ലഹരിക്കായി ‘ബ്രാൻഡഡ്’ അരിഷ്ട‌ം; വീര്യം 12%; ആവശ്യക്കാരിൽ കൗമാരക്കാരും യുവാക്കളും

തിരുവനന്തപുരം: കൗമാരക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ട് ‘ബ്രാൻഡഡ്’ അരിഷ്ടം വിപണിയില്‍ ഇടംപിടിക്കുന്നു. 12 ശതമാനം ആല്‍ക്കഹോള്‍ വീര്യമുള്ള അരിഷ്ടമാണ് ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത്.

ബിയറില്‍ ആറുശതമാനവും, കള്ളില്‍ 8.01 ശതമാനവുമാണ് ആള്‍ക്കഹോള്‍ അനുവദിച്ചിട്ടുള്ളത്. കുറഞ്ഞ ചെവലില്‍ ലഹരി തേടുന്നവരെ ലക്ഷ്യമിട്ടുള്ള വിപണനരീതികളാണ് ചില കമ്ബനികള്‍ സ്വീകരിച്ചിരിക്കുന്നത്.

ചില ബ്രാൻഡഡ് അരിഷ്ടങ്ങള്‍ വ്യാപകമായ മേഖലകളില്‍ കള്ളുഷാപ്പുകളിലും ബിയർ-വൈൻ പാർലറുകളിലും കച്ചവടം ഇടിഞ്ഞിട്ടുണ്ട്. ഇതിനെത്തുടർന്ന് കള്ളുഷാപ്പ് ഉടമകള്‍ പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എക്സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് സ്ഥിരീകരിച്ചിരുന്നു.

അരിഷ്ടനിർമാണത്തിന് ആയുർവേദ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തില്‍നിന്ന് അനുമതി നേടിയ ചില കമ്ബനികളാണ് ലഹരിവിപണി ലക്ഷ്യമിടുന്നത്. ഗ്രാമപ്രദേശങ്ങളിലെ മുൻ ലഹരിക്കടത്തുകാരെയും കച്ചവടക്കാരെയും കണ്ടെത്തി വില്‍പ്പനക്കാരാക്കുന്ന കച്ചവടതന്ത്രമാണ് ഇവർ നടത്തുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളുമായി അകലം പാലിക്കാതെയും ഡ്രൈഡേ, സമയനിയന്ത്രണം എന്നിവ കണക്കിലെടുക്കാതെയുമാണ് വില്‍പ്പന.

ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്‌ട് പ്രകാരം ആയുർവേദ മരുന്നുകളുടെ നിർമാണത്തിന് മാത്രമാണ് അനുമതിവേണ്ടത്. അരിഷ്ടവില്‍പ്പനയ്ക്ക് എക്സൈസിന്റെ ലൈസൻസ് വേണമെങ്കിലും കാര്യമായ നിബന്ധനകളില്ലാത്തതിനാല്‍ വേഗം ലഭിക്കും.

ആയുർവേദ അരിഷ്ടങ്ങളുടെ നിർമാണത്തിനും വില്‍പ്പനയ്ക്കും എക്സൈസ് അനാവശ്യനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നുവെന്ന് ഈ മേഖലയിലുള്ളവർ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സർക്കാർ നല്‍കിയ ഇളവുകളാണ് ദുരുപയോഗം ചെയ്യുന്നത്.

ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും ദുരുപയോഗം തടയാനുമുള്ള ആയുർവേദ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ഏഴ് ഇൻസ്പെക്ടർമാർ മാത്രമാണുള്ളത്. ആയിരത്തോളം നിർമാണയൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്.

വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ അരിഷ്ടത്തിന് വിപണനലൈസൻസ് നല്‍കുന്നതില്‍ എക്സൈസ് നിയന്ത്രണം ഏർപ്പെടുത്തി. കൂടുതല്‍ സാംപിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയക്കാൻ എക്സൈസ് കമ്മിഷണർ നിർദേശം നല്‍കി. അനുവദിച്ചതില്‍ കൂടുതല്‍ വീര്യമുണ്ടെങ്കില്‍ കേസെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m