എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിൽ ഒരുവിഭാഗം ആളുകൾ നടത്തിയ ഉപരോധത്തെത്തുടര്‍ന്ന് ഏകീകൃത കുര്‍ബാന അര്പ്പിക്കാനായില്ലെന്നു വികാരിയും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ആന്റണി പൂതവേലില്‍ അറിയിച്ചു.
സമാധാനപൂര്‍ണമായ സാഹചര്യം സംജാതമാകുംവരെയോ മേലധികാരികളുടെ നിര്‍ദേശം ലഭിക്കുന്നതുവരെയോ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉണ്ടായിരിക്കില്ലെന്നും വികാരി വിശ്വാസികളെ അറിയിച്ചു.
ഇന്നലെ രാവിലെ 9.30ന് ഏകീകൃത ബലിയര്‍പ്പണം ഉണ്ടാകുമെന്ന് തലേന്നു വികാരി വിശ്വാസികളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതു തടസപ്പെടുത്താന്‍ ഇടവകയ്ക്കു പുറത്തുനിന്നുള്പ്പെടെയുള്ളവര് ഇന്നലെ തടിച്ചുകൂടി. ദേവാലയശുശ്രൂഷിയെ പള്ളി വളപ്പിലേക്കു പ്രവേശിപ്പിക്കാതെ ഗേറ്റില്‍ തടഞ്ഞു. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നിരവധി പേര് പള്ളിയില്‍ എത്തിയിരുന്നതായും വികാരി അറിയിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും ദേവാലയങ്ങളില്‍ ഇന്നലെ ഏകീകൃത ബലിയര്‍പ്പണം നടന്നു. മഞ്ഞപ്ര മാര്‍ സ്ലീവ ഫൊറോന പള്ളി ഉള്‍പ്പെടെ വിവിധ ദേവാലയങ്ങളില്‍ ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തിനൊരുങ്ങി അള്‍ത്താരയിലെത്തിയ വൈദികരെ ചിലര്‍ തടസപ്പെടുത്തിയതിനെത്തുടര്ന്നു വിശുദ്ധ കുർബാന മുടങ്ങി.
എറണാകുളം -അങ്കമാലി അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സിനഡിന്റെ തീരുമാനമനുസരിച്ചുള്ള ഏകീകൃത കുര്‍ബാന അര്‍പ്പണം ഓഗസ്റ്റ് 20 മുതല്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്നു പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ് മാർ സിറില്‍ വാസിലും അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും നിര്‍ദേശിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group