Bishop Andrea Han Jingtao, who played a key role in the growth of the Catholic Church in China, has died.
ബെയ്‌ജിങ് : ചൈനയിലെ കത്തോലിക്കാ സഭാ തലവനായ ബിഷപ്പ് ആൻഡ്രിയ ഹാൻ ജിങ്താവോ അന്തരിച്ചു. ഡിസംബർ 31-ന് അദ്ദേഹം മരണപ്പെട്ടന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാവോ സെതിങ്ങിന്റെ ഭരണകാലത്ത് 27 വർഷക്കാലം (1953-1980) അന്തരിച്ച ബിഷപ്പ് ആൻഡ്രിയ ഹാൻ തടവിലാക്കപ്പെട്ടിരുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുൻപ് ചൈനയിലെ വിവിധ പ്രവശ്യകളിൽ അപ്പോസ്തോലിക പ്രവർത്തനങ്ങൾ ഇദ്ദേഹം സംഘടിപ്പിച്ചിരുന്നു. ചൈനയിലെ ചാങ്ചുൻ സർവകലാശാലയിലും പിന്നീട് നോർത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ മുൻനിര മാധ്യമമായ ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ക്ലാസിക്കൽ ലാറ്റിൻ, ഗ്രീക്ക് ഭാഷകളും സംസ്കാരങ്ങളും ചൈനയിൽ പരിചയപ്പെടുത്തിയത് ബിഷപ്പായിരുന്നു.
കത്തോലിക്കാ കുടുബത്തിൽ ജനിച്ച് വളർന്ന ബിഷപ്പ് ആൻഡ്രിയ ഹാൻ ക്യൂബെക്കിലെ കാനേഡിയൻ ബിഷപ്പുമാരിൽ നിന്ന് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും സ്വഭാവ രൂപീകരണവും പൂർത്തിയാക്കി. 1950-കളിൽ ചൈനീസ് ഭരണകൂടം മാർപ്പാപ്പയുടെ ഇടപെടലുകൾ നിർത്തലാക്കുകയും വിദേശ മിഷനറിമാരെ പുറത്താക്കുകയും ചെയ്തപ്പോൾ ചൈനയിൽ ഒരു മത-സമൂഹത്തിന് അദ്ദേഹം രൂപം നൽകുകയും ചെയ്തു. 1986-ൽ മോചിതനായ അദ്ദേഹം സിപ്പിങ്ങിന്റെ ബിഷപ്പായി നിയമിതനാകുകയായിരുന്നു.
സമീപകാലത്തെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ രൂപതയിൽ 30000-ത്തോളം കത്തോലിക്കർ ഉൾപ്പെടുന്നുണ്ട്. ഇതിൽ 20-പുരോഹിതൻമ്മാരും നൂറിലധികം കന്യാസ്ത്രീകളും ഉണ്ട്. 1997-ന്റെ ആരംഭത്തിൽ അദ്ദേഹത്തെ വീണ്ടും വീട്ടുതടങ്കലിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളോടെ പാർപ്പിച്ചെങ്കിലും, വിശ്വാസികൾക്കായി രഹസ്യ സമ്മേളനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ചൈനയിൽ വിശ്വാസ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെ മരണത്തിലൂടെ സഭയ്ക്ക് നഷ്ടമാകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group