അയര്‍ലണ്ടിലെ ഒരു കുലീനകുടുംബത്തിലായിരുന്നു വിശുദ്ധ ഫിയാക്കർ ജനനം.
ഒരു മെത്രാന്റെ കീഴില്‍ വിദ്യ അഭ്യസിച്ച ഫിയാക്കര്‍ തികഞ്ഞ ദൈവഭക്തിയില്‍ തന്നെ വളര്‍ന്നു. ഭൗതീകമായ നേട്ടങ്ങളെല്ലാം തന്നെ ക്രിസ്തുവിനെ നേടുന്നതില്‍ ഉപകാരശൂന്യമാണെന്ന് മനസ്സിലാക്കിയ ഫിയാക്കര്‍, ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് ഏകാന്ത വാസം നയിക്കുവാനായി ചില ഭക്തരായ സഹചാരികള്‍ക്കൊപ്പം തന്റെ രാജ്യം വിട്ട് ഫ്രാന്‍സിലേക്ക് പോയി. ഫ്രാന്‍സിലെ മിയൂക്സ് എന്ന നഗരത്തിലെത്തിയ ഫിയാക്കര്‍ അവിടുത്തെ മെത്രാനായിരുന്ന വിശുദ്ധ ഫാരോയുടെ അടുത്തെത്തി. ഫിയാക്കര്‍ മെത്രാന് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ആ അപരിചിതനിലെ നന്മയുടേയും, കഴിവിന്റേയും അടയാളങ്ങള്‍ കണ്ട് ആ പിതാവ് അതിശയപ്പെടുകയും, ബ്രീ എന്ന പ്രവിശ്യയിലെ ബ്രിയൂലി എന്ന വനത്തില്‍ ഏകാന്ത വാസത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.
ഫിയാക്കര്‍ അവിടത്തെ മരങ്ങള്‍ വെട്ടിത്തെളിച്ചു നിലം വൃത്തിയാക്കി ചെറിയ തോട്ടത്തോട് കൂടിയ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കി. പരിശുദ്ധ കന്യകയുടെ നാമധേയത്തില്‍ ഒരു പ്രാര്‍ത്ഥനാ മുറിയും അതില്‍ ഉണ്ടാക്കി. തന്റെ ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഫിയാക്കര്‍ എന്ന സന്യാസി അവിടെ പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. അദ്ദേഹം തന്റെ തോട്ടം കിളച്ചുമറിക്കുകയും തന്റെ ഉപജീവനത്തിനാവശ്യമായവക്കായി അവിടെ കഠിനാധ്വാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതരീതി വളരെ കര്‍ക്കശമായിരുന്നു. ക്രമേണ നിരവധി പേര്‍ ഉപദേശത്തിനും ആശ്വാസത്തിനുമായി വിശുദ്ധനെ സന്ദര്‍ശിക്കുവാന്‍ തുടങ്ങി.
പിന്നീട് വിശുദ്ധന്‍ തന്റെ മുറിയില്‍ നിന്നും കുറച്ച് ദൂരെയായി അപരിചിതര്‍ക്കും, തീര്‍ത്ഥാടകര്‍ക്കുമായി ഒരു ആശുപത്രി നിര്‍മ്മിച്ചു. അവിടെ അദ്ദേഹം തന്റെ സ്വന്തം കൈകൊണ്ട് ദരിദ്രരായ രോഗികളെ ശുശ്രൂഷിച്ചു. അനേകം രോഗികള്‍ക്ക് അവിടെ വെച്ചു രോഗശാന്തി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും സ്ത്രീകളെ തന്റെ ആശ്രമപരിസരത്ത് പ്രവേശിക്കുവാന്‍ വിശുദ്ധന്‍ അനുവദിച്ചിരുന്നില്ല. ഇത് ഐറിഷ് സന്യാസിമാര്‍ കണിശമായി പാലിച്ചിരുന്ന ഒരു നിയമമായിരുന്നു. തന്റെ മരണംവരെ വിശുദ്ധ ഫിയാക്കര്‍ ഈ നിയമം തെറ്റിച്ചിരുന്നില്ല.ഹെക്ടര്‍ ബോയിട്ടിയൂസ്, ഡേവിഡ് കമേരാരിയൂസ്, മെത്രാനായിരുന്ന ലെസ്ലി എന്നിവരുടെ വിവരണമനുസരിച്ച്: ക്ലോട്ടയര്‍ രണ്ടാമന്റെ കാലത്തെ സ്കോട്ട്ലന്റിലെ രാജാവിന്റെ മൂത്തപുത്രനായിരുന്നു വിശുദ്ധ ഫിയാക്കര്‍. തന്റെ രാജ്യത്തിന്റെ പ്രതിനിധികള്‍ ഫ്രാന്‍സിലെത്തി വിശുദ്ധനോട് തിരികെ വന്ന് രാജ്യഭരണമേറ്റെടുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും, ‘അനശ്വരമായ കിരീടം നേടുവാനായി താന്‍ ഭൗതികനേട്ടങ്ങളെ ഉപേക്ഷിക്കുകയാണ്’ എന്നായിരുന്നു വിശുദ്ധന്‍ അവര്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ ഈ സംഭവങ്ങളൊന്നും വിശുദ്ധന്റെ പുരാണ ജീവചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതായി കാണുന്നില്ല. 670 ഓഗസ്റ്റ് 30-നാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.അദ്ദേഹത്തിന്റെ സ്വന്തം പ്രാര്‍ത്ഥനാ മുറിയില്‍ തന്നെയായിരുന്നു വിശുദ്ധന്റെ ശരീരം അടക്കം ചെയ്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group