ബഫർ സോൺ : മാനന്തവാടി രൂപത സർക്കുലർ

കർത്താവിനാൽ സ്നേഹിക്കപ്പെട്ട പ്രിയ വൈദീകരേ, സമർപ്പിതരേ, സഹോദരങ്ങളേ,

നമ്മുടെ സംസ്ഥാനത്തുള്ള വിവിധ വനപ്രദേശങ്ങൾക്ക് ചുറ്റും ബഫർ സോണുകൾ പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള കരടു രേഖകളെക്കുറിച്ചും വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള കേരള വനം വകുപ്പിന്റെ നിർദ്ദേശത്തെക്കുറിച്ചും സൂചിപ്പിച്ചു കൊണ്ട് 2020 സെപ്തംബർ മാസത്തിൽ ഞാൻ നിങ്ങൾക്ക് എഴുതിയിരുന്നല്ലോ. ഇക്കാര്യത്തിൽ നമുക്കുള്ള ആശങ്കകൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭിവന്ദ്യ പിതാക്കന്മാർ അറിയിച്ചിരുന്നു. ജനാധിപത്യ സംവിധാനത്തിന് അനുയോജ്യമായ പ്രക്ഷോഭ പരിപാടികൾ നടത്തിയും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കത്തുകളയച്ചും നമ്മുടെ ആശങ്കയും പ്രതിഷേധവും നാം അന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നും വിവിധങ്ങളായ ഇടപെടലുകൾ ഈ വിഷയത്തിൽ മാനന്തവാടി രൂപത മുൻകൈയെടുത്ത് നടത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ജനസംരക്ഷണ സമിതിയുടെയും വയനാട് സംരക്ഷണ സമിതിയുടെയും രൂപീകരണവും അവരുടെ പ്രവർത്തനങ്ങളും. മാത്രമല്ല വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയെ നേരിട്ടു കണ്ട് ഈ വിഷയത്തിലുള്ള ആശങ്ക അറിയിക്കുകയും വിശദമായ എഴുത്ത് തയ്യാറാക്കി നൽകി ആവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതര രാഷ്ട്രീയ നേതൃത്വങ്ങളുമായി തുടർക്കാലങ്ങളിൽ നടത്തിയ ചർച്ചയിലും മലയോര കർഷക ജനത മുഴുവന്റെയും ആവശ്യമെന്ന നിലയിൽ ഈ വിഷയം നമ്മൾ പ്രതിപാദിച്ചിട്ടുണ്ട്.

എന്നാൽ 2022 ജൂൺ 3-ന് വന്ന സുപ്രീംകോടതി വിധി പ്രകാരം ഇന്ത്യയിലെ എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും പക്ഷി സങ്കേതങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല പ്രദേശം (Ect. Sensitive Zonal’ അഥവാ ബഫർ സോൺ നിർബന്ധിതമാക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ നമുക്ക് കഴിയുന്ന രീതിയിലുള്ള രാഷ്ട്രീയപരവും സാമൂഹികവുമായ എല്ലാത്തരം ഇടപെടലുകളും സമ്മർദ്ദങ്ങളും നടത്തുന്നതിനിടയിൽ പൊടുന്നനെയുണ്ടായ ഈ സുപ്രീംകോടതി ഉത്തരവ് വളരെ
ആശങ്കയുളവാക്കുന്നതാണ്. ഈ ഉത്തരവ് നടപ്പിലായാൽ ബഫർ സോണിനുള്ളിൽ ഉൾപ്പെടുന്ന
ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ജനജീവിതം ദുരിതത്തിലാകുന്ന നിയന്ത്രണങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ചെറുതും വലുതുമായ പട്ടണങ്ങളും കച്ചവട കേന്ദ്രങ്ങളും വിവിധതരത്തിലുള്ള സംരംഭങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും ബഫർസോൺ നിയന്ത്രണങ്ങൾക്ക് വിധേയമാകും. സർക്കാരിനും സ്വകാര്യ വ്യക്തികൾക്കും ഇത്തരം സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക സാദ്ധ്യമല്ലാതാകും. അവിടെ സ്വന്തം ആവശ്യത്തിനു മാത്രമേ കൃഷി ചെയ്യാൻ സാധിക്കുകയുള്ളൂ. വാണിജ്യാവശ്യത്തിനുള്ള കൃഷിക്കും മരങ്ങൾ മുറിക്കുന്നതിനും മുൻകൂർ അനുമതി ആവശ്യമായി വരും. മുൻകൂർ അനുമതി ലഭ്യമാകുന്ന സാഹചര്യം സാവധാനം അനുവാദമില്ലായ്മയിലേക്ക് തന്നെ എത്തിച്ചേരാൻ ഇടയുണ്ട്. റോഡിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമടക്കം വരാൻ പോകുന്ന കടുത്ത നിയന്ത്രണങ്ങൾ ബഫർ സോണിലുള്ള സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും ഭാവിയും അപകടത്തിലാക്കും.

