തന്റെ ജീവിതകാലം മുഴുവനും അഗാധമായ ദൈവഭക്തി വച്ച് പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു വിശുദ്ധ ലൂയീസ് ഒമ്പതാമന്‍.
പന്ത്രണ്ടാമത്തെ വയസ്സില്‍ ഫ്രാന്‍സിലെ രാജാവായി തീര്‍ന്ന വിശുദ്ധ ലൂയീസ് ഒമ്പതാമനെ (1215-1270) മതപരമായ ഔന്നത്യത്തിലേക്ക് കൈ പിടിച്ചു നടത്തിയത് അദ്ദേഹത്തിന്റെ മാതാവായിരുന്ന കാസ്റ്റിലേയിലെ ബ്ലാന്‍ചെ ആയിരുന്നു.ഒരു രാജാവെന്ന നിലയില്‍ പോലും അദ്ദേഹത്തിന്റെ സ്വഭാവം ഒരു യഥാര്‍ത്ഥ വിശുദ്ധന്റേതു പോലെ തന്നെയായിരുന്നു. രാജ്യത്തിന്റേയും, ക്രിസ്ത്യന്‍ ലോകത്തിന്റേയും ക്ഷേമത്തിനായി തന്റെ ജീവിതം തന്നെ ലൂയീസ് സമര്‍പ്പിച്ചു. ഒരു നല്ല സമാധാന സ്ഥാപകനും കൂടിയായിരുന്നു അദ്ദേഹം. നിരവധി രാജാക്കന്‍മാര്‍ തമ്മിലുള്ള തങ്ങളുടെ തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പാക്കുന്നതിന് നിരന്തരം വിശുദ്ധന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. വിനീതമായ ഹൃദയത്തിന് ഉടമയായ വിശുദ്ധ ലൂയീസ് തന്റെ പദവിയെ വകവെക്കാതെ പാവങ്ങള്‍ക്ക് സഹായമാവുകയും, കുഷ്ഠരോഗികളേയും, മറ്റ് രോഗികളേയും സ്വയം പരിചരിക്കുകയും ചെയ്തു.
ദൈവഭക്തിയിലും, ദിവ്യകാരുണ്യ സ്വീകരണത്തിലും വിശുദ്ധന്‍ വളരെയധികം ആവേശം കാണിക്കുകയും, അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. യുദ്ധക്കളത്തില്‍ ധീരനും, സല്‍ക്കാരങ്ങളില്‍ മാന്യനുമായിരുന്ന ലൂയീസ്, ഉപവാസവും, കര്‍ക്കശമായ ജീവിത രീതിയും പാലിച്ചിരുന്നു.തലമുറകളോളം മാതൃകയാക്കിയ ഒരു നല്ല ഭരണമായിരുന്നു ലൂയീസ് കാഴ്ചവെച്ചത്.
സന്യാസ സഭകളുടെ ഒരു വലിയ സുഹൃത്തും, തിരുസഭയുടെ ഒരു വലിയ ഉപകാരിയുമായിരുന്നു വിശുദ്ധ ലൂയീസ് ഒമ്പതാമന്‍. വിശുദ്ധ നഗരത്തിന്റെ മോചനത്തിനു വേണ്ടിയുള്ള കുരിശുയുദ്ധത്തിനിടയില്‍ ടുണീസിന് സമീപമാണ് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചത്.
ട്രിനിറ്റാരിയന്‍ മൂന്നാം സഭയില്‍ അംഗമായിരുന്ന ലൂയീസ്, ഫ്രാന്‍സിസ്കന്‍ സഭയുടെ ഒരു ശക്തനായ സഹായി കൂടിയായിരുന്നു. അതിനാല്‍ തന്നെ, രാജാവിന്റെ സഹായങ്ങള്‍ക്ക് പ്രത്യുപകാരമായും, അദ്ദേഹത്തിന്റെ കത്തോലിക്കാപരമായ ജീവിതമാതൃകയും വിശുദ്ധ ബൊനവന്തൂരയെ ആകര്‍ഷിച്ചിരിന്നു. ടുണീസില്‍ വെച്ച് വിശുദ്ധന്‍ മരണപ്പെടുന്നതിനു ഒരു ദശകം മുന്‍പ് തന്നെ വിശുദ്ധ ബൊനവന്തൂര ഫ്രാന്‍സിസ്കന്‍ സഭയുടെ ജനറല്‍ സമ്മേളനത്തില്‍ വെച്ച് വര്‍ഷംതോറും ഒരു ദിവസം വിശുദ്ധന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും, ഭക്തിയും ആചരിക്കേണ്ടത് ആവശ്യമാണെന്ന് നിര്‍ദ്ദേശിച്ചു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സമിതി ആ നിര്‍ദ്ദേശം സ്വീകരിക്കുകയും, ലൂയീസ് ഒമ്പതാമന്റെ മരണശേഷം ഉടന്‍ തന്നെ ഫ്രാന്‍സിസ്കന്‍ സഭ അദ്ദേഹത്തിന്റെ വിശുദ്ധ പദവിക്ക് വേണ്ടിയുള്ള പ്രചാരണം തുടങ്ങുകയും ചെയ്തു. ലൂയീസ് ഒമ്പതാമന്‍ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട ഉടന്‍തന്നെ സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ സഭയും, ഫ്രാന്‍സിസ്കന്‍ തേര്‍ഡ് ഓര്‍ഡര്‍ റെഗുലര്‍ സഭയും അദ്ദേഹത്തെ തങ്ങളുടെ സംരക്ഷകനും, മധ്യസ്ഥനുമായി ആദരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group