August 09: കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ

1891-ല്‍ ഇപ്പോള്‍ റോക്ക്ലാ എന്നറിയപ്പെടുന്ന പോളണ്ടിലെ ബ്രെസാലുവിലെ ഒരു ഉന്നത യഹൂദ കുടുംബത്തിലായിരുന്നു വിശുദ്ധ തെരേസ ബെനഡിക്ടാ ജനിച്ചത്‌. എഡിത്ത് സ്റ്റെയിന്‍ എന്നായിരിന്നു അവളുടെ ആദ്യകാല പേര്. പ്രമുഖ ജര്‍മ്മന്‍ സര്‍വ്വകലാശാലകളിലുള്ള പഠനങ്ങള്‍ വഴി നേടിയ അഗാധമായ പാണ്ഡിത്യം മൂലം അറിയപ്പെടുന്ന ഒരു തത്വചിന്തകയായി വിശുദ്ധ മാറി. തന്റെ കൗമാരത്തില്‍ തന്നെ യഹൂദ മതത്തിലുള്ള വിശ്വാസം ഉപേക്ഷിച്ച എഡിത്ത്, ഗോട്ടിന്‍ജെന്‍ സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയായിരിക്കെ വ്യക്തിപരമായ അനുഭവങ്ങളേയും, ചേതനകളേയും ഘടനാപരമായി പഠിക്കുന്ന ‘ഫിനോമിനോളജി’ എന്ന തത്വശാത്ര ശാഖയില്‍ ആകൃഷ്ടയായി തീര്‍ന്നു. പ്രമുഖ ‘ഫിനോമിനോളജിസ്റ്റ്’ ആയിരുന്ന എഡ്മണ്ട് ഹുസ്സെര്‍ട്ടിന്റെ ശിഷ്യത്വത്തില്‍ തെരേസ തന്റെ പഠനത്തില്‍ പുരോഗമിക്കുകയും 1916-ല്‍ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടുകയും ചെയ്തു.

1922 വരെ തെരേസ ഒരു സര്‍വ്വകലാശാല അദ്ധ്യാപികയായി സേവനം ചെയ്തു, പിന്നീട് സ്പെയറിലെ ഡൊമിനിക്കന്‍ വിദ്യാലയത്തിലേക്ക്‌ മാറി. പക്ഷേ നാസികളുടെ സമ്മര്‍ദ്ദം കാരണം മ്യൂണിക്കിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജോലി വിശുദ്ധക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. തന്റെ പതിനാലാമത്തെ വയസ്സില്‍ ദൈവവിശ്വാസം നഷ്ടപ്പെട്ട തിളക്കമാര്‍ന്ന തത്വചിന്തകയായിരുന്ന എഡിത്ത് സ്റ്റെയിന്‍ ഒരിക്കല്‍ ആവിലായിലെ വിശുദ്ധ തെരേസായുടെ ജീവചരിത്രം വായിക്കുവാനിടയായി. ഈ സംഭവം അവളുടെ ജീവിതത്തെ പാടെ മറിക്കുകയും,അവളുടെ ജ്ഞാനസ്നാനത്തില്‍ അവസാനിച്ച ആത്മീയയാത്രയുടെ പുതിയൊരു തുടക്കം കുറിക്കുകയും ചെയ്തു. 1933-ല്‍ ആവിലായിലെ വിശുദ്ധ തെരേസയെ അനുകരിച്ചു കൊണ്ട് അവള്‍ ഒരു കര്‍മ്മലീത്ത സന്യാസിനിയായി തീരുകയും കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ടാ എന്ന നാമം സ്വീകരിക്കുകയും ചെയ്തു.

1934-38 കാലയളവില്‍ കൊളോണ്‍ കാര്‍മ്മലില്‍ താമസിച്ചതിനു ശേഷം, വിശുദ്ധ നെതര്‍ലന്‍ഡിലെ എക്റ്റിലെ കര്‍മ്മലീത്ത ആശ്രമത്തിലേക്ക് മാറി. 1940-ല്‍ നാസികള്‍ ആ രാജ്യം തങ്ങളുടെ അധീനതയിലാക്കി. ഡച്ച് മെത്രാന്‍മാര്‍ തങ്ങളെ തള്ളിപ്പറഞ്ഞതിന്റെ പ്രതികാരമായി നാസികള്‍ ക്രിസ്തുമതം സ്വീകരിച്ച ഡച്ച് ജൂതന്‍മാരെ മുഴുവന്‍ അറസ്റ്റ് ചെയ്തു. 1942-ല്‍, യഹൂദ പാരമ്പര്യമുള്ള നിരവധി കത്തോലിക്കാ വിശ്വാസികള്‍ക്കൊപ്പം വിശുദ്ധയെയും സംഘത്തെയും നാസി ഭരണകൂടം അറസ്റ്റ് ചെയ്യുകയും കന്നുകാലികളെ കടത്താന്‍ ഉപയോഗിച്ചിരുന്ന ട്രെയിനില്‍ കയറ്റി ഓഷ്വിറ്റ്‌സ് തടങ്കല്‍ പാളയത്തിലേക്ക്‌ അയക്കുകയും ചെയ്തു. തെരേസ ബെനഡിക്ടായും കത്തോലിക്കാ വിശ്വാസിയായിരുന്ന അവളുടെ സഹോദരി റോസായും അതില്‍ ഉള്‍പ്പെട്ടിരുന്നു, ഇവര്‍ രണ്ടുപേരും ഓഷ്വിറ്റ്സിലെ തടങ്കല്‍പാളയത്തിലെ വിഷവാതക അറയില്‍ കിടന്ന് 1942 ഓഗസ്റ്റ്‌ 9-ന് മരണപ്പെടുകയാണുണ്ടായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group