ഓഗസ്റ്റ് 29: വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരഛേദനത്തിന്റെ ഓര്‍മ്മപുതുക്കല്‍…

തിരുസഭയില്‍ നാലാം നൂറ്റാണ്ടു മുതലാണ് വിശുദ്ധ സ്നാപക യോഹന്നാന്റെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ തിരുനാൾ ആഘോഷിക്കാൻ തുടങ്ങിയത്. കൂടാതെ ജൂണ്‍ 24-ന് സ്നാപകയോഹന്നാന്റെ ജനനതിരുനാളും സഭ ആഘോഷിക്കുന്നുണ്ട്. വിശുദ്ധരുടെ ഗണത്തിൽ നിന്നും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സ്നാപകയോഹന്നാന്റെയും മാത്രമാണ് ജനനതിരുനാളുകൾ ആഘോഷിക്കപ്പെടുന്നത്.
വിശുദ്ധ സ്നാപക യോഹന്നാന്‍ കൊല്ലപ്പെടുവാനുള്ള സാഹചര്യങ്ങളേയാണ് ഇന്നത്തെ സുവിശേഷത്തില്‍ വിവരിക്കുന്നത്. സ്വന്തം സഹോദരന്റെ ഭാര്യയായിരുന്ന ഹേറോദിയായെ അവളുടെ ഭര്‍ത്താവ്‌ ജീവിച്ചിരിക്കെ അന്യായമായി സ്വന്തമാക്കിയത് തെറ്റാണെന്ന്‍ രാജാവിന്റെ മുഖത്ത് നോക്കി പറയുവാനുള്ള ധൈര്യം വിശുദ്ധ സ്നാപകയോഹന്നാന്‍ കാണിച്ചു. യോഹന്നാനെ പിടികൂടി തടവിലാക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഹേറോദിയാ ഹേറോദേസിലൂടെ അത് നടപ്പിലാക്കുകയും, തന്റെ മകളായ സലോമിയിലൂടെ വിശുദ്ധനെ ശിരഛേദം ചെയ്യുവാനുള്ള അവസരം മുതലാക്കുകയും ചെയ്തു.

വിശുദ്ധന്റെ ശരീരം സമരിയായിലാണ് അടക്കം ചെയ്തിരുന്നത്. 362-ല്‍ വിജാതീയര്‍ വിശുദ്ധന്റെ ശവകുടീരം ആക്രമിക്കുകയും തിരുശേഷിപ്പുകള്‍ കത്തിച്ചു കളയുകയും ചെയ്തു. അതില്‍ കുറച്ചു ഭാഗം മാത്രം അവിടുത്തെ സന്യാസിമാര്‍ക്ക് സംരക്ഷിക്കുവാന്‍ കഴിഞ്ഞുള്ളൂ. അവ പിന്നീട് അലെക്സാണ്ട്രിയായില്‍ വിശുദ്ധ അത്തനാസിയൂസിനു അയച്ചു കൊടുത്തു.

വിശുദ്ധന്റെ ശിരസ്സിനെ നിരവധി സ്ഥലങ്ങളില്‍ ആദരിക്കുന്നുണ്ട്. ബ്രെസ്ലാവുവിലുള്ള ഡൊമിനിക്കന്‍ ദേവാലയത്തിലും മറ്റനേകം ദേവാലയങ്ങളിലും വിശുദ്ധ സ്നാപക യോഹന്നാന്റെ ശിരസ്സിനെ ആദരിച്ചു വരുന്നു. യേശുവിനു വഴിയൊരുക്കാന്‍ വന്നവന്‍ യേശുവിനു വേണ്ടി തന്റെ ജീവന്‍ നല്‍കി. അവനെ തടവിലാക്കിയവന്‍ യേശുവിനെ നിരാകരിക്കുവാനല്ലായിരുന്നു അവനോടു ആവശ്യപ്പെട്ടത്, മറിച്ച് സത്യം പറയാതിരിക്കുവാനാണ്. എന്നാലും അവന്‍ സത്യം പറയുകയും യേശുവിനു വേണ്ടി മരണം വരിക്കുകയും ചെയ്തു.

സത്യത്തിനു വേണ്ടി യോഹന്നാന്‍ തന്റെ രക്തം ചിന്തിയതിനാല്‍, അവന്‍ തീര്‍ച്ചയായും യേശുവിനു വേണ്ടിയാണ് തന്നെയാണ് മരണം വരിച്ചത്‌. സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച സ്നാപകയോഹന്നാന്റെ ശക്തിയും ഉന്നതിയും മഹത്തായിരുന്നു. സ്വര്‍ഗ്ഗീയ സമാധാനത്തിന്റെ സ്വാതന്ത്ര്യത്തേക്കുറിച്ചായിരുന്നു അവന്‍ ഉദ്ഘോഷിച്ചതുo.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group