ്. പാകം ചെയ്തു വച്ച ഭക്ഷണം പോലും മനഃസമാധാനമായി കഴിക്കാൻ കഴിയില്ലെന്ന് അന്തേവാസിയായ മാഗ്ലിൻ പറയുന്നു. ശ്രദ്ധ ഒന്നു മാറിയാൽ, പല കാര്യങ്ങൾക്കിടയിൽ പാകം ചെയ്ത ഭക്ഷണം അടച്ചുവയ്ക്കാൻ മറന്നാൽ അതിലെല്ലാം എലികൾ കയറും. ഗോഡൗണിനുള്ളിൽ മേൽക്കൂരയിലെ ഉത്തരത്തിൽ കാക്കകൾ വന്നിരിക്കും. അവ ചിലപ്പോൾ ഭക്ഷണവും വസ്ത്രവും കിടക്കയുമെല്ലാം വൃത്തികേടാക്കും. “ഒരു നിവൃത്തിയുമില്ല പൊന്നുമോനേ… ഇവിടന്ന് ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു…”-ഇതു പറയുന്പോൾ മാഗ്ലിന്റെ കണ്ണിൽ സങ്കടക്കടൽ ഇളകിമറിഞ്ഞു.
എത്രകാലമീ ദുരിതജീവിതം?
കടലാക്രമണവും തീരശോഷണവുംമൂലം വീടുകൾ നഷ്ടമായ ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാണ് വിഴിഞ്ഞം സമരസമിതി സർക്കാരിനു മുന്നിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകാതെ വന്നപ്പോൾ സിമന്റ് ഗോഡൗണിൽ കഴിയുന്ന ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുവരെ ഇവർക്ക് വാടകയില്ലാതെ താത്കാലിക താമസം സർക്കാർ ഒരുക്കി നൽകണമെന്ന ആവശ്യം സമരസമിതി മുന്നോട്ടു വച്ചു. ഇതു സംബന്ധിച്ചു നടന്ന ചർച്ചയിൽ, ഇവർക്ക് വീട് വാടകയ്ക്ക് എടുക്കുന്നതിനായി 5500 രൂപ വീതം നൽകാമെന്നാണ് സർക്കാർ അറിയിച്ചത്.
എന്നാൽ ഈ തുകയ്ക്ക് നഗരത്തിൽ എവിടെയും വാടകവീട് കിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇനി കിട്ടിയാൽ തന്നെ വീട്ടുടമസ്ഥർ ആവശ്യപ്പെടുന്ന ഭീമമായ ഡിപ്പോസിറ്റ് തുക ഉള്ളതെല്ലാം നഷ്ടപ്പെട്ട് നിരാശ്രയരായി കഴിയുന്ന തങ്ങൾ എവിടെനിന്നു കണ്ടെത്തുമെന്നും ഇവർ ചോദിക്കുന്നു. ഇതു സംബന്ധിച്ച് തുടർചർച്ചകൾ ഒന്നും ഉണ്ടാകാതെ വന്നതോടെ ഇനിയെത്ര കാലം ഈ ദുരിതജീവതം തുടരണമെന്നത് ഇവിടത്തെ അമ്മമാരുടെയും പെണ്കുട്ടികളുടെയും മുന്നിൽ ചോദ്യമായി നിലനിൽക്കുകയാണ്.
കടപ്പാട് : ഡി. ദിലീപ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group