ഡൊണാൾഡ് ട്രംപിനുനേരെ വധശ്രമം: വെടിയേറ്റത് വലത് ചെവിയിൽ

വാഷിംഗ്‌ടണ്‍: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ ആക്രമണമുണ്ടായത്.

പൊതുവേദിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ അക്രമി വെടിയുതിർക്കുകയായിരുന്നു . അദ്ദേഹത്തിന്റെ വലതുചെവിക്ക് വെടിയേറ്റതായാണ് റിപ്പോർട്ട്. ട്രംപിന്റെ മുഖത്തുനിന്ന് രക്തമൊഴുകുന്നത് പുറത്തുവന്ന ചിത്രങ്ങളിലും വീഡിയോകളിലും വ്യക്തമായി കാണാം.

വലതു ചെവിയില്‍ വെടിയേറ്റുവെന്നും മുഴങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നുമാണ് സംഭവത്തെക്കുറിച്ച്‌ ട്രംപ് പറഞ്ഞത്. വെടിയുണ്ട ശരീരത്തില്‍ തട്ടുന്നത് തനിക്ക് അനുഭവപ്പെട്ടുവെന്ന് ട്രംപ് ആശുപത്രിയില്‍ വച്ച്‌ പറഞ്ഞുവെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

വെടിയേറ്റ ട്രംപിനെ വളഞ്ഞ സുരക്ഷാ സേന ഉടൻതന്നെ അദ്ദേഹത്തെ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിർത്തതെന്നു സംശയിക്കുന്ന ആളും റാലിയില്‍ പങ്കെടുത്ത ഒരാളും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ശനിയാഴ്ച വൈകുന്നേരം 6.15 ന് (പ്രാദേശിക സമയം) നടന്ന റാലിക്കിടെയായിരുന്നു ആക്രമണമുണ്ടായത്. അഭിസംബോധന തുടങ്ങി അല്പസമയം കഴിഞ്ഞപ്പോഴായിരുന്നു വെടിവച്ചത്. റാലി നടക്കുന്നതിന് സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് അക്രമി വെടിവയ്പ്പുണ്ടായത്. അക്രമി എട്ടുതവണ വെടിവച്ചുവെന്നാണ് റിപ്പോർട്ട്. കൊലപാതക ശ്രമമാണോ നടന്നതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വ്യക്തമല്ല.

സുരക്ഷാ സൈനികരുടെ വെടിയേറ്റ് അക്രമിയുടെ തല തകർന്ന നിലയിലാണ്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്.

1981 ല്‍ റൊണാള്‍ഡ് റീഗന് നേരെയുണ്ടായ ആക്രമണത്തിനു ശേഷം അമേരിക്കയില്‍ ഒരു പ്രസിഡന്റിനുനേരെയോ പ്രസിഡൻഷ്യല്‍ സ്ഥാനാർത്ഥിക്കു നേരെയോ ഉണ്ടാകുന്ന ആദ്യ വധശ്രമാണിപ്പോഴത്തേതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group