ക്രൈസ്തവ വിശ്വാസത്തെ പ്രഘോഷിച്ചു കൊണ്ട് ആദ്യത്തെ പൊതു അഭിസംബോധന നടത്തി ചാള്‍സ് രാജാവ്

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും, തന്റെ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചും എടുത്ത് പറഞ്ഞു കൊണ്ട് ചാള്‍സ് മൂന്നാമന്‍ രാജാവ് രാഷ്ട്രത്തെ പൊതു അഭിസംബോധന ചെയ്തു.

പൊതു അഭിസംബോധനയോടനുബന്ധിച്ച് സെന്റ്‌ പോള്‍ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെ രണ്ടായിരം പേര്‍ പങ്കെടുത്തു. തന്റെ ക്രിസ്തു വിശ്വാസം മറ്റുള്ളവരോട് തനിക്കുള്ള കടമകളെ കുറിച്ചുള്ള ഒരു ബോധ്യം നല്‍കിയെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആഴത്തില്‍ വേരൂന്നിയതാണ് തന്റെ വിശ്വാസമെന്നും ചാള്‍സ് മൂന്നാമന്‍ കൂട്ടിച്ചേര്‍ത്തു.

രാജവാഴ്ചയുടെയും, രാജാവിന്റെയും പ്രത്യേക ഉത്തരവാദിത്വവും കടമകളും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, തന്റെ ക്രിസ്തു വിശ്വാസം തന്റെ കടമകള്‍ നിറവേറ്റുവാനും രാഷ്ട്രത്തിന്റെ പാരമ്പര്യത്തേയും സ്വാതന്ത്ര്യത്തേയും ബഹുമാനിക്കുവാനും തനിക്ക് പ്രചോദനം നല്‍കിയെന്നും ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. 70 വര്‍ഷക്കാലം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന ശേഷം സമീപ ദിവസം അന്തരിച്ച തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് നന്ദി അര്‍പ്പിക്കുവാനും രാജാവ് മറന്നില്ല. പാരമ്പര്യത്തോടുള്ള സ്നേഹവും, ഒരു മഹത്തായ രാഷ്ട്രത്തിന്റെ പുരോഗതിയും തന്റെ അമ്മയുടെ സേവനത്തില്‍ താന്‍ കണ്ടുവെന്ന് ചാള്‍സ് മൂന്നാമന്‍ അനുസ്മരിച്ചു.

യുകെ ജനതയെയും, കോമണ്‍വെല്‍ത്തിനേയും വിശ്വസ്തതയോടും ബഹുമാനത്തോടും കൂടി സേവിക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‍ പറഞ്ഞ ചാള്‍സ് മൂന്നാമന്‍, അന്തരിച്ച തന്റെ പിതാവ് ഫിലിപ്പ് രാജകുമാരനോടുള്ള ആദരവും പ്രകടിപ്പിച്ചു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group