ബിർമിങ്ഹാം ബെഥേൽ സെന്റർ വീണ്ടും കൺവെൻഷനുകൾക്കായി ഒരുങ്ങുന്നു…

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബർ മാസത്തിൽ വീണ്ടും കൺവെൻഷനുകൾക്കായി ഒരുങ്ങി ബിർമിങ്ഹാം ബെഥേൽ സെന്റർ.ലോക സുവിശേഷവത്ക്കരണം യാഥാർത്ഥ്യമാക്കുവാൻ സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർഖാൻ വട്ടായിലച്ചന്റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷനുകളാണ് സെപ്റ്റംബർ മാസത്തോടെ വീണ്ടും ആരംഭിക്കുന്നത്.ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ ബർണാഡ് ലോങ്‌ലി പിതാവ് , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ, സീറോ മലങ്കര സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്ദ്യ യൂഹനാൻ മാർ തിയഡോഷ്യസ് എന്നിവർ പേട്രൺമാരായിട്ടുള്ള സെഹിയോൻ യുകെ മിനിസ്ട്രി നേതൃത്വം നൽകുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ യുകെ യിലും യൂറോപ്പിലും പാരമ്പര്യ ക്രൈസ്തവ വിശ്വാസത്തെ വളർത്തിയെടുക്കുന്നതിനും അതുവഴി സഭയുടെ വളർച്ചയിലും വൻസ്വാധീനമാണ് ചെലുത്തുന്നത് .അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ റാഫേൽ തട്ടിൽ തുടങ്ങി അനവധി ബിഷപ്പുമാരും ഫാ. ജോർജ് പനക്കൽ, ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമനിക് വാളന്മനാൽ തുടങ്ങിയ നിരവധി വചന പ്രഘോഷകരും അൽമായ ശുശ്രൂഷകരും ഇതിനോടകം ഈ കൺവെൻഷനിൽ ശുശ്രൂഷകൾ നയിച്ചിട്ടുണ്ട്. ലോക്ഡൗണിൽ ഓൺലൈനിലായിരുന്നു ഇതുവരെയും കൺവെൻഷൻ നടത്തപ്പെട്ടത്. ജപമാല രാഞ്ജിയുടെ മാധ്യസ്ഥം തേടി സെപ്റ്റംബർ മാസ കൺവെൻഷൻ 11 ന് വിവിധ ശുശ്രൂഷകളുമായി ബെഥേലിൽ നടക്കും. സവിശേഷമായ യൂറോപ്യൻ സംസ്കാരത്തിൽ യേശുവിനെ രക്ഷകനും നാഥനുമായി ആയിരങ്ങൾ കണ്ടെത്തുവാൻ ഇടയാക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ വീണ്ടും ബെഥേലിൽ നടക്കുമ്പോൾ യുകെ യുടെ വിവിധ ദേശങ്ങളിൽ പ്രാർത്ഥനാപൂർവ്വമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group