മാർപാപ്പായുടെ പ്രാർത്ഥനാശംസകൾ, ദൈവത്തിന്റെ തീരുമാനം- ബ്രസീലിയൻ സ്വദേശി നഥാൻ ഡി ബ്രിട്ടോ സെമിനാരിയിലേക്ക്..

2013ലെ ലോകയുവജന സംഗമത്തിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ പാപ്പയുടെ അരികിലേക്ക് ഓടിയെത്തി വൈദീകനാകണമെന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തിയ ആ കുഞ്ഞു ബാലന്റെ സെമിനാരി പ്രവേശനമാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.

അന്ന് വികാര നിർഭരനായി പാപ്പയുടെ ആശ്ലേഷം ഏറ്റുവാങ്ങുന്ന ഒമ്പത് വയസ്സുകാരൻ നാഥാന്റെ ചിത്രവും അവന്റെ ആഗ്രഹത്തിന് പാപ്പ പ്രാർത്ഥനാശംസകൾ നേർന്നതും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു ആ ദിനങ്ങളിൽ. റിയോ ഡി ജനീറോയിലെ നിരത്തുവക്കിൽ തിങ്ങിനിറഞ്ഞ ജനസാഗരത്തെ ആശീർവദിച്ച് പാപ്പാമൊബീലിൽ ഫ്രാൻസിസ് പാപ്പ കടന്നുപോകുമ്പോഴായിരുന്നു അപ്രതീക്ഷിതമെന്നോണം കുഞ്ഞു നഥാൻ പാപ്പാമൊബീലിന് അരികിലേക്ക് ഓടിയെത്തിയത്. അവന്റെ ആഗ്രഹം മനസിലാക്കി സുരക്ഷാസംഘത്തിലൊരാൾ അവനെ പാപ്പയ്ക്കരികിലേക്ക് എടുത്തുയർത്തി.

പാപ്പായെ കാണാനും പാപ്പായുടെ ആശ്ലേഷം അനുഭവിക്കാനും സാധിച്ചതിന്റെ വികാരനിർഭരമായ ആ നിമിഷത്തിൽ, തന്റെ ആഗ്രഹം അവൻ പാപ്പായെ അറിയിച്ചു: ‘പാപ്പാ, എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനാകണം.’ ‘ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം, നീ എനിക്കുവേണ്ടിയും പ്രാർത്ഥിക്കണം,’ എന്ന മറുപടിയോടെ പാപ്പാ അവനെ വാരിപ്പുണരുമ്പോൾ, സന്തോഷംകൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞുകവിഞ്ഞിരുന്നു. 2013ലെ ലോക യുവജനസംഗമ വേദിയിൽനിന്നുള്ള അതിമനോഹരവും വികാരനിർഭരവുമായ കാഴ്ചയായിരുന്നു ആ ചിത്രം. ‘ ഇന്നു മുതൽ നിന്റെ ദൈവവിളി സജ്ജീകരിക്കപ്പെടുന്നു,’ എന്ന വാക്കുകളോടെയാണ് പാപ്പാ അവനെ യാത്രയാക്കിയത്.

എട്ട് വർഷത്തിനുശേഷം, ആ പ്രാർത്ഥനയ്ക്കുള്ള ഉത്തരമെന്നോണം 17 വയസുകാരൻ നാഥാൻ ഇപ്പോഴിതാ സെമിനാരി പരിശീലനത്തിലേക്ക് പ്രവേശിതനായിരിക്കുന്നു. ഫ്രാൻസിസ്‌ക്കൻ സന്യാസസഭാംഗമായ നഥാൻ ഇപ്പോൾ മാറ്റോ ഗ്രോസോയിലെ റോണ്ടനോപോളിസിലുള്ള ആശ്രമത്തിലാണ് പരിശീലനം നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group