കൂടുതൽ ഓക്സിജൻ ടാങ്കുകൾ ആവശ്യപ്പെട്ട് ബ്രസീലിലെ കത്തോലിക്കാ നേതാക്കൾ

ആമസോണിലെ ജനങ്ങൾക്കുമേൽ രണ്ടാംഘട്ട കൊറോണവൈറസ് ആഘാതം ഏൽപ്പിച്ചതിനെ തുടർന്ന് കൂടുതൽ ഓക്സിജൻ ടാങ്കുകളുടെ വിതരണം ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിയൻ ബിഷപ്പുമാർ രംഗത്ത്. ദൈവസ്നേഹത്തെ പ്രതി തങ്ങൾക്ക് ഓക്സിജൻ എത്തിക്കണമെന്ന് ഇൻഡിപെൻഡൻസ് കാത്തലിക് ന്യൂസ് റിപ്പോർട്ട് ചെയ്ത വീഡിയോയിൽ ആമസോണിലെയും റോറൈമയിലെയും ബിഷപ്പുമാരെ പ്രതിനിധീകരിച്ചുകൊണ്ട് മാനൗസിലെ ആർച്ച് ബിഷപ്പ് ലിയനാർഡോ സ്റ്റെയ്നർ ആവശ്യപ്പെട്ടു. വടക്കുപടിഞ്ഞാറൻ ബ്രസീലിലെ ആമസോനാസ്‌ സംസ്ഥാനത്തെ നിവാസികൾ നേരിടുന്ന ദുരിതങ്ങൾ ഉയർത്തിക്കാട്ടി ജനുവരി 16ന് ആർച്ച് ബിഷപ്പ് സ്റ്റെയ്നർ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. കൊറോണയുടെ ആദ്യഘട്ടത്തിൽ രോഗികൾ ആശുപത്രി കിടക്കകൾ ലഭിക്കാത്തതും അജ്ഞതയും കൊണ്ടാണ് ബുദ്ധിമുട്ടിയതെങ്കിൽ ഇപ്പോൾ ഓക്സിജൻ ടാങ്കുകളുടെ അഭാവം മൂലം രോഗികൾ മരണത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഉള്ളതെന്ന് അദ്ദേഹം അറിയിച്ചു.    രാഷ്ട്രീയ വിവേചനങ്ങളിലും തർക്കങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഒഴിവാക്കി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരസ്പരം സഹായിക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. അന്ത്യമില്ലാതെ തുടരുന്ന ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിഗണനയുടെയും പര സഹായത്തിന്റെയും മാർഗം കൈക്കൊള്ളണമെന്നും ശ്രോതാക്കളോട് അദ്ദേഹം ആവശ്യപ്പെടുന്നു. രാജ്യത്ത് 210000 പേരോളം കോവിഡ് 19 ബാധിച്ച് മരിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ലക്ഷം പേരിൽ ശരാശരി 149 മരണങ്ങളാണ് ആമസോണസിൽ കോവിഡ് വിതച്ചത്. കൊറോണ വൈറസ്  ബാധിച്ച ബ്രസീലിലെ 27 സംസ്ഥാനങ്ങളിൽ  ഏറ്റവും മോശമായി രോഗം ബാധിക്കപ്പെട്ട രണ്ടാമത്തെ പ്രദേശമാണ് ആമസോണസ്‌. ഓക്സിജൻ വിതരണം കുറയുന്ന സാഹചര്യത്തിൽ കൊറോണ ബാധിതരുടെ കുടുംബാംഗങ്ങൾ മണിക്കൂറുകൾ കാത്തുനിന്ന് ഓക്സിജൻ വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. എല്ലാ കുടുംബങ്ങളിലെയും ഒരംഗം എങ്കിലും ചികിത്സയിൽ കഴിയുന്നുണ്ടെന്നും ഓക്സിജൻ ലഭിക്കുന്നതിലെ ബുദ്ധിമുട്ട്  അവരെ മരണത്തിനു വിട്ടു കൊടുക്കേണ്ട നിസ്സഹായാവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group