അമേരിക്കയുടെ നാൽപത്തിയാറാം പ്രസിഡണ്ടായി സ്ഥാനമേൽക്കുന്ന ജോ ബൈഡന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള പ്രസ്താവനയിൽ പ്രാർത്ഥനാ മംഗളങ്ങൾ ആശംസിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ്( USCCB ) പ്രസിഡന്റായ ലോസ് ഏഞ്ചലസിലെ ആർച്ചുബിഷപ്പ് ജോസ് ഗോമസ്. മഹാമാരി ഏൽപ്പിച്ച മുറിവുകൾ ഉണക്കിയും രാഷ്ട്രീയ സാംസ്കാരിക വിഭജനങ്ങൾ ലഘൂകരിച്ചും ഒരു മഹത്തായ തലമുറയെ നയിക്കുവാനുള്ള ജ്ഞാനവും ധൈര്യവും അമേരിക്കയുടെ പുതിയ സാരഥിക്ക് നൽകണമെന്നുള്ള പ്രാർത്ഥനയോടെയാണ് ആർച്ച്ബിഷപ്പ് ആരംക്കുന്നത്. നീണ്ട 60 വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് വൈറ്റ് ഹൗസിലേക്ക് ഒരു കത്തോലിക്കൻ നിയമിക്കപ്പെടുന്നത് എന്നും വിശ്വാസികളെ വ്യക്തിപരമായും ആഴമായും അടുത്തറിയുന്ന ഒരു പ്രസിഡന്റ് ഉണ്ടായിരിക്കുക എന്നത് ഉന്മേഷം പ്രദാനം ചെയ്യുന്നു എന്നും അദ്ദേഹം അറിയിക്കുന്നു. ഗർഭഛിദ്രം പോലെയുള്ള ധാർമിക തിന്മകളെ മുന്നോട്ടു നയിക്കുകയും മനുഷ്യ ജീവന് ഭീഷണി ഉയർത്തുകയും ചെയ്യുന്ന ചില നയങ്ങൾ പിന്തുടരുമെന്ന് പരസ്യപ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും നന്മയോട് അടുത്തുനിൽക്കുന്ന നിലപാടുകൾ സ്വീകരിക്കാൻ പുതിയ പ്രസിഡന്റിന് സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതുകൊണ്ടുതന്നെ ജോ ബൈഡന്റെ സ്ഥാനാരോഹണത്തെ അത്യധികം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നതെന്നും ബിഷപ്പ് പറയുന്നു. അതിനാൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഈ വേളയിൽ സമാധാനത്തിൻെറയും ആത്മധൈര്യത്തിന്റെയും മാർഗത്തിൽ ഏവരെയും നയിക്കണമെന്ന് പരിശുദ്ധ കന്യക മാതാവിനോടു പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം അവസാനിപ്പിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group