ആർസുവിനും മരിയയ്ക്കും ഒരേ വിധി, ഞെട്ടൽ മാറാതെ പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം

പാകിസ്ഥാൻ: തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനവും തുടർന്ന് വിവാഹവും നടത്തിയ  മരിയ ഷഹബാസിന് പിന്നാലെ പതിമൂന്ന് വയസ്സുകാരി ആർസുവിനെയും തട്ടിക്കൊണ്ട് പോയവനൊപ്പം വിട്ടുകൊണ്ട് പാക്ക് ഹൈക്കോടതി വിധി. പാകിസ്ഥാനിലെ കറാച്ചിയിലെ റയിൽവേ കോളനി നിവാസിയായ ആർസൂവിനെ അയൽവാസിയായ മുസ്ലിം യുവാവ് അസ്ഹർ അലിയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിത മത പരിവർത്തനം നടത്തിയത്. പ്രതിയുടെ വാദങ്ങൾ മാത്രം ശരിവെച്ച കോടതിവിധിയിൽ പാകിസ്ഥാനിലെ ക്രൈസ്തവ സമൂഹം ഒന്നടങ്കം ഞെട്ടലിലാണ്.

 ഒക്ടോബർ 13 നാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആർസൂവിനെ അലി അസ്ഹർ എന്ന മധ്യവയസ്കൻ  തട്ടികൊണ്ടുപോയത്. ആർസൂവിന്റെ മാതാപിതാക്കൾ വേണ്ട നിയമനടപടികൾ സ്വീകരിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ആർസൂവിന് 18 വയസ്സ് തികഞ്ഞെന്നും, പ്രായപൂർത്തിയായ ആർസൂ  ഇസ്ലാമിലേക്ക്‌ മതപരിവർത്തനം നടത്തിയെന്നുമായിരുന്നു പിന്നീട് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം. നിരവധി മുസ്ലിം സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇടയിൽ ഭീകരാന്തരീക്ഷത്തിലാണ് പെൺകുട്ടിയെ ബലംപ്രയോഗിച്ച് കോടതിയിലേക്ക്  കൊണ്ടുവന്നത്.

  അസ്ഹർ അലിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച സിദ്ധ് ഹൈക്കോടതി, യാതൊരുവിധ നിയമനടപടികളും ഈ വിഷയത്തിൽ അസ്ഹർ അലിക്കും കുടുംബത്തിനുംമേൽ പാടില്ലെന്ന് പ്രസ്ഥാപിച്ചു. പാക്ക്  ക്രൈസ്തവർ മതത്തിന്റെ പേരിൽ കോടതയിലും മറ്റ് അധികാര മേഖലകളിലും നേരിടേണ്ടി വരുന്ന വിവേചനത്തിന്റെ ഉത്തമ ഉദാഹരണമാണ് ആർസൂ വിഷയത്തിലെ കോടതി വിധിയെന്ന് ക്രൈസ്തവ അനുകൂല സംഘടനകൾ പ്രതികരിച്ചു.

 സിദ്ധ് ഹൈക്കോടതിയുടെ പക്ഷപാതകരമായ വിധിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. പ്രായപൂർത്തിയാവാത്ത പെണ്കുട്ടികളെ വിവാഹം കഴിക്കുന്നത് നിർത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ആർസൂവിന്റെ പിതാവ് തന്റെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കോടതിയിൽ ഹാജറാക്കിയെങ്കിലും അത് പരിഗണിക്കാത്ത ജഡ്‌ജിയുടെ തീരുമാനത്തിനെതിരെയും ശക്തമായ പ്രതിഷേധം അരങ്ങേറുന്നുണ്ട്.

 മരിയ ഷഹ്ബാസിന്റെ കേസിൽ ലാഹോർ ഹൈക്കോടതി വിധി ആഗോളതലത്തിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിദ്ധ് ഹൈക്കോടതി ആർസൂ കേസിൽ ഇത്തരമൊരു വിധി പ്രസ്ഥാപിക്കുന്നത്. പോലീസും കോടതിയും രാജ്യത്തെ മുസ്ലിം ഭൂരിപക്ഷത്തിന് അനുകൂലമായി മാത്രം വിധി നടത്തുന്നുവെന്ന്  പൊന്തിഫിക്കൽ സന്നദ്ധ സംഘടയായ ‘എയ്ഡ് ടൂ ദി ചർച്ച് ഇൻ നീഡ്’ ചൂണ്ടിക്കാട്ടി. മകളുടെ മോചനത്തിനായി ആർസൂവിന്റെ മാതാപിതാക്കളും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group