കാലാവസ്ഥാ വ്യതിയാനവും വിലത്തകർച്ചയും കർഷക ജനതയുടെ പലവിധത്തിലുള്ള കടബാദ്ധ്യതകളും തുടർച്ചയായ വന്യജീവി ആക്രമണവും മികച്ച ചികിത്സ ലഭ്യമല്ലാത്തതിനും പുറമെയാണ് ഇപ്പോൾ ബഫർസോൺ സാഹചര്യങ്ങളും ഉള്ളതിനും പുറമേയാണ് ഇപ്പോൾ ബഫർസോൺ ദുരന്തവും വന്നു ചേരുന്നത്. പൊതുജനത്തിന്റെ ന്യായമായ പ്രതിഷേധങ്ങൾ പോലും വകവെക്കാതെയും ജനത്തെയോ അവരുടെ ജീവിത സാഹചര്യങ്ങളെയോ പരിഗണിക്കാതെയും കൂട്ടായ ആലോചനയില്ലാതെയും നടത്തുന്ന ഇത്തരം ഏകപക്ഷീയ നടപടികളും നയങ്ങളും ജനാധിപത്യ രീതിയിൽത്തന്നെ നമ്മൾ ചൂണ്ടിക്കാട്ടുകയും എതിർക്കുകയും വേണം. ഇത് കേവലം ഒരു നയത്തിന്റെയോ നിയമത്തിന്റെയോ പ്രശ്നമല്ലെന്നു തിരിച്ചറിയാൻ നാം ഇനിയും വൈകിക്കൂടാ. മലയോര കർഷകജനതയുടെ നിലനിൽപിന്റേയും അതിജീവനത്തിന്റേയും പ്രശ്നമാണ്. ഈ തീരുമാനങ്ങൾ പുനപരിശോധിക്കാൻ സർക്കാരിന് സമ്മർദ്ദം ഉണ്ടാകുന്ന വിധം നമ്മുടെ പ്രതിഷേധങ്ങളെ ഈ ദിവസങ്ങളിൽത്തന്നെ ഏകോപിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് ദു:ഖിച്ചാൽ ഫലമുണ്ടാകില്ല.

