ജോയിയുടെ സാക്ഷ്യം ‘മാനവികതയുടെ പൈതൃകം’ ഉയർത്തി കാട്ടുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതാണെന്ന് മരിയപിയാ ബൊണാനേറ്റിന്റെ ‘ലോ സോണോ ജോയ്'( ഞാൻ ജോയ്) എന്ന പുസ്തകത്തിന്റെ ആമുഖം കുറിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ പറയുന്നു. ഇറ്റലിയിൽ രണ്ടാംജന്മം കണ്ടെത്തിയ ജോയി എന്ന നൈജീരിയൻ സ്ത്രീയുടെ കഥ പറയുകയാണ് ഈ പുസ്തകം. സാധാരണ കുടിയേറ്റക്കാർ ഓരോ ദിവസവും അഭിമുഖീകരിക്കേണ്ടിവരുന്ന അനേകം അനീതികൾക്ക് ഇരയാകേണ്ടി വന്ന ജോയിയുടെ ഇറ്റലിയിലേക്കുള്ള യാത്ര അത്യന്തം ദുഷ്കരമായിരുന്നു. മനുഷ്യകടത്തുകാരുടെ കൈകളിൽ അകപ്പെടേണ്ടിവന്ന ജോയിക്ക് മരുഭൂമിയിലൂടെയുള്ള യാത്രയും ലിബിയൻ ക്യാമ്പുകളിലെ തടവും കപ്പൽ തകർച്ചയുമൊക്കെ നേരിടേണ്ടതായി വന്നു. ഈ യാത്രയെ ജോയിയുടെ കുരിശിന്റെ വഴിയായാണ് ഫ്രാൻസിസ് പാപ്പ വിശേഷിപ്പിക്കുന്നത്. ഈ ആത്മകഥാംശത്തിന്റെ അവതരണ ലാളിത്യം ദൈവത്തിന് ശബ്ദം നൽകുന്നെന്ന് പാപ്പ കുറിക്കുന്നു. ദൈവം അവളുടെ കൂടെ ഉണ്ടെന്നും യഥാർത്ഥത്തിൽ കഥയിലുടനീളം അദൃശ്യമായ ദൈവിക സാന്നിധ്യം നിശബ്ദമായി നിറഞ്ഞു നിൽപ്പുണ്ടെന്നും പാപ്പ കൂട്ടിച്ചേർക്കുന്നു. ജോയി എന്നതിനർത്ഥം സന്തോഷമെന്നാകയാൽ അത് ദൈവത്തിന്റെ നാമം ആണെന്നും അവൾ സന്തോഷം തന്നെയാണെന്നും ആമുഖത്തിന്റെ അന്ത്യത്തിൽ ജോയിയെ അഭിസംബോധന ചെയ്തുകൊണ്ട് പരിശുദ്ധ പിതാവ് എഴുതിച്ചേർക്കുന്നു. ജോയിയുടെ ഈ കൃതിയെ അത്യധികം പ്രശംസിച്ചു കൊണ്ടാണ് പരിശുദ്ധ പിതാവ് അവസാനിപ്പിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group