മൊബൈലിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ആര്‍ക്കും നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറാതെതന്നെ പണം അയക്കാന്‍ കഴിയുന്ന വിദ്യ യൂനിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (UPI) നമുക്കിടയിലുണ്ടാക്കിയ സ്വാധീനം വലുതാണ്.
എസ്.ബി.ഐ പോലെ ദേശസാല്‍കൃത ബാങ്കുകളിലോ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ പോലെ സ്വകാര്യ ബാങ്കുകളിലോ അക്കൗണ്ടുള്ളവര്‍ക്കെല്ലാം യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍, സഹകരണ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് യു.പി.ഐ അക്കൗണ്ട് ഉണ്ടാക്കാനാവില്ല. വാലിഡിറ്റിയുള്ള, ആക്ടിവാക്കിയ എ.ടി.എം കാര്‍ഡും മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്ത അക്കൗണ്ട് നമ്ബറും ഉണ്ടെങ്കില്‍ മാത്രമേ യു.പി.ഐ അക്കൗണ്ട് തുടങ്ങാൻ സാധിക്കുകയുള്ളൂ.
ഇന്ത്യക്ക് പുറത്തിരുന്ന് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ റോമിങ് എനേബ്ളായ നമ്ബറായിരിക്കണം അത്. ഗൂഗ്ള്‍ പേയില്‍ ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ ആധാര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യം വന്നുതുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്ബറും എ.ടി.എം കാര്‍ഡും ഉണ്ടെങ്കില്‍ യു.പി.ഐ ആപ് വഴി അക്കൗണ്ട് തുടങ്ങാം.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗ്ള്‍ പേ (ജി -പേ), ഫോണ്‍ പേ, പേ.ടി.എം എന്നിവയാണ്. നമ്മളാഗ്രഹിക്കുന്ന നിരവധി സൗകര്യങ്ങള്‍ അതിലുണ്ടാകുമെങ്കിലും അവയെല്ലാം തേഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ആണെന്നതിനാല്‍ അതിലൂടെ നടക്കുന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ബാങ്കുകള്‍ പരിഗണിക്കില്ല എന്നുംകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ബാങ്കുകള്‍ റെക്കമൻഡ് ചെയ്യുന്നത് അതത് ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ യു.പി.ഐ ആക്ടിവേറ്റ് ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ഭിം ആപ്പോ ഉപയോഗിക്കാനാണ്. അവയിലൂടെ നടക്കുന്ന ഇടപാടുകള്‍ക്ക് മാത്രമേ ബാങ്കുകള്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നുള്ളൂ.
തേഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് പേമെന്റ് നടത്തി പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ ആവില്ല എന്നതാണു സത്യം. സാധാരണയായി നമ്മള്‍ ഒരു ഇടപാട് നടത്തി അത് പരാജയപ്പെടുകയും അക്കൗണ്ടില്‍നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്താല്‍ ഏഴു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ (ഏഴു ദിവസമല്ല) ആ തുക തിരികെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും. അങ്ങനെ ആ തുക വന്നിട്ടുണ്ടോ എന്നറിയാന്‍ നിങ്ങള്‍ ട്രാന്‍സാക്ഷനുപയോഗിച്ച ആപ്പിന്‍റെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി നോക്കിയാല്‍ അതിലത് കണ്ടെത്താനാവില്ല. അതിന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ ലേറ്റസ്റ്റ് സ്റ്റേറ്റ്മെന്റ് എടുത്തുനോക്കുകതന്നെ വേണം.
ഇനി ഏഴു ദിവസത്തിനകവും വന്നിട്ടില്ലെങ്കില്‍ ആ തുക തിരികെ ലഭിക്കാനായി പലവിധത്തിലുള്ള സൗകര്യങ്ങളുണ്ട്. അതിലൊന്ന് ഏത് ആപ്ലിക്കേഷന്‍ വഴിയാണോ പണം ട്രാന്‍സ്ഫര്‍ ചെയ്തത് അവരുടെ കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെടുക എന്നതാണ്. കസ്റ്റമര്‍ കെയര്‍ നമ്ബറിനായി ഒരിക്കലും ഗൂഗിളില്‍ സെര്‍ച് ചെയ്യരുത്. അത്തരത്തില്‍ നിങ്ങള്‍ എത്തപ്പെടുന്നത് ഹാക്കര്‍മാര്‍ ഒരുക്കുന്ന വ്യാജ കസ്റ്റമര്‍ കെയര്‍ സെന്ററിലായിരിക്കും. ഗൂഗ്ള്‍ പേ ആണെങ്കില്‍ അതില്‍ വലതു വശത്ത് പ്രൊഫൈല്‍ ഐക്കണില്‍ സെലക്‌ട് ചെയ്ത് ‘ഗെറ്റ് ഹെല്‍പ്’ എന്നത് ഉപയോഗിക്കുക. ഫോണ്‍ പേയില്‍ പ്രൊഫൈല്‍ ഫോട്ടോ സെലക്‌ട് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ വലതു വശത്തുള്ള ‘ചോദ്യചിഹ്ന’ത്തില്‍ തൊട്ടാല്‍ അവരെ ബന്ധപ്പെടാം.
നമ്മുടെ അക്കൗണ്ടിലേക്ക് സംശയകരമായ ഉറവിടത്തില്‍നിന്ന് പണം വന്നാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെട്ടേക്കാം. അത് യു.പി.ഐ ഉപയോഗിച്ചതുകൊണ്ടാകണമെന്നില്ല. ബാങ്ക് ട്രാന്‍സ്ഫര്‍ ആയാലും സംഭവിക്കാം. നമ്മുടെ അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ അന്വേഷണം തീരുംവരെ ആ തുക ഉപയോഗിക്കാന്‍ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അപരിചിതരുമായി/കസ്റ്റമേഴ്സുമായി യു.പി.ഐ ഇടപാടിനായി ഉപയോഗിക്കുന്ന അക്കൗണ്ടില്‍ വലിയ തുകകള്‍ സൂക്ഷിക്കാതെ, യു.പി.ഐ ഉപയോഗിക്കാത്ത മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാകും ഉചിതം.
തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താല്‍ അതെങ്ങനെ തിരികെ എടുക്കാം എന്ന് പലരും അന്വേഷിക്കുന്ന കാര്യമാണ്. അതിനായി നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ അവരുടെ വെബ്സൈറ്റില്‍ https://www.npci.org.in/what-we-do/upi/dispute-redressal-mechanism എന്ന ലിങ്കില്‍ സൗകര്യമുണ്ട്. ഇവിടെ ഇഷ്യൂ Incorrectly transferred to another account എന്നത് സെലക്‌ട് ചെയ്ത് ട്രാന്‍സാക്ഷന്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ടിന്റെയും പാസ് ബുക്കിന്റെ കോപ്പിയും സബ്മിറ്റ് ചെയ്യണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group