മാനന്തവാടി രൂപതയിലെ ദൈവജനം മുഴുവൻ പൊതുസമൂഹത്തോടു ചേർന്നു ബഫർ സോൺ വിഷയത്തിൽ നാളുകളായി നടത്തി വരുന്ന പ്രതിഷേധ പരിപാടികൾ ഫലമണിയാൻ, ലക്ഷ്യം നേടുന്നതുവരെ ഇവ തുടരണം. പുതിയ സുപ്രീംകോടതി വിധി വന്ന അന്നു മുതൽ വിവിധ തലങ്ങളിലുള്ള സമരങ്ങൾക്ക് രൂപതയുടെ യുവജന പ്രസ്ഥാനമായ കെസി. വൈ എമ്മും സമുദായ സംഘടനയായ എ കെ സി സിയും നേതൃത്വം നല്കുന്നത് നല്ലതാണ്. രൂപതയിലെ വൈദികരും സന്യസ്തരും അത്മായ നേതാക്കളും വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ളവരും ഐക്യകണ്ഠേന നടത്തുന്ന ഇത്തരം പ്രതിഷേധ പരിപാടികൾ തികച്ചും അഭിനന്ദനാർഹമാണ്. എല്ലാ പ്രതിഷേധ പ്രകടനങ്ങളും ഫലമണിയുന്നത് നമുക്ക് അനുകൂലമായ തീരുമാനം ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഉണ്ടാകുമ്പോഴാണ്. അതിനാൽ കേരള നിയമസഭ സമ്മേളിക്കുന്ന ഈ ദിവസങ്ങളിൽ മന്ത്രിസഭയുടെ അടിയന്തര ശ്രദ്ധ നേടുന്ന രീതിയിലുള്ള വിവിധ സമര പരിപാടികൾ തുടരണം. ഇവയെല്ലാം വേണ്ട വിധത്തിൽ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ട എല്ലാവരും, പ്രത്യേകിച്ച് വൈദീകരും സന്യസ്തരും അത്മായ നേതാക്കളും ശ്രദ്ധിക്കണം. സമര പരിപാടികളോട് സഹകരിക്കുന്നതിനും അവ വിജയിപ്പിക്കുന്നതിനും അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയ ചേരിതിരിവുകളും മറന്ന് എല്ലാവരും ഒരുമിച്ച് വരണമെന്ന് നാടിന്റെ നന്മയെക്കരുതി സ്നേഹപൂർവ്വം ആഹ്വാനം ചെയ്യുന്നു. ഒരുമിച്ചുയരുന്ന സ്വരത്തിന് ഫലമുണ്ടാകും.

ബഹുമാനപ്പെട്ട വൈദികർ ഇക്കാര്യങ്ങൾ വേണ്ടവിധം പഠിക്കുകയും കൃത്യമായ രീതിയിൽ ഇടവകജനത്തെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തെയും ബോദ്ധ്യപ്പെടുത്തുകയും ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യേണ്ടതാണ്. ഓരോ പ്രദേശത്തും നടക്കുന്ന പ്രതിഷേധ പരിപാടികളിൽ പരമാവധി ഇടവകജനത്തെയും മറ്റുള്ളവരെയും പങ്കെടുപ്പിക്കുന്നതിനും വേണ്ട നേതൃത്വം കൊടുക്കുന്നതിനും ശ്രദ്ധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പോഴില്ലെങ്കിൽ പിന്നീട് ഒരിക്കലും നമുക്കവസരമുണ്ടാകില്ല എന്നത് ഓർത്തു കൊണ്ട് നമ്മുടെ പ്രതിഷേധത്തിന്റെ സ്വരം മന്ത്രിസഭക്കുള്ളിൽ വരെ അലയടിച്ചെത്താൻ നമ്മുടെ പരിശ്രമങ്ങൾ ഇടയാകട്ടെ. പ്രകൃതി സംരക്ഷണത്തിന്റെ പേരിൽ യഥാർത്ഥ പ്രകൃതി സംരക്ഷകരായ കർഷക ജനതയെ എന്നും പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണങ്ങൾക്ക് ഇവയ്ക്കെല്ലാമുപരി ബന്ധപ്പെട്ട അധികാരികൾ അങ്ങനെ അറുതിയുണ്ടാകട്ടെ. പ്രതിസന്ധിയിൽ ജനങ്ങൾക്ക് ഈ സംരക്ഷണവും നീതിയും ലഭിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിനു വേണ്ടി നമ്മുടെ കർത്താവായ ദൈവത്തോട് തീക്ഷ്ണമായി പ്രാർത്ഥിക്കുകയും ചെയ്യാം.

പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും അവയിൽ പങ്കെടുക്കുന്നവർക്കും മുൻകൂട്ടി നന്ദി പറയുന്നു. കർത്താവിന്റെ കൃപ നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ.

യേശുവിൽ..
ബിഷപ് ജോസ് പൊരുന്നേടം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group