ക്രൈസ്തവർക്ക് എതിരെയുള്ള ആക്രമണങ്ങൾക്ക് നേരെ അന്വേഷണത്തിന് ആഹ്വാനം പുറപ്പെടുവിച്ച് ഇന്ത്യൻ ബിഷപ്പ്

   ക്രൈസ്തവർക്ക് എതിരായി വർദ്ധിച്ചുവരുന്ന വിദ്വേഷങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് അന്വേഷിക്കാൻ പ്രാദേശിക സർക്കാറിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ സാമൂഹ്യ പ്രവർത്തക, പ്രാദേശിക കത്തോലിക്കാ ബിഷപ്പ് എന്നിവർ മുൻപോട്ട് വന്നു. സാമൂഹ്യ പ്രവർത്തകയായ മേധാ പട്കറിന്റെ റിപ്പോർട്ടനുസരിച്ച് സെപ്റ്റംബർ 22 – 23 തീയതികൾക്കിടയിൽ കക്രബേടാ, സിൻഗാൻപുർ, ടില്ലിയാബേടാ എന്നിങ്ങനെ ഛത്തിസ്ഗഡിലെ 3 ഗ്രാമങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള വ്യാപക അക്രമസംഭവങ്ങൾ നടന്നു.      അനിമിസ്റ്റ് ഗോത്ര മതമായ സർണയുടെ ആചാരങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ ക്രൈസ്തവർ വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഒരു ഗോത്ര വിഭാഗത്തിന്റെ മാത്രം ക്ഷേമം സംരക്ഷിക്കുന്നത് ഖേദകരമാണെന്നും വിവിധ മതങ്ങൾക്കിടയിൽ സാമുദായിക ഐക്യം രൂപീകരിക്കുന്നതിനായി നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും റായ്ഗഡിലെ ബിഷപ്പ് പോൾ ടോപ്പോ യൂ സി എ ന്യൂസിനോട് പറഞ്ഞു.   ഗോത്രസമൂഹങ്ങൾ സ്വതവേ സമാധാനപ്രിയരും മറ്റുമതങ്ങളുമായി നല്ല ബന്ധം പുലർത്തുന്നവരുമാണ്, എന്നാൽ ചില പ്രത്യേക വിഭാഗങ്ങൾ മത സ്പർദ്ധയും വിദ്വേഷവും സൃഷ്ടിക്കുന്നതിലാണ് താൽപര്യം പ്രകടിപ്പിക്കുന്നത് എന്നത് നിർഭാഗ്യകരമാണെന്നും ബിഷപ്പ് അറിയിക്കുന്നു.       ഒരു കൂട്ടം അക്രൈസ്തവരുടെ ആക്രമണത്തിൽ 16 ക്രിസ്ത്യൻ ഭവനങ്ങൾക്ക് ഭാഗികമായി നാശം സംഭവിച്ചുവെന്നും സ്ത്രീകളും കുട്ടികളും അടക്കം ആക്രമിക്കപ്പെടാൻ ഇട വന്നതിനാൽ പലരും വനത്തിൽ അഭയംതേടിയിരിക്കുകയാണെന്നും യൂ സി എ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തിരുന്നു.     ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഈ മേഖലകളിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മേധാ പട്കർ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനോട് ആവശ്യപ്പെട്ടുവെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്തയെ ബിഷപ്പ് ടോപ്പോ ശരിവെച്ചിട്ടുണ്ട്.     ജാതിമത വിവേചനം കൂടാതെ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും ഉണ്ടെന്നും ജനങ്ങളുടെ സുരക്ഷ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ബിഷപ്പ് പറയുന്നു. 2020 പകുതിയോടെ പ്രത്യേകിച്ച് ലോക്ക്ഡൗൺ സാഹചര്യത്തിൽ ക്രൈസ്തവർക്കെതിരെ ഉള്ള ആക്രമണങ്ങൾ 40 ശതമാനമായി വർദ്ധിച്ചു എന്നും റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു.  ജനുവരി മാസം മുതൽ ജൂൺ വരെ അഞ്ചു റേപ്പുകളും ആറ് കൊലപാതകങ്ങളും ഉൾപ്പെടെ 293 കേസുകളാണ് ക്രൈസ്തവർക്കെതിരെനടന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 22 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഛത്തീസ്ഗഡ് അടിസ്ഥാനമാക്കിയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് അന്വേഷണങ്ങൾ ഊർജിതമാക്കണമെന്ന ആവശ്യവുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group