ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ പ്രാർഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ച് വിശ്വാസികൾ

പാരീസ്: വിശുദ്ധ കുർബാനയ്ക്കേർപ്പെടുത്തിയ നിരോധനത്തോടുള്ള പ്രതിക്ഷേധ സൂചകമായി ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ പ്രാർഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയോടുള്ള അടങ്ങാത്ത ആവേശമാണ് ഈ പ്രതിക്ഷേധത്തിന്റെ കാരണമെന്ന് കൂട്ടായ്മാ സംഘടനകൾ അറിയിച്ചു. ദേശവ്യാപകമായി ഒക്ടോബർ 30-ന് ആരംഭിച്ച രണ്ടാം ലോക്ക്ഡൗണിന്റെ ഭാഗമായി കുർബാനകൾക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രാർഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ചത്. മുന്നൂറിലധികം വിശ്വാസികൾ തെക്ക്-പടിഞ്ഞാറൻ നഗരമായ ബോർഡ്യൂക്സിലെ കത്തീഡ്രലിനിന് പുറത്ത് ഞായറാഴ്ച സംഘടിപ്പിച്ച പ്രാർഥനാ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തിരുന്നു. ഫേസ്മാസ്ക്കും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു കൂട്ടായ്മകൾ സംഘടിപ്പിച്ചത്.

സ്ട്രോസ്ബെർഗ്, വേഴ്സായ്ലസ്, തുടങ്ങിയ നഗരങ്ങളിലും സമാനമായ പ്രാർഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച റെന്നെസിലെ കത്തീഡ്രലിന് പുറത്തു നടത്തിയ കൂട്ടായ്മയിൽ ഏതാണ്ട് 25 ഓളം വിശ്വാസികൾ പങ്കെടുത്തിരുന്നു. നാന്റെസിലെ പരിശുദ്ധ കന്യാമാതാവിന്റെ രൂപത്തിന് മുന്നിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ മഴയെപ്പോലും വകവെക്കാതെയാണ് നൂറുകണക്കിന് വിശ്വാസകൾ പങ്കെടുത്തത്. പരമാവധി 30- പേരെ പങ്കെടുപ്പിച്ചുകൊണ്ട് വിവാഹങ്ങളും, മൃതസംസ്കാരങ്ങളും ദേവാലയത്തിൽ നടത്താമെങ്കിലും വലിയ കൂട്ടായ്മകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ബോർഡ്യൂക്സിലെ കത്തീഡ്രലിന് പുറത്ത് സംഘടിപ്പിച്ച പ്രാർഥനാ കൂട്ടയ്മയെ പ്രതിക്ഷേധ പ്രകടനമായി കണക്കിലെടുത്ത്, കൂട്ടായ്മ സംഘടിപ്പിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. തുറന്ന് പ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുള്ള സൂപ്പർ മാർക്കറ്റുകളിലാണ് കൂടുതൽ രോഗബാധ സാധ്യതയെന്നും ആയതിനാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിശ്വാസി സമൂഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ഷേധാർദ്ധം ‘നമുക്ക് പ്രാർഥിക്കാം’, ‘ഞങ്ങൾക്ക് വിശുദ്ധ കുർബാന വേണം’ മുതലായ ബാനറുകളുമായിട്ടാണ് വിശ്വാസികൾ പ്രാർഥനാ കൂട്ടായ്മകളിൽ പങ്കെടുക്കാൻ എത്തിയത്. കാലങ്ങളായി ഫ്രാൻസിലെ ദേവാലയങ്ങൾ കൊറോണയുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്തരം പ്രാർഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ചതെങ്കിലും വിശ്വാസികളുടെ സജീവ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group