‘രൂപതകളുടെ മാതാവ്’ എന്നു വിളിക്കപ്പെടാൻ യോഗ്യതയുള്ള കേരളത്തിലെ ഏക രൂപതയായ കൊച്ചി രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജോസഫ് കരിയിൽ പിതാവ് സ്ഥാനമൊഴിഞ്ഞു. 467 വർഷങ്ങൾ പൂർത്തിയാക്കിയ കൊച്ചി രൂപതയുടെ 35-ാമതു മെത്രാനായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ ജനുവരി 11-ാം തീയതിയാണ് 75 വയസ്സു പൂർത്തിയാക്കിയത്.
രൂപതയുടെ അജപാലന ഉത്തരവാദിത്വങ്ങളിൽ നിന്ന് തന്നെ സ്വതന്ത്രനാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പയ്ക്ക് അദ്ദേഹം കത്തു സമർപ്പിച്ചിരുന്നു. ആ അഭ്യർത്ഥന പാപ്പ അംഗീകരിച്ചതിൻ്റെ അറിയിപ്പ് മാർച്ച് രണ്ടാം തീയതി വൈകീട്ട് 4.30നാണ് വത്തിക്കാൻ പുറത്തുവിട്ടത്. തത്സമയം രൂപതയിലെ വൈദികരെ ഫോർട്ടുകൊച്ചി മെത്രാസന മന്ദിരത്തിൽ വിളിച്ചുകൂട്ടി ജോസഫ് കരിയിൽ പിതാവ് ഈ വിവരം അറിയിക്കുകയായിരുന്നു.
2009 ജൂലൈ 5-നാണ് കൊച്ചി രൂപതയുടെ മെത്രാനായി അദ്ദേഹം സ്ഥാനമേറ്റത്. രൂപതയ്ക്ക് ഘടനാപരവും സാമ്പത്തികവുമായ വികാസത്തിൻ്റെ കാലമായിരുന്നു കഴിഞ്ഞ പതിനാലോളം വർഷങ്ങൾ. 2009ൽ 46 ഇടവകകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 51 ഇടവകകൾ ഉണ്ട്. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെൻ്ററിൽ പൂർത്തിയായി വരുന്ന മന്ദിരവും വിരമിച്ച വൈദികർക്കായി പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി വളപ്പിൽ ഉയരുന്ന ഭവനവും പിതാവിൻ്റെ മാനസസൗധങ്ങളാണ്.
ഒരു കൊച്ചിക്കാരൻ തന്നെ എംഎൽഎ ആകുന്ന തരത്തിൽ കൊച്ചിയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞതിലും ചെല്ലാനത്ത് അതിഗംഭീരമായ കടൽഭിത്തി ഉയർന്നതിലും കരിയിൽ പിതാവിൻ്റെ നിലപാടുകൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി, പിഒസി ഡയറക്ടർ, താലന്ത് മാസിക എഡിറ്റർ, സെമിനാരി അധ്യാപകൻ, ചിന്തകൻ, എഴുത്തുകാരൻ, വാഗ്മി എന്നീ നിലകളിൽ സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുള്ള ബിഷപ്പ് കരിയൽ 2005ൽ പുനലൂർ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. അവിടെ നിന്നാണ് 2009ൽ കൊച്ചി മെത്രാനായി നിയോഗിക്കപ്പെട്ടത്.രൂപതയിലെ ഉപദേശക സമിതി യോഗം ചേർന്ന് മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരിയെ രൂപതാ അസ്മിനിസ്ട്രേറ്ററായി തിരഞ്ഞെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m