പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദിയാചരണം നടന്നു

കൊടുങ്ങല്ലൂർ അതിരൂപതയുടെ അവസാനത്തെ മെത്രാപ്പോലീത്തായും സുറിയാനിക്കാരുടെ ഗോവർണദോരുമായിരുന്ന പൗലോസ് മാർ തോമാ അക്വീനാസിന്റെ ചരമദ്വിശതാബ്ദിയാചരണം ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്നു. രാവിലെ 7 മണിക്ക് അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മാർത്ത് മറിയം കബറിടപ്പള്ളിയിൽ പരിശുദ്ധ കുർബാനയർപ്പണവും തുടർന്നു പഴയപള്ളിമേടയുടെ പുനർസമർപ്പണവും ചരിത്രഫലകത്തിന്റെ അനാച്ഛാദനവും മെത്രാപ്പോലീത്ത നിർവഹിച്ചു.

ചങ്ങനാശ്ശേരിക്ക് അവിസ്മരണീയമായ സംഭാവനകൾ നൽകിയ വൈദികമേല ധ്യക്ഷനായിരുന്നു പൗലോസ് മാർ തോമാ അക്വീനാസ്. ഡൊമിനിക്കൻ സഭാംഗമായിരുന്ന അദേഹം പലതവണ ചങ്ങനാശ്ശേരിയിൽ വന്നു താമസിച്ചിട്ടുണ്ട്. ഭാവിയിൽ ഒരു മൽപ്പാനേറ്റ്, അഥവാ സെമിനാരി സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി അദേഹത്തിന്റെ പ്രേരണയാൽ പൊതുമുതൽ ചെലവുചെയ്തു പണികഴിപ്പിച്ചതാണ് ചങ്ങനാശ്ശേരിയിലെ പഴയപള്ളിമേട.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കലുഷിതസാഹചര്യങ്ങളിൽ പള്ളി സംരക്ഷിച്ചു നിർത്തുന്നതിൽ അദേഹം നിർണായകമായ പങ്കുവഹിച്ചു. 1818ൽ മൺറോ സായിപ്പിന്റെ നേതൃത്വത്തിൽ നടന്ന ‘പള്ളിപിടുത്തം’ പരാജയപ്പെടുത്തിയത് അദേഹത്തിന്റെ ഇടപെടൽവഴിയാണ്. കേണൽ മൺറോയുടെ സ്വാധീനത്തിൽ തിരുവതാംകൂർ റാണി പാർവതിഭായി 1818ൽ ചങ്ങനാശ്ശേരി, ആലപ്പുഴ, പറവൂർ, കോട്ടയം എന്നീ പള്ളികൾ പിടിച്ചെടുത്ത് പുത്തൻകൂറ്റുവിഭാഗത്തിനു കൊടുക്കുവാൻ വിളംബരം ചെയ്യുകയുണ്ടായി. ആ സമയത്തു ചങ്ങനാശ്ശേരിയിലുണ്ടായിരുന്ന പൗലോസ് മാർ തോമാ അക്വീനാസിന്റെ അവസരോചിതമായ ഇടപെടലുകൾ വഴി അനിഷ്ടസംഭവങ്ങളൊന്നും കൂടാതെ പള്ളി സംരക്ഷിക്കുവാൻ സാധിച്ചു. തുടർന്നു കേണൽ മൺറോയെ റെസിഡന്റ് സ്ഥാനത്തു നിന്നും മദ്രാസ് ഗവർണർ നീക്കം ചെയ്യുകയും മഹാറാണിയുടെ മറ്റൊരു വിളംബരം വഴി മേൽപ്പറഞ്ഞ നാലുപള്ളികൾ തിരികെ കൊടുക്കുകയും ചെയ്തു. എന്നാൽ കോട്ടയം, പിറവം എന്നിവ പുത്തൻകൂർവിഭാഗത്തിൽ തുടരുകയും ചെയ്തുവെന്നാണ് സഭാചരിത്രകാരനായ ബർണാർദ് തോമാ എഴുതുന്നത്.

കൊല്ലം ഓലിക്കരയിൽ 1823 ഡിസംബർ 20 നു പൗലോസ് മാർ തോമാ അക്വീനാസ് കാലം ചെയ്തു. അദേഹത്തെ അവിടെത്തന്നെ സംസ്കരിക്കണമെന്നു തദ്ദേശവാസികൾ ആഗ്രഹിച്ചുവെങ്കിലും സുറിയാനിക്കാരുടെ മെത്രാപ്പോലീത്ത എന്നനിലയിൽ അദേഹത്തെ ചങ്ങനാശ്ശേരിയിൽ അടക്കണമെന്നു തച്ചിൽ കൊത്തുകൊച്ചു മാത്തൂത്തരകനും പൂണ്ടിക്കുളത്തു ലൂക്ക ശമ്മാശനും മറ്റും ഉന്നയിച്ചതിന്റെ ഫലമായി 1823 ഡിസംബർ 23 ന് അദേഹത്തെ ചങ്ങനാശ്ശേരിപള്ളിയിൽ സംസ്കരിച്ചുവെന്നാണ് ചങ്ങനാശ്ശേരിപള്ളിയുടെ ചരിത്രകാരനായ ജോസഫ് കൂട്ടുമ്മേൽ എഴുതിയിരി ക്കുന്നത്.ചങ്ങനാശ്ശേരിപള്ളിയിൽ കബറടങ്ങിയ ആദ്യത്തെ വൈദികമേല ധ്യക്ഷനാണ് കൊടുങ്ങല്ലൂർ അതിരൂപതയുടെ ഈ മെത്രാപ്പോലീത്ത.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group