നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി കേരള പൊലീസ്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ പോസ്റ്ററിലാണ് ബേസില്‍ ഇടം നേടിയത്.
കേരള പൊലീസ് വളരെ രസകരമായി അവതരിപ്പിച്ച പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നേരത്തേയും ഇത്തരത്തിലുള്ള പോസ്റ്ററുകളും തലക്കെട്ടുകളുമായി കേരള പൊലീസ് സോഷ്യല്‍ മീഡിയയുടെ കൈയടി വാങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ എയറിലാക്കിയത്. കാലിക്കറ്റ് എഫ്സി-ഫോഴ്‌സ കൊച്ചി മത്സരം കാണുന്നതിന് ഫോര്‍സ കൊച്ചിയുടെ ഉടമസ്ഥനായ നടനും സംവിധായകനുമായ പൃഥ്വിരാജും കാലിക്കറ്റ് എഫ്‌സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങിയിരുന്നു. ഇതിന്റെ വീഡിയോ ദ്രുതഗതിയിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ബേസിലിനെ ട്രോളി നടന്‍ ടൊവിനോ തോമസും ക്രിക്കറ്റ് താരം സഞ്ജു സാംസണും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസും സംഭവം ഏറ്റെടുത്തത്.
പോസ്റ്ററില്‍ പൃഥ്വിരാജിനെ ചിരി ഹെല്‍പ് ലൈനായും ബേസിലിനെ മാനസിക സമ്മര്‍ദവുമായാണ് പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ബേസിലിന് കൈകൊടുക്കാതെ മടങ്ങിയ കളിക്കാരനെയാകട്ടെ കുട്ടികള്‍ എന്ന നിലയിലും അവതരിപ്പിച്ചു. നിമിഷ നേരം കൊണ്ടാണ് കേരള പൊലീസിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേര്‍ കമന്റുമായി എത്തി. ‘കേരള പൊലീസേ നിങ്ങളും’ എന്നാണ് ഒരാള്‍ കമന്റിട്ടത്. ‘ഇത് കാണുന്ന ബേസിലിന്റെ സമ്മര്‍ദം ആര് കുറയ്ക്കും’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘ഒരു കുട്ടിയെ വേദനിപ്പിച്ചിട്ടാണോ മറ്റ് കുട്ടികളെ ചിരിപ്പിക്കുന്ന’തെന്ന് ബേസിലിനെ ഉന്നംവെച്ച് മറ്റൊരാളും കമന്റിട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m