ക്വാലാലംപൂർ: മലേഷ്യയിലെ ആദ്യത്തെ കർദിനാൾ ആന്റണി സോട്ടർ ഫെർണാണ്ടസ് 88 ആം വയസ്സിൽ ക്വാലാലംപൂരിലെ ‘ചേരസ്’ പട്ടണത്തിലുള്ള ‘ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി പൂവറി’ന്റെ ഹൌസിൽ വച്ച് ഒക്ടോബർ 28 ന് അന്തരിച്ചു. 1983 മുതൽ 2003 വരെ ക്വാലാലംപൂരിലെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ച ഫെർണാണ്ടസിന്, കഴിഞ്ഞ വർഷം നവംബറിൽ നാവിൽ അർബുദം കണ്ടെത്തിയതിനെത്തുടർന്ന് ഒരു വർഷത്തോളമായി ചികിൽത്സയിലായിരുന്നു. 2016 നവംബർ 19ന് ‘റെഡ് ഹാറ്റ്’ ലഭിച്ച അദ്ദേഹം, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ കർദിനാൾ ആയി. ഒക്ടോബർ 30-31 തീയതികളിലായി തലസ്ഥാനമായ ക്വാലാലംപൂരിലെ സെന്റ് ജോൺസ് കത്തീഡ്രലിൽ കർദിനാളിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് അതിരൂപത അറിയിച്ചു. പക്ഷേ കൊറോണ വൈറസ് നിയന്ത്രണങ്ങൾ കാരണം പൊതുജനങ്ങൾക്ക് കത്തീഡ്രലിൽ പ്രവേശനമില്ല. അതിരൂപതയുടെ യൂട്യൂബ് ചാനലിൽ ശവസംസ്കാര ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യും.മുസ്ലിം ഭൂരുപക്ഷ രാജ്യമായ മലേഷ്യയുടെ ജനസംഖ്യ ഏകദേശം 33 ദശലക്ഷത്തോളം വരും. അതിൽ ഏകദേശം മൂന്ന് ദശലക്ഷത്തിലധികം (10%) കത്തോലിക്കരുണ്ട്
കെഡയിലെ ‘ക്വാല മുഡ’ ജില്ലയിലെ ‘സുങ്കൈ പെറ്റാനി’ എന്ന പട്ടണത്തിലാണ് 1932 ഏപ്രിൽ 22 ന് ഫെർണാണ്ടസ് ജനിച്ചത്. രണ്ടാം ലോക മഹായുദ്ധം നിമിത്തം അദ്ദേഹത്തിന് തന്റെ വിദ്യാഭ്യാസം പൂർത്തീകരിക്കാനായില്ല. 1946 ൽ പിതാവിന്റെ മരണത്തെത്തുടർന്ന്, അമ്മയെയും ഇളയ സഹോദരനെയും സഹായിക്കാൻ ജോലി ചെയ്യാൻ അദ്ദേഹം നിർബന്ധിതനായി. 1947 മുതൽ 1954വരെ ഒരു ആശുപത്രിയിൽ സഹായിയായി സേവനമനുഷ്ഠിച്ചു. പിന്നീട് വൈദിക പഠനത്തിനായി സെമിനാരിയിൽ ചേർന്ന അദ്ദേഹം, 1966 ഡിസംബർ 10 ന് പെനാങ്ങിലെ കത്തീഡ്രൽ ഓഫ് അസംപ്ഷനിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. വൈദികനായി തന്റെ സേവനം തുടരുന്നതിനിടയിൽ 1977 സെപ്റ്റംബർ 29 ന് അദ്ദേഹത്തെ പെനാങിലെ ബിഷപ്പായി നിയമിച്ചു. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1983 ജൂലൈ 30 ന് ക്വാലാലംപൂരിലെ രണ്ടാമത്തെ ആർച്ച് ബിഷപ്പായി ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. 2003 മെയ് 24ന് 71 വയസ്സുള്ളപ്പോൾ അനാരോഗ്യത്തെത്തുടർന്ന് അദ്ദേഹം തൽസ്ഥാനം രാജിവെച്ചു.
ക്വാലാലംപൂർ അതിരൂപത തയ്യാറാക്കിയ മരണക്കുറിപ്പിൽ ഇപ്രകാരം രേഖപ്പെടുത്തി. “പ്രാദേശിക പള്ളികളിൽ ദേശീയ ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ കർദിനാൾ ആന്റണി സോട്ടർ ഫെർണാണ്ടസ് മുന്നിട്ട് നിന്നു. അത്തരം ആശയങ്ങളുടെ ആദ്യകാല വഴികാട്ടിയയായിരുന്നു അദ്ദേഹം, തന്റെ കർമ്മ മേഖലകയിൽ മികവ് പുലർത്തി”. അതുപോലെ തന്നെ രണ്ടാംവത്തിക്കാൻ കൗൺസിലിന് ശേഷമുള്ള ആശയങ്ങളോട് വിശ്വസ്തത പുലർത്തണമെങ്കിൽ പ്രാദേശിക ഭാഷയിലും സംസ്കാരത്തിലും സഭ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ, പെനാങിലെ ബിഷപ്പായി നിയമിതനായപ്പോൾ, മലേഷ്യയെ തന്റെ എപ്പിസ്കോപ്പൽ മുദ്രാവാക്യമായ ‘കീഡിലാൻ ഡാൻ കീമാനൻ’ (നീതിയും സമാധാനവും) ഉപയോഗിച്ച ആദ്യത്തെ ബിഷപ്പായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളുടെ പോരാളിയും, ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി വാദിക്കുന്നയാളായും അറിയപ്പെടുന്ന അദ്ദേഹം ദേശീയ വികസനത്തിനായുള്ള ദേശീയ കാര്യാലയത്തിന് (എൻ.എ.എച്ച്.ഡി ) കീഴിൽ സാമൂഹ്യനീതി പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 1987 ൽ ഓപ്പറേഷൻ ലല്ലാങിൽ നിരവധി ക്രിസ്തീയ സംഘടനാ പ്രവർത്തകരെയും സന്നദ്ധപ്രവർത്തകരെയും സർക്കാർ തടങ്കലിലാക്കി. നിയമങ്ങൾക്കനുസൃതമായി വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കുന്നതിനെതിരെ ധീരവും പരസ്യവുമായി വിമർശിക്കുകയും, അതോടൊപ്പം അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നതിലൂടെ കർദിനാൾ ആന്റണി സോട്ടർ ഫെർണാണ്ടസ് പ്രസിദ്ധിയും ജനസമ്മതിയും നേടി.