വത്തിക്കാൻ സിറ്റി: ഫ്രാൻസിൽ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മരണത്തിന് കാരണമായ നീസ് – നോട്രാഡാം ബസലിക്കയിലുണ്ടായ ജിഹാദി ആക്രമണത്തിൽ ഖേദം രേഖപ്പടുത്തി ഫ്രാൻസിസ് മാർപാപ്പ. നീസ് രൂപത ബിഷപ്പ് ‘ആൻഡ്രോ മാർസെയൂവിന് വത്തിക്കാൻ സെക്രട്ടറി ‘കർദിനാൾ പിയെട്രോ പരോളിൻ’ അയച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് മാർപാപ്പ ഫ്രഞ്ച് ജനതയോടുള്ള തന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാർഥിക്കുകയും ഒപ്പം, ഫ്രാൻസിനെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരമേല്പിക്കുന്നതായും മാർപാപ്പാ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
ക്രൈസ്തവർക്കെതിരായ ഭീകരതയും ആക്രമണവും ഫ്രാൻസിൽ വർധിച്ച് വരുന്നതിനെതിരെ ശക്തമായ പ്രതിക്ഷേധ നടപടികൾ ഫ്രഞ്ച് ഗവണ്മെന്റ് സ്വീകരിക്കുന്നുണ്ട്. ഫ്രാൻസിലെ വിശ്വാസ സമൂഹത്തിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ് നിരന്തരം അരങ്ങേറുന്ന ജിഹാദി അക്രമണങ്ങളെന്നും മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു. ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി മാർപാപ്പ പ്രാർഥിക്കുന്നുണ്ടെന്നും അക്രമം അവസാനിപ്പിക്കാൻ നമുക്ക് പരസ്പരം സഹോദര്യത്തോടെ മുന്നേറാമെന്നും മാർപാപ്പ തന്റെ സന്ദേശത്തിൽ രേഖപ്പെടുത്തി.
മതനിന്ദ ആരോപിച്ച് സാമുവേൽ പാറ്റിയെന്ന അധ്യാപകനെ ഇസ്ലാമിക ഭീകരവാദി കൊലപ്പെടുത്തിയതിന്റെ തുടർച്ചയായിട്ടാണ് നീസ്- നോട്രാഡാം ബസലിക്കയിലെ മൂന്ന് ക്രൈസ്തവരുടെ കൊലപാതകം. ഇസ്ലാമിക മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അക്രമി, കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആദ്യം ഇരയായ സ്ത്രീയുടെ കഴുത്തറുത്താണ് അക്രമി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ 45 വയസ്സുള്ള കപ്യാര് ഉൾപ്പെടെ രണ്ടു പേരെ അക്രമി കൊലപ്പെടുത്തി. പ്രവാചകനിന്ദയുള്ള കാർട്ടൂൺ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അക്രമി അധ്യാപകനെ കൊലപ്പെടുത്തിയത്. ഇന്നലെ ബസലിക്കയിൽ നടന്ന കൊലപാതകവും ഇതിന്റെ പശ്ചാത്തലത്തിലാണോയെന്ന് അന്വേഷിച്ച് വരുന്നതായി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ നീസിൽ എത്തിയിരുന്നു.
ഫ്രാൻസിലെ ഭീകരാന്തരീക്ഷം വിശ്വാസികൾക്ക് തികച്ചും പ്രതികൂലമാണെന്നും, സാഹോദര്യത്തിന്റെ മാതൃകയിലൂടെ ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തരാകണമെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി. ‘എല്ലാവരും സഹോദരർ’ എന്ന മാർപാപ്പയുടെ ചാക്രികലേഖനം പ്രധാനമായും പങ്കുവെയ്ക്കുന്ന ആശയം ഇന്നത്തെ സാഹചര്യത്തിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നതാണ്. ക്രിസ്തീയ വിശ്വാസികളെ ഉൻമൂലനം ചെയ്യാൻ മത-മൗലിക വാദികൾ നടത്തുന്ന ആക്രമണങ്ങൾ തികച്ചും ഖേദകരമാണെന്ന് ക്രിസ്തീയ സംഘടനകൾ അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group