വാട്‌സ് ആപ്പ് അക്കൗണ്ടുകൾ പൂട്ടിച്ച് നിർമ്മിത ബുദ്ധി

തിരുവനന്തപുരം: നിർമ്മിതബുദ്ധി (എ.ഐ) ഉപയോഗിച്ച്‌ സ്പാം കണ്ടെത്താൻ വാട്സ് ആപ്പ് ശ്രമിക്കുന്നതോടെ കേരളത്തിലടക്കമുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ വ്യാപകമായി പൂട്ടിപ്പോകുന്നു.

സൈബർ സുരക്ഷ ശക്തമാക്കാൻ വാട്സ് ആപ്പ് പ്രൈവസി പോളിസി കടുപ്പിച്ചിരുന്നു. അനാവശ്യ ലിങ്കുകള്‍, വിവാദ പോസ്റ്ററുകള്‍, ട്രോളുകള്‍ എന്നിവ പങ്കുവയ്ക്കുന്നവ‌രെ മുൻപ് മറ്റാരെങ്കിലും റിപ്പോർട്ട് ചെയ്യുമ്ബോഴാണ് വാട്സ് ആപ്പ് കണ്ടെത്തിയിരുന്നത്. എ.ഐ ഫില്‍റ്ററിംഗ് വന്നതോടെ ഉള്ളടക്കത്തില്‍ ചെറിയ അസ്വാഭാവികത തോന്നിയാല്‍ പോലും പേജ് ബ്ലോക്കാക്കും.

ഔദ്യോഗിക രേഖകളടക്കം വാട്സ് ആപ്പിലൂടെ കൈമാറുന്നവർ സൂക്ഷിക്കണമെന്ന് സൈബർ വിദഗ്ദ്ധർ പറയുന്നു. ‘സ്പാം കാരണം ഈ നമ്ബറിലുള്ള അക്കൗണ്ടിന് ഇനി വാട്സ് ആപ്പ് ഉപയോഗിക്കാനാവില്ല’ എന്ന സ്ക്രീനാകും പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കാനോ ഫയലുകള്‍ തുറക്കാനോ സാധിക്കില്ല. തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളിലുള്ളവരുടെ അക്കൗണ്ടുകളും പൂട്ടും. നിരവധി ഗ്രൂപ്പുകളില്‍ അംഗമായവർ, ഒരേ സന്ദേശം ഒരുപാട് പേർക്ക് പങ്കുവയ്ക്കുന്നവർ (ബള്‍ക്ക് മെസേജിംഗ്), സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നവർ എന്നിവർക്കും പൂട്ടുവീഴും. അക്കൗണ്ട് തിരികെ ലഭിച്ചില്ലെങ്കില്‍ പുതിയ നമ്ബറില്‍ വാട്സ് ആപ്പ് തുടങ്ങേണ്ടി വന്നേക്കും.

നിരീക്ഷണം കാര്യക്ഷമമല്ല :

റിപ്പോർട്ട് ചെയ്യാൻ ഉന്നയിച്ച കാരണം ശരിയാണോയെന്ന് പോലും നിരീക്ഷിക്കാതെയാണ് വാട്സ് ആപ്പ് നടപടിയെടുക്കുന്നതെന്ന് ആരോപണമുണ്ട്. ചില തമാശ വാക്കുകള്‍ പോലും അക്കൗണ്ട് പൂട്ടാൻ കാരണമായി എ.ഐ ഉന്നയിക്കും.

ശ്രദ്ധിക്കാൻ :

1.അപരിചിതരുടെ കോണ്‍ടാക്ടുകള്‍ സേവ് ചെയ്യരുത്

2.അനാവശ്യ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്

3.ഉറപ്പില്ലാത്ത ചിത്രങ്ങള്‍,വാർത്തകള്‍, വീഡിയോകള്‍ എന്നിവ പങ്കുവയ്ക്കരുത്

4.വർഗീയതയും സൈബർ ആക്രമണങ്ങളും നടത്തുന്ന ഗ്രൂപ്പുകളില്‍ ചേരരുത്.

അക്കൗണ്ട് പോയാല്‍ :

1.വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാള്‍ ചെയ്യുക

2.കസ്റ്റമ‌ർ സപ്പോർട്ട് വെബ്സൈറ്റില്‍ ‘കോണ്‍ടാക്‌ട് അസ്’ ഐക്കണ്‍ ഞെക്കുക

3.ഫോണ്‍ നമ്ബർ, മെയില്‍ ഐഡി, പ്രശ്നം എന്നിവ സഹിതം വാട്സ് ആപ്പിന് സന്ദേശം അയക്കുക

4.എഴുപതുശതമാനം പേർക്കും 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കുമെന്നാണ് വാട്സ് ആപ്പിന്റെ വാഗ്ദാനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m