ദൈവം തിരുസഭയുടെ കേന്ദ്രമാകുന്നില്ലെങ്കില്‍ സഭ മരണത്തിന്റെ വക്കില്‍: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ….

റോം: ദൈവം തിരുസഭയുടെ കേന്ദ്രമാകുന്നില്ലെങ്കില്‍, സഭ മരണത്തിന്റെ വക്കിലാണെന്ന മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാക്രമ തിരുസംഘത്തിന്‍റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. തിരുസംഘത്തിന്റെ അധ്യക്ഷ പദവിയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ സാറയുടെ രാജി ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച ശേഷം ആദ്യമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയത്. സഭ ഒരു ഭരണവിഭാഗമോ, മാനുഷിക സ്ഥാപനമോ അല്ലെന്നും ക്രിസ്തുവിന്റെ സാന്നിധ്യം നിഗൂഢമായി ഭൂമിയിലെത്തിക്കുന്നത് സഭയാണെന്നും വ്യക്തമായും, സ്വതന്ത്രമായും യേശുവിലുള്ള വിശ്വസ്തതയോടും കൂടി കാര്യങ്ങള്‍ തുറന്നു പറയുന്നവരേയാണ് സഭയ്ക്കാവശ്യമെന്നും തന്റെ ഈ ദൗത്യം താനിയും തുടരുമെന്നും ഇറ്റാലിയന്‍ വാര്‍ത്താ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു.

ആളുകളെ ദൈവത്തോടടുപ്പിക്കുന്നതിനും, ദൈവത്തെ ആളുകളോടടുപ്പിക്കുന്നതിനുമാണ് സഭ നിലകൊള്ളുന്നതെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍ ദൈവത്തെ ആരാധിക്കുകയും, ദൈവീക മഹത്വം ആളുകളില്‍ എത്തിക്കുകയുമാണ്‌ ആരാധനാക്രമത്തിന്റെ ഉത്തരവാദിത്വമെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ രാജി സ്വീകരിക്കുമെന്ന ഫ്രാന്‍സിസ് പാപ്പയുടെ അറിയിപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് ആ തീരുമാനത്തില്‍ തനിക്ക് സന്തോഷവും, നന്ദിയും ഉണ്ടെന്നായിരുന്നു തന്റെ പ്രതികരണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തെ ജീവിതത്തിനിടയില്‍ മൂന്നു പാപ്പമാരെ സേവിക്കുവാനുള്ള ഭാഗ്യം ലഭിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്, താനും പാപ്പയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാധ്യമങ്ങളുടെ ഭാവനയാണെന്നും, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ എതിര്‍ക്കുന്നവനാണ് താനെന്ന വിമര്‍ശനങ്ങള്‍ തെറ്റാണെന്നും ചൂണ്ടിക്കാട്ടി. വിരമിച്ച സാഹചര്യത്തില്‍ താന്‍ തന്റെ എഴുത്തും, യാത്രയും, പ്രസംഗങ്ങളും തുടരുമെന്ന്‍ പറഞ്ഞ കര്‍ദ്ദിനാള്‍ പ്രാര്‍ത്ഥിക്കുവാന്‍ കൂടുതല്‍ സമയം കിട്ടിയതിലെ സന്തോഷവും അഭിമുഖത്തില്‍ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group