മെത്രാന്മാർ പ്രത്യാശയുടെ അടയാളങ്ങളായിരിക്കണം : ഫ്രാൻസിസ് പാപ്പാ

നിരാശ അനുഭവിക്കുന്നവർക്ക് പ്രത്യാശയുടെ അടയാളങ്ങളായി മെത്രാന്മാർ മാറണമെന്ന് ഉദ്ബോധിപ്പിച്ചത് ഫ്രാൻസിസ് പാപ്പാ.

മധ്യപൂർവേഷ്യയിലും മറ്റു അറബ് മേഖലകളിലും ഉള്ള ലത്തീൻ സഭയിലെ മെത്രാൻ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു മാർപ്പാപ്പ.

ഇന്ന് മധ്യ പൂർവ്വേഷ്യ പ്രവിശ്യകളിൽ നിലനിൽക്കുന്ന അസ്വസ്ഥതയെ എടുത്തു പറയുകയും, മെത്രാന്മാർ പ്രത്യാശയുടെ അടയാളങ്ങളായി ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. സംഘർഷം വിട്ടുമാറാത്ത ഈ ഭൂമിയിൽ, സമാധാന പരിശ്രമങ്ങൾ ഒന്നു പോലും ഫലം കാണുന്നില്ലെന്നുള്ള തോന്നലുകൾ ഉണ്ടാകുന്നുവെന്നും, ഇത് മറ്റു ഇടങ്ങളിലേക്കും സംഘർഷങ്ങൾ വ്യാപിക്കുന്നതിനു ഇടവരുത്തുന്നുവെന്നും പാപ്പാ പറഞ്ഞു. നിരവധി മരണങ്ങൾക്കും, നാശനഷ്ടങ്ങൾക്കും കാരണമായ യുദ്ധം മറ്റു ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

മെത്രാന്മാർ പ്രതിനിധാനം ചെയ്യുന്ന, വേദനിക്കുന്ന സഭകളോടുള്ള തന്റെ അടുപ്പവും പാപ്പാ എടുത്തു പറഞ്ഞു. എല്ലാവരുമായും ആദരവോടെയും ആത്മാർത്ഥമായും സംഭാഷണം നടത്തുന്നതിലൂടെ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ കർത്താവ് എല്ലായ്പ്പോഴും നിങ്ങൾക്ക് ശക്തി നൽകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സമാധാനം, സാഹോദര്യം, ബഹുമാനം എന്നീ പുണ്യങ്ങൾ മുൻവയ്ക്കുന്ന ഒരു ജീവിതമാതൃകയിലൂടെ മെത്രാന്മാർ പ്രത്യാശയുടെ അടയാളങ്ങളായി മാറണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

“നിങ്ങളുടെ അജപാലന സംരംഭങ്ങളിൽ നിങ്ങൾക്ക് നല്ല പ്രവർത്തനവും ഞാൻ ആശംസിക്കുന്നു. പ്രത്യേകിച്ചും, ക്രിസ്തീയ സാന്നിദ്ധ്യം ന്യൂനപക്ഷമായ സന്ദർഭങ്ങളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മതിയായ ക്രിസ്തീയ രൂപീകരണം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും മികച്ചതും ഫലപ്രദവുമായ മാർഗ്ഗം കണ്ടെത്തുവാനും, നൽകുവാനും നിങ്ങൾക്ക് സാധിക്കട്ടെ”, പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m