വിശുദ്ധ വാരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ പ്രമുഖ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് പാഴ്സല്‍ ബോംബ് കണ്ടെത്തി. ടൂലോസ് നഗരത്തിന്റെ ആത്മീയ കേന്ദ്രമായ സെന്റ്-എറ്റിയന്നെ കത്തീഡ്രലിലാണ് പാഴ്സല്‍ ബോംബ് കണ്ടെത്തിയത്.
ഇന്നലെ വിശുദ്ധ കുര്‍ബാനയ്ക്കിടെ ബോംബ് വെച്ചുവെന്ന് സംശയിക്കുന്ന നാല്‍പ്പതുകാരനായി ഫ്രഞ്ച് പോലീസ് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ദേവാലയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ സംശയിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ചിത്രങ്ങളെ ആധാരമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ ഏപ്രില്‍ 8ന് രാവിലത്തെ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുന്നതിനിടക്ക് രാവിലെ 8 മണിക്ക് ശേഷമാണ് സംശയിക്കപ്പെടുന്ന വ്യക്തി ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്നത്. മുപ്പതോളം പേരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്.
ദേവാലയത്തില്‍ പ്രവേശിച്ച വ്യക്തി അള്‍ത്താരക്ക് മുന്നിലായി സ്ഫോടക വസ്തു അടങ്ങിയ പൊതി വെച്ച ശേഷം ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയാത്തവിധം പിറുപിറുത്തിരിന്നു. തടയുവാന്‍ ശ്രമിച്ച ദേവാലയ ശുശ്രൂഷിയെ തള്ളിമാറ്റിക്കൊണ്ടാണ് അയാള്‍ രക്ഷപ്പെട്ടത്. ഇരുണ്ട നിറമുള്ള ജാക്കറ്റും, ജീന്‍സും ധരിച്ചിട്ടുള്ള വ്യക്തി, മാസ്കിന് പുറമേ, തലയില്‍ തൊപ്പിയും വെച്ചിട്ടുണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ ഒരു ഡെലിവറി ബോയിയേപ്പോലെയാണ് തനിക്ക് തോന്നിയതെന്നു ദേവാലയ ശുശ്രൂഷി ഓരെലിയന്‍ ഡ്ര്യൂക്സ് പറഞ്ഞു. ഉടന്‍തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം ദേവാലയത്തില്‍ നിന്നും വിശ്വാസികളെ ഒഴിപ്പിക്കുകയും, ബോംബ് നിര്‍വ്വീര്യമാക്കുകയും ചെയ്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഈസ്റ്ററിന് മുന്‍പായി ഇത്തരമൊരു സംഭവം നടന്നത് ഫ്രഞ്ച് ജനതയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group