ജൈവസാങ്കേതിക വിദ്യ മാനവാന്തസ്സിനെ ആദരിക്കുന്നതാകണം:മാർച്ച് മാസത്തിലെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് മാർപാപ്പാ

ജൈവധാർമ്മിക വെല്ലുവിളികൾക്ക് ക്രിസ്തീയമായ ഒരു ഉത്തരം നല്കാൻ നമുക്കു കഴിയുന്നതിനായി പ്രാർത്ഥിക്കാൻ മാർച്ച് മാസത്തിലെ പ്രാർത്ഥനകൾ മാറ്റിവയ്ക്കണമെന്ന് വിശ്വാസികളോട് അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പാ.

പാപ്പായുടെ ഈ പ്രാർത്ഥനാനിയോഗത്തിന്റെ ഹ്രസ്വ വീഡിയോ സന്ദേശം “പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖല” (Pope’s Worldwide Prayer Network) കഴിഞ്ഞദിവസം പരസ്യപ്പെടുത്തി.

ശാസ്‌ത്രം പുരോഗമിച്ചുവെന്നത് വ്യക്തമാണെങ്കിലും, ഇന്ന് ജൈവധാർമ്മിക പ്രശ്നങ്ങളുടെ ഒരു പരമ്പര തന്നെ അവതരിപ്പിക്കുന്നുണ്ടെന്നും അവയോട് നമ്മൾ പ്രതികരിക്കണ്ടേത്, ഒട്ടകപ്പക്ഷിയെപ്പോലെ തല ഒളിപ്പിച്ചുകൊണ്ടായിരിക്കരുതെന്നും പാപ്പാ തന്റെ വീഡിയോ സന്ദേശത്തിൽ പറയുന്നു.

ജൈവസാങ്കേതിക വിദ്യയുടെ ആപ്ലിക്കേഷൻസ് (Applications) മാനവാന്തസ്സിനോടുള്ള ആദരവിൽ അധിഷ്ഠിതമായിട്ടായിരിക്കണം സദാ ഉപയോഗിക്കേണ്ടതെന്നും പാപ്പാ ഓർമ്മപ്പെടുത്തുന്നു.

ഉദാഹരണത്തിന്, മനുഷ്യ ഭ്രൂണങ്ങളെ ഉപയോഗിച്ചു വലിച്ചെറിയേണ്ട, ഒരു പദാർത്ഥമായി കണക്കാക്കാനാവില്ല എന്ന് പാപ്പാ പറയുന്നു. എന്നാൽ ഈ വലിച്ചെറിയൽ സംസ്കൃതി മനുഷ്യഭ്രൂണത്തിന്റെ കാര്യത്തിലും പ്രയോഗിക്കപ്പെടുന്ന ഖേദകരമായ വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ, അപ്രകാരം ചെയ്യാൻ പാടില്ല എന്ന് വ്യക്തമാക്കുകയും ആ വലിച്ചെറിയൽ സംസ്‌കാരം ഈ രീതിയിൽ വ്യാപകമാകുന്നത് വളരെ ദോഷം ചെയ്യും എന്ന് മുന്നറിയിപ്പേകുകയും ചെയ്യുന്നു.

സാമ്പത്തിക നേട്ടം അനുവദിച്ചു കൊണ്ട് ജൈവവൈദ്യശാസ്ത്ര ഗവേഷണത്തിന് ഉപാധിവയ്ക്കുന്ന പ്രവണതയെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു.

സംഭവിച്ചുകൊണ്ടിരിക്കുന്ന ആഴമേറിയ മാറ്റങ്ങളെ ഉപരിയഗാധവും സൂക്ഷ്മവുമായി നാം മനസ്സിലാക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

സാങ്കേതിക മുന്നേറ്റങ്ങളെ തടയുകയെന്നതല്ല ഇവിടെ വിവക്ഷയെന്നും, മറിച്ച്, നാം അവയ്ക്ക് അകമ്പടി സേവിക്കണമെന്നും പറയുന്ന പാപ്പാ മാനവാന്തസ്സും വികസനവും സംരക്ഷിക്കുക എന്നതാണ് കാര്യമെന്നു വ്യക്തമാക്കുന്നു.

വികസനത്തിനു വേണ്ടി മാനവ ഔന്നത്യം വിലയായ് നൽകാനാകില്ല എന്നും ഇവ രണ്ടും ഏകദാനമായി കൈകോർത്തു നീങ്ങണമെന്നും പാപ്പാ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group