ഓഗസ്റ്റ് 17: വിശുദ്ധ ലിബേരാറ്റൂസും, സഹ വിശുദ്ധരും രക്തസാക്ഷികളുമായ ആറ് സന്യാസിമാരും.

483-ൽ ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ചവരാണ് ലിബേരാറ്റൂസും, സഹ വിശുദ്ധരും.

ആഫ്രിക്കയിലെ അരിയന്‍ ഗോത്രരാജാവായിരുന്ന ഹെണെറിക്ക് തന്റെ ഭരണത്തിന്റെ ഏഴാം വര്‍ഷത്തില്‍, കത്തോലിക്ക വിശ്വാസികള്‍ക്കെതിരായി ഒരു പുതിയ ഉത്തരവിറക്കി. എല്ലാ ആശ്രമങ്ങളും, ദേവാലയങ്ങളും നശിപ്പിക്കണമെന്നായിരുന്നു ഉത്തരവിന്റെ കാതല്‍. ബൈസാസെനാ പ്രവിശ്യയില്‍ കാസ്പാക്ക് സമീപമുള്ള ഒരു ആശ്രമത്തില്‍ ഏഴോളം സന്യാസിമാരുണ്ടായിരുന്നു. അവരെ കാര്‍ത്തേജിലേക്ക് വിളിച്ചു വരുത്തി. ലിബേരാറ്റൂസ് ആയിരുന്നു അവരുടെ ആശ്രമാധിപന്‍, ബോനിഫസ് ഡീക്കനും, സെര്‍വൂസ്‌, റസ്റ്റിക്കൂസ്‌ എന്നിവര്‍ സഹ-ഡീക്കന്‍മാരുമായിരുന്നു. റൊഗാറ്റസ്, സെപ്റ്റിമസ്, മാക്സിമസ് എന്നിവര്‍ സന്യാസിമാരും.

ആദ്യം ഹെണെറിക്ക് അവരെ നിരവധി വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ധീരരും ദൈവ ഭക്തരുമായിരുന്ന അവരുടെ മറുപടി ഇപ്രകാരമായിരിന്നു, “ഒരു വിശ്വാസം, ഒരു ദൈവം, ഒരു ജ്ഞാനസ്നാനം. ഞങ്ങളുടെ ശരീരത്തോടു നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക, ഒപ്പം നിങ്ങള്‍ ഞങ്ങള്‍ക്ക്‌ വാഗ്ദാനം ചെയ്ത നശ്വരമായ സമ്പത്തെല്ലാം നിങ്ങള്‍ തന്നെ സൂക്ഷിച്ചു കൊള്ളുക”.

ത്രിത്വൈക ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസത്തിലും, ഏക ജ്ഞാനസ്നാനത്തിലും അവര്‍ ഉറച്ചു നിന്നതോടെ കനത്ത ഇരുമ്പ് ദണ്ഡുകള്‍ ശരീരങ്ങളില്‍ ബന്ധിച്ച് അവരെ ഇരുട്ടറയില്‍ അടച്ചു. എന്നാല്‍ അവിടത്തെ ക്രിസ്തു വിശ്വാസികള്‍ ആ ഇരുട്ടറയുടെ കാവല്‍ക്കാരെ പാട്ടിലാക്കുകയും അവരെ സ്വാധീനിച്ചു ദിനവും രാത്രിയും വിശുദ്ധരെ സന്ദര്‍ശിക്കുകയും അവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ക്രിസ്തുവിന് വേണ്ടി മരണം വരിക്കുവാന്‍ ആ വിശുദ്ധര്‍ പരസ്പരം ധൈര്യം പകര്‍ന്നു കൊണ്ടിരുന്നു. ഇതേക്കുറിച്ചറിഞ്ഞ രാജാവ്‌ അവരെ അതുവരെ കേള്‍ക്കാത്ത മര്‍ദ്ദന ഉപകരണങ്ങള്‍ കൊണ്ട് മര്‍ദ്ദിക്കുവാനും, കൂടുതല്‍ ഭാരമുള്ള ഇരുമ്പ് ദണ്ഡുകളില്‍ ബന്ധിക്കുവാനും ഉത്തരവിട്ടു. അധികം താമസിയാതെ രാജാവ്‌ അവരെ ഒരു പഴയ കപ്പലില്‍ ഇരുത്തി കടലില്‍ വെച്ച് അഗ്നിക്കിരയാക്കുവാന്‍ ഉത്തരവിട്ടു.

പോകുന്നവഴിയിലുള്ള മുഴുവന്‍ അരിയന്‍ മതവിരുദ്ധവാദികളുടെ അപമാനങ്ങളെ നിന്ദിച്ചുകൊണ്ട്, വളരെ സന്തോഷത്തോടു കൂടിയാണ് ആ രക്തസാക്ഷികള്‍ കടല്‍ തീരത്തേക്ക്‌ പോയത്‌. ചെറുപ്പക്കാരനായിരുന്ന മാക്സിമസിനെ പാട്ടിലാക്കുവാന്‍ പ്രത്യേക ശ്രമം തന്നെ ആ മര്‍ദ്ദകര്‍ നടത്തി; തന്റെ നാമം സ്തുതിക്കുവാന്‍ ചെറിയ കുട്ടികളുടെ നാവിനെപ്പോലും വിശേഷപ്പെട്ടതാക്കുന്ന ദൈവം, അവരുടെ പ്രലോഭനനങ്ങളെ ചെറുക്കുവാനുള്ള ധൈര്യം വിശുദ്ധന് നല്‍കി. ‘ആരുടെയൊപ്പമാണോ താന്‍ നിത്യമഹത്വത്തിനു വേണ്ടി പരിശ്രമിച്ചു കൊണ്ട് അനുതാപ ജീവിതം നയിക്കുന്നത് ആ ദിവ്യനായ ആശ്രമാധിപനില്‍നിന്നും സഹോദരന്‍മാരില്‍ നിന്നും തന്നെ ഒരിക്കലും വേര്‍തിരിക്കുവാന്‍ കഴിയില്ല’ എന്ന് അവന്‍ വളരെ കര്‍ശനമായി തന്നെ പറഞ്ഞു. അതേതുടര്‍ന്ന് ഉണങ്ങിയ വിറക്‌ കൊള്ളികള്‍ നിറച്ച ഒരു പഴയ യാനപാത്രത്തില്‍ ആ ഏഴു പേരെയും കയറ്റി മരത്തില്‍ ബന്ധിച്ചു.

നിരവധി തവണ തീ കൊളുത്തിയെങ്കിലും പെട്ടെന്ന് തന്നെ അത് അണഞ്ഞു പോയി. ആ യാനപാത്രത്തിനു തീ കൊളുത്തുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അതില്‍ കോപാകുലനായ ആ രാജാവ്‌ തുഴകള്‍ ഉപയോഗിച്ച് അവരുടെ തലച്ചോര്‍ തകര്‍ക്കുവാന്‍ ഉത്തരവിടുകയും, അപ്രകാരം ചെയ്യുകയും ചെയ്തു. അവരുടെ മൃതദേഹങ്ങള്‍ കടലിലേക്കെറിഞ്ഞുവെങ്കിലും, ആ തീരത്ത് പതിവില്ലാത്ത രീതിയില്‍ ആ മൃതദേഹങ്ങള്‍ ആ കരക്കടിഞ്ഞു. അവിടത്തെ വിശ്വാസികള്‍ ആ വിശുദ്ധരുടെ മൃതദേഹങ്ങള്‍ എടുത്ത്‌ ബിഗുവായിലെ വിശുദ്ധ സെലെരിനൂസിന്റെ ദേവാലയത്തിന് സമീപം ആദരവോടെ അടക്കം ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group