ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുക. ബാഹ്യനേത്രങ്ങൾ ഉപയോഗിച്ചല്ല ആരും ദൈവത്തെ അന്വേഷിക്കുന്നത്. ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ അന്വേഷിക്കുന്നത്, ഹൃദയം കൊണ്ട് ദൈവത്തെ അന്വേഷിക്കണമെങ്കിൽ നാം ഹൃദയത്തെ വിശുദ്ധീകരിക്കണം. ഹൃദയം എന്ന ശാരീരിക അവയവത്തെ പദം കൊണ്ട് വിശേഷിപ്പിക്കാമെങ്കിലും, പൂർണ്ണമായ അർത്ഥത്തിൽ ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത് നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്.
ഒരു മനുഷ്യന്റെ വിചാരങ്ങളും വികാരങ്ങളും തീരുമാനങ്ങളും വളരെ തീഷ്ണമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനു ശേഷമാണ് അയാൾ ഹൃദയത്തിൽ ശുദ്ധിയുള്ളവനായി മാറുന്നത്. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണെന്നു പറഞ്ഞ ഈശോ, അതോടൊപ്പം തന്നെ, ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി പിതാവായ ദൈവം വെട്ടിയൊരുക്കുന്നു എന്നും നമ്മോടു പറഞ്ഞിട്ടുണ്ട് (യോഹന്നാൻ 15:1-17). നമ്മുടെ ഹൃദയത്തിൽ വേരുപാകിയിരിക്കുന്ന അനാവശ്യമായുള്ളവ എല്ലാം അഗ്നിയിൽ ദഹിപ്പിച്ചും വെട്ടിയോരുക്കിയും, നമ്മുടെ എല്ലാ പ്രവർത്തികളുടെയും വിചാരങ്ങളുടെയും തീരുമാനങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം ദൈവം ആയി മാറുമ്പോഴാണ് നമ്മൾ ഹൃദയശുദ്ധി ഉള്ളവരാകുന്നത്.
നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ദൈവമഹത്വത്തിനായി മനസും ഹൃദയവും ദൈവത്തിനു മുൻപാകെ സമർപ്പിക്കുവാൻ തയ്യാറാകുക. അടുത്തതായി നാം ഹൃദയത്തെയും മനസിനെയും ഒരുക്കേണ്ടത് പ്രാർത്ഥനയോടെയും ഉപവാസത്തോട് കൂടിയും ആയിരിക്കണം. നാം ഒരോരുത്തർക്കും ദൈവമായ കര്‍ത്താവിനെ അന്വേഷിക്കാന്‍ ഹൃദയവും മനസും ഒരുക്കുവാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m