പ്രസംഗംകൊണ്ടല്ല, ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കണം: മാർ ആലഞ്ചേരി

പ്രസ്റ്റൺ: സ്വന്തം ജീവിതത്തിലൂടെ സുവിശേഷം പ്രഘോഷിക്കണമെന്നും സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്താത്തതൊന്നും മറ്റുള്ളവർക്ക് സ്വീകാര്യമാവില്ലെന്നും ഉദ്‌ബോധിപ്പിച്ച് സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രസംഗത്തേക്കാൾ സുവിശേഷം പ്രാവർത്തികമാക്കുന്ന ജീവിതങ്ങളാണ് മറ്റുള്ളവരെ ആകർഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഓൺലൈനിൽ സംഘടിപ്പിച്ച സുവിശേഷവത്ക്കരണ മഹാസംഗമം ‘സുവിശേഷത്തിന്റെ ആനന്ദം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതസാക്ഷ്യങ്ങളിൽ കൂടി ഹൃദയങ്ങളെ സ്പർശിച്ചാൽ മാത്രമേ സുവിശേഷത്തിന്റെ ആനന്ദം അനുഭവവേദ്യമാകൂ. അതിനാൽ, സ്വന്തം ജീവിതം കൊണ്ടാവണം കർത്താവിനെ പ്രഘോഷിക്കേണ്ടത്. സുവിശേഷം മറ്റുള്ളവരെ ബോധ്യപ്പെടുത്തുമ്പോഴാണ് അത് ആനന്ദാനുഭവമായി മാറുന്നത്.
മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ദൗത്യം മറ്റുള്ളവരിലേക്ക് പകരാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ഉദാരമായി നൽകുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നത്. ശിഷ്യപ്പെടുത്തുക എന്ന പ്രബോധനമാണ് സുവിശേഷത്തിന്റെ ഈ പങ്കുവെക്കലിലൂടെ വിശ്വാസികൾ ചെയ്യുന്നത്. ആരെയും നിർബന്ധിച്ചോ പ്രേരിപ്പിച്ചോ സ്വാധീനിച്ചോ അല്ല, മറിച്ച് സുവിശേഷത്തിന്റെ ആനന്ദത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ് ശിഷ്യപ്പെടുത്തുക എന്നതിന്റെ അർത്ഥമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. സന്തോഷത്തിന്റെ വാർത്തയായ സുവിശേഷം വെളിപാടായാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. പാപികളുടെ മാനസാന്തരത്തിലൂടെയാണ് സ്വർഗം ആനന്ദിക്കുന്നത്. ഈ ആനന്ദം അനുഭവിക്കാൻ നാം തയാറാകണം. കരുണയുടെയും സ്‌നേഹത്തിന്റെയും സദ്വാർത്ത സ്വീകരിക്കുന്നവരാകണം എല്ലാവരും. ഈ നോമ്പുകാലത്ത് രൂപതയിലെ സുവിശേഷവത്ക്കരണ പദ്ധതികൾ ഊർജിതമാക്കാൻ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഓൺലൈനിൽ ക്രമീകരിച്ച മഹാസംഗമത്തിൽ കേരളസഭയിൽനിന്നുള്ള പ്രമുഖരായ 19 വചനപ്രഘോഷകർ വചനം പങ്കുവെച്ചതും ശ്രദ്ധേയമായി. ഫാ. ജോർജ് പനയ്ക്കൽ വി.സി., ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ഡൊമനിക് വാളന്മനാൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ. മാത്യു വയലാമണ്ണിൽ സി.എസ്.ടി., സിസ്റ്റർ ആൻ മരിയ എസ്.എച്ച്., ഷെവലിയർ ബെന്നി പുന്നത്തറ, തോമസ് പോൾ, സാബു ആറുതൊട്ടി, ഡോ. ജോൺ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യൻ താന്നിക്കൽ, റെജി കൊട്ടാരം, സന്തോഷ് ടി., സജിത്ത് ജോസഫ്, ജോസഫ് സ്റ്റാൻലി, പ്രിൻസ് വിതയത്തിൽ, പ്രിൻസ് സെബാസ്റ്റ്യൻ എന്നിവരാണ് പ്രഭാഷണം നